Site iconSite icon Janayugom Online

20 കോടി അടിച്ച ഭാഗ്യശാലിയെ ആരും അറിയില്ല; സത്യൻ ബാങ്കിലെത്തി വ്യക്തി വിവരങ്ങൾ പുറത്തുവിടരുതെന്ന് പറഞ്ഞതായി സൂചന

ക്രിസ്തുമസ് , ന്യൂ ഇയർ ബംപർ 20 കോടി അടിച്ച ഭാഗ്യശാലിയെ ആരും അറിയില്ല . കേരളമൊന്നാകെ ഭാഗ്യശാലിയെ തേടുമ്പോഴാണ് കണ്ണൂർ സ്വദേശി സത്യൻ തന്റെ വിവരങ്ങൾ പുറത്തുവിടരുതെന്ന് ഇരിട്ടി ഫെ‍ഡറൽ ബാങ്ക് ശാഖയിലെത്തി അറിയിച്ചത് . ബാങ്കിൽ ഇയാൾ ലോട്ടറിയും ഏൽപ്പിച്ചിട്ടുണ്ട് . മുത്തു ലോട്ടറി ഏജന്‍സിയില്‍ നിന്നു വിറ്റ XD 387132 നമ്പര്‍ ടിക്കറ്റിനാണു ബംപര്‍ സമ്മാനം അടിച്ചത്. 10 ടിക്കറ്റുകളുടെ ഒരു ബുക്ക് ആണ് സത്യന്‍ എന്നായാള്‍ വാങ്ങിയതെന്നും ലോട്ടറി ജീവനക്കാര്‍ പറഞ്ഞിരുന്നു. ഇതോടെയാണ് സത്യനാണു ബംപര്‍ ഭാഗ്യശാലിയെന്നു ആളുകള്‍ ഉറപ്പിക്കാന്‍ കാരണം. 

ഇതോടെ ഇരിട്ടിയിലും പരിസരത്തും ഉള്ള സത്യന്മാരെത്തേടി മാധ്യമപ്രവര്‍ത്തകരുള്‍പ്പടെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ചക്കരക്കല്ലിലെ മേലേവീട്ടില്‍ എംവി അനീഷാണു മുത്തു ലോട്ടറി ഏജന്‍സി ഉടമ. ചക്കരക്കല്‍, ഇരിട്ടി, മട്ടന്നൂര്‍, ചാലോട് ടൗണുകളിലായി 6 ലോട്ടറി വില്പനകേന്ദ്രങ്ങള്‍ ഉണ്ട്. ഒരു കോടി രൂപ വരെയുള്ള സമ്മാനങ്ങള്‍ പല തവണ ലഭിച്ചിട്ടുണ്ടെങ്കിലും ബംപര്‍ സമ്മാനം ആദ്യമാണെന്നും എം വി അനീഷ് പറഞ്ഞു. ഇരിട്ടിയിലും ആദ്യമായാണു ഇത്ര വലിയ തുകയുടെ ബംപര്‍ സമ്മാനം അടിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.

Exit mobile version