Site icon Janayugom Online

കേന്ദ്രത്തിന്റെ അടിച്ചമര്‍ത്തല്‍ ഇങ്ങോട്ട് വേണ്ട; നിര്‍മല സീതാരാമനെതിരെ വിമര്‍ശനവുമായി തമിഴ്‌നാട് ധനമന്ത്രി

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെതിരെ വിമര്‍ശനവുമായി തമിഴ്‌നാട് മന്ത്രി. തങ്ങളെക്കാളും മോശം പ്രകടനം കാഴ്ചവെക്കുന്നവര്‍ ആജ്ഞാപിക്കേണ്ട കാര്യമില്ലെന്ന് തമിഴ്‌നാട് ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍ പറഞ്ഞു.പെട്രോളിന്റെയും ഡീസലിന്റെയും നികുതി വിഹിതം വെട്ടിക്കുറയ്ക്കാന്‍ നിര്‍മല സീതാരാമന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.

ഇന്ത്യയിലെ ഏത് സര്‍ക്കാരിനെക്കാളും മികച്ച സ്ഥിതിവിവരക്കണക്കാണ് ഞങ്ങള്‍ക്കുള്ളത്. റവന്യൂ കമ്മി 60,000 കോടി രൂപയില്‍ നിന്ന് 40,000 കോടിയിലേക്ക് കുറച്ചു. ഞങ്ങളുടെ ധനക്കമ്മി കേന്ദ്രസര്‍ക്കാരിന്റെ പകുതിയാണ്. പ്രതിശീര്‍ഷ വരുമാനം ദേശീയ ശരാശരിയുടെ ഇരട്ടിയാണ്.ദേശീയ പണപ്പെരുപ്പം എട്ട് ശതമാനമായിരിക്കുമ്പോള്‍ ഞങ്ങളുടെ പണപ്പെരുപ്പം അഞ്ച് ശതമാനം മാത്രമാണ്. എന്താണ് ചെയ്യുന്നതെന്ന് ഞങ്ങള്‍ക്കറിയാം. എന്തുചെയ്യണമെന്ന് ആരും പറയേണ്ട ആവശ്യമില്ല എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പളനിവേല്‍ ത്യാഗരാജന്‍ പറഞ്ഞു.

ഞങ്ങളെക്കാള്‍ മോശം പ്രകടനം നടത്തുന്നവര്‍ ഞങ്ങളോട് ആജ്ഞാപിക്കേണ്ട. അവര്‍ അഭ്യര്‍ത്ഥന നടത്തുകയല്ല ചെയ്യുന്നത്. ഡിമാന്‍ഡുകള്‍ മുന്നോട്ട് വെക്കുകയാണ്. ഭരണഘടന ഇതിന് അനുവദിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. തങ്ങളുടെ പരിധിയില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് അവരുടെ സ്വന്തം ധനകാര്യം കൈകാര്യം ചെയ്യാന്‍ കഴിയും, അദ്ദേഹം പറഞ്ഞു.

സംസ്ഥാനങ്ങളോട് ചോദിക്കാതെ 2014 മുതല്‍ നികുതി കൂട്ടിയിരുന്ന കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ കുറയ്ക്കുമ്പോള്‍ സംസ്ഥാനങ്ങളോട് കുറയ്ക്കണമെന്ന് നിര്‍ദേശിക്കുന്നത് ഫെഡറലിസമാണോയെന്ന് പളനിവേല്‍ ത്യാഗരാജന്‍ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ കുറിച്ചിരുന്നു.മെയ് 22നായിരുന്നു രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറക്കുന്നതായി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചത്. പെട്രോളിന് 9.5 രൂപയും ഡീസലിന് ഏഴ് രൂപയുമാണ് കുറച്ചത്.

Eng­lish Summary:No order from the Cen­ter; Tamil Nadu Finance Min­is­ter crit­i­cizes Nir­mala Sitharaman

You may also like this video:

Exit mobile version