സാമാജികരുടെ അഴിമതിയും കൈക്കൂലിയും പാര്‍ലമെന്റിന്റെ പ്രത്യേക അവകാശങ്ങളില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് സുപ്രീം കോടതി. പണംപറ്റി സഭയില്‍ ചോദ്യങ്ങള്‍ ചോദിക്കാനും വോട്ടെടുപ്പില്‍ പക്ഷപാതം കാണിക്കാനും അംഗങ്ങള്‍ തയ്യാറായാല്‍ സഭയുടെ പ്രത്യേക അധികാരങ്ങളുടെ പരിരക്ഷയ്ക്ക് അപ്പുറം അവര്‍ വിചാരണ നേരിടണമെന്നും പരമോന്നത നീതിപീഠം. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ഭരണഘടനാ ബെഞ്ചാണ് നിര്‍ണായക വിധി പുറപ്പെടുവിച്ചത്.
പാര്‍ലമെന്റിലും നിയമസഭകളിലും വോട്ടിന് കോഴ, സഭകളില്‍ ചോദ്യം ചോദിക്കാന്‍ കൈക്കൂലി ഉള്‍പ്പെടെ നിയമ നിര്‍മ്മാണ സഭകള്‍ക്കുള്ളില്‍ ജനപ്രതിനിധികള്‍ നടത്തുന്ന അഴിമതികള്‍ വിചാരണ നടപടികള്‍ക്ക് വിധേയമാണ്. രാഷ്ട്രപതി-രാജ്യസഭാ തെരഞ്ഞെടുപ്പുകളില്‍ കൈക്കൂലി വാങ്ങി വോട്ടു ചെയ്യുന്നവര്‍ക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യാം. നിയമ നിര്‍മ്മാണ സഭകളിലെ അംഗങ്ങളുടെ കൈക്കൂലിയും അഴിമതിയും ഇന്ത്യയുടെ പാര്‍ലമെന്ററി ജനാധിപത്യ നിലപാടിനെ അട്ടിമറിക്കുന്നതാണ്. ഇന്ത്യന്‍ ഭരണഘടനയുടെ തത്വങ്ങള്‍ക്കും ഇത് വെല്ലുവിളിയാണെന്ന് ബെഞ്ച് വ്യക്തമാക്കി.
അവിശ്വാസം മറികടക്കാന്‍ പി വി നരംസിംഹറാവു ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) എംപിമാര്‍ക്ക് കോഴ നല്‍കിയെന്ന കേസിലെ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച 1998 ലെ വിധിയാണ് ഏഴംഗ ഭരണഘടനാ ബെഞ്ച് തിരുത്തിയത്. ഭരണഘടന അനുച്ഛേദം 105 (2), 194 (2) പ്രകാരം സാമാജികര്‍ക്ക് സഭയിലെ വോട്ടെടുപ്പിനോ പ്രസംഗത്തിനോ കൈക്കൂലി വാങ്ങിയാല്‍ വിചാരണ നേരിടേണ്ടതില്ലെന്ന് അഞ്ചംഗ ബെഞ്ച് മൂന്നംഗ ഭൂരിപക്ഷത്തില്‍ വിധിക്കുകയായിരുന്നു.
2012 ലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോഴ വാങ്ങി വോട്ടു ചെയ്തു എന്ന കേസില്‍ 1998 ലെ വിധിപ്രകാരം തന്നെ ഒഴിവാക്കണമെന്ന ആവശ്യവുമായി ഷിബു സൊരേന്റെ മരുമകള്‍ സീതാ സൊരേന്‍ ഹര്‍ജി സമര്‍പ്പിച്ചതോടെയാണ് വിഷയം വീണ്ടും കോടതിക്ക് മുന്നിലെത്തിയത്. ഝാര്‍ഖണ്ഡ് ഹൈക്കോടതി ഹര്‍ജി നിരസിച്ചതോടെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഈ കേസിന്റെ വാദംകേള്‍ക്കുന്നതിനിടെ 1998ലെ വിധി വീണ്ടും ചര്‍ച്ചയാകുകയും തീരുമാനം കൈക്കൊള്ളാന്‍ ഏഴംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കുകയുമായിരുന്നു.
You may also like this video