നേർച്ചയും വഴിപാടുകളുമില്ലാത്ത ക്ഷേത്രമോ? കേൾക്കുമ്പോൾ അതിശയം തോന്നുമെങ്കിലും അങ്ങനെ ഒരു ക്ഷേത്രമുണ്ട്. ഗുരു നിത്യ ചൈതന്യ യതി നേരിട്ട് പ്രതിഷ്ഠ നടത്തിയ കോന്നി വകയാർ മ്ലാനതടത്തിലെ ശാരദ ക്ഷേത്രമാണ് എന്തുകൊണ്ടും വേറിട്ട അനുഭവം നൽകുന്നത്.
കോന്നി ആരുവാപ്പുലം പഞ്ചായത്തിലെ ഒൻപതാം വാർഡിലാണ് 1999ൽ ഗുരു നിത്യ ചൈതന്യ യതി നേരിട്ട് ശാരദ പ്രതിഷ്ഠ നടത്തിയത്. ഗുരു നിത്യ ചൈതന്യ യതിയുടെ ജന്മഗൃഹത്തിന് സമീപത്ത് തന്നെയാണ് ശ്രീനാരായണ ഗുരുവിന്റെ ശിവഗിരി മാതൃകയിലുള്ള ക്ഷേത്രവും നിലകൊളുന്നത്. മറ്റുള്ള ക്ഷേത്രങ്ങളിൽ നിന്നും വത്യസ്തമാണ് ഇവിടുത്തെ രീതികൾ. പ്രകൃതി രമണീയമായ അന്തരീക്ഷത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് നിന്ന് കിഴക്ക് ഭാഗത്തേക്ക് കടന്നു ചെല്ലുമ്പോൾ ആദ്യം ദർശിക്കാൻ കഴിയുന്നത് ശ്രീനാരായണ ഗുരുദേവന്റെ പ്രതിഷ്ഠ. സമീപത്തായി ഗുരു നിത്യ ചൈതന്യ യതിയുടെ സ്മാരകവുമാണ് ദർശിക്കാൻ. ഗുരുദേവ പ്രതിഷ്ടക്ക് അഭിമുഖമായാണ് ശാരദ പ്രതിഷ്ഠ ഉള്ളത്.
ശാരദ പ്രതിഷ്ടയുടെ ചുവരുകളിൽ കാണുന്ന ഒരു ബോർഡ് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത. ഈ ക്ഷേത്രത്തിൽ വഴിപാടുകളോ നേർച്ചകളോ സ്വീകരിക്കുന്നില്ലെന്ന ബോർഡ് ഇവിടെ എത്തുന്നവർ അത്ഭുതത്തോടെയാണ് കാണുന്നത്. കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും കടന്നു ചെല്ലുമ്പോൾ ആദ്യം കാണുന്നത് വഴിപാടുകളുടെ പേര് വിവരങ്ങളും നിരക്കുകളും ആണെന്നിരിക്കെ അതിൽ നിന്നും തികച്ചും വത്യസ്തമാണ് മ്ലാനതടത്തിലെ ശാരദ ക്ഷേത്രം. ഇരുപതിനാല് കഴുക്കോലുകൾ ഒറ്റമോന്തായത്തിൽ സ്ഥാപിച്ചിരിക്കുന്നതാണ് ശ്രീകോവിൽ. ശ്രീകോവിലിനു മുന്നിൽ കൽവിളക്കും സ്ഥാപിച്ചിട്ടുണ്ട്. ശ്രീനാരായണ ഭക്തരും ഗുരുനിത്യ ചൈതന്യ യതിയുടെ ശിഷ്യ ഗണങ്ങളുമാണ് ഇവിടെ എത്തുന്നവരിൽ ഏറെയും.
English Summary: No offerings or vows are accepted: Devotees are shocked to see the board in the temple
You may like this video also