Site iconSite icon Janayugom Online

നൊബേല്‍ ലഭിക്കാത്തിനാല്‍ സമാധാനത്തെക്കുറിച്ച് ചിന്തിക്കേണ്ട ബാധ്യതയില്ല: ട്രംപ്

സമാധാന നൊബേല്‍ ലഭിക്കാത്തതിലുള്ള നിരാശയിലാണ് ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ന്യായീകരണം. നോർവീജിയൻ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോറിന് അയച്ച കത്തിലാണ് ട്രംപ് നിരാശ പ്രകടമാക്കിയത്. പുരസ്കാരം നിഷേധിക്കപ്പെട്ടതോടെ ആഗോള വിഷയങ്ങളിലുള്ള സമീപനത്തില്‍ മാറ്റം വരുത്തിയതായി ട്രംപ് കത്തില്‍ പറയുന്നു. എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചിട്ടും നൊബേല്‍ സമ്മാനം നല്‍കേണ്ടന്ന് തീരുമാനിച്ചത് കണക്കിലെടുക്കുമ്പോള്‍ സമാധാനത്തെക്കുറിച്ച് ചിന്തിക്കേണ്ട ബാധ്യത തനിക്കില്ലെന്നും ട്രംപ് പറഞ്ഞു. അമേരിക്കൻ ഐക്യനാടുകൾക്ക് നല്ലതും ഉചിതവുമായത് എന്താണെന്ന പൂര്‍ണ ബോധ്യം ഇപ്പോഴുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗ്രീൻലാൻഡിലെ അമേരിക്കൻ അധിനിവേശത്തെ ന്യായീകരിക്കാന്‍ നൊബേല്‍ സമ്മാനം നല്‍കിയില്ലെന്ന് വിചിത്രവാദമാണ് ട്രംപ് ഉപയോഗിക്കുന്നത്. റഷ്യയിൽ നിന്നോ ചൈനയിൽ നിന്നോ ഡെൻമാർക്കിന് ദ്വീപിനെ പ്രതിരോധിക്കാൻ കഴിയില്ലെന്ന് വാദിച്ചുകൊണ്ട് ട്രംപ് കോപ്പൻഹേഗന്റെ പരമാധികാരത്തെയും ചോദ്യം ചെയ്തു. ആ ഭൂമി റഷ്യയിൽ നിന്നോ ചൈനയിൽ നിന്നോ സംരക്ഷിക്കാൻ ഡെൻമാർക്കിന് കഴിയില്ല, എന്നിട്ടും അവർക്ക് ഉടമസ്ഥാവകാശം എന്തിനാണ്? എഴുതപ്പെട്ട രേഖകളൊന്നുമില്ല, നൂറുകണക്കിന് വർഷങ്ങൾക്ക് മുമ്പ് ഒരു ബോട്ട് അവിടെ വന്നിറങ്ങിയിരുന്നു എന്ന് മാത്രം, പക്ഷേ ഞങ്ങളുടെ ബോട്ടുകളും അവിടെ വന്നിറങ്ങിയിരുന്നു,” എന്നാണ് ട്രംപ് പറഞ്ഞത്. 

അതേസമയം, നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി എന്ന സ്വതന്ത്ര സമിതിയാണ് പുരസ്കാരം പ്രഖ്യാപിക്കുന്നതെന്നിരിക്കെ, നോര്‍വീജിയന്‍ പ്രധാനമന്ത്രിക്ക് ട്രംപ് കത്തിയെഴുതിയതെന്തിനാണെന്ന് വ്യക്തമല്ല. പുരസ്കാര നിര്‍ണയത്തിലോ പ്രഖ്യാപനത്തിലോ നോര്‍വീജിയന്‍ സര്‍ക്കാരിന് യാതൊരു പങ്കുമില്ല. ട്രംപിന്റെ സന്ദേശം ലഭിച്ചതായി പ്രധാനമന്ത്രി സ്ഥിരീകരിച്ചു. 10% തീരുവ വര്‍ധിപ്പിക്കാനുള്ള ട്രംപിന്റെ തീരുമാനത്തെ എതിർത്ത് ഫിൻലാൻഡ് പ്രസിഡന്റ് അലക്‌സാണ്ടർ സ്റ്റബ്ബുമായി ചേര്‍ന്നയച്ച കത്തിനുള്ള മറുപടിയായിരിക്കാം ട്രംപിന്റെ കത്തെന്നും സ്റ്റോര്‍ പറഞ്ഞു. 

Exit mobile version