Site iconSite icon Janayugom Online

ഗുണനിലവാരമില്ല, ചൂട് അസഹ്യം; പാര്‍ലമെന്റിലെ താമര യുണിഫോം പിന്‍വലിച്ചു

parliamentparliament

ഗുണനിലവാരക്കുറവും രൂപകല്‍പ്പനയിലെ അശാസ്ത്രീയതയും പരിഗണിച്ച് പാര്‍ലമെന്റിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ധരിച്ചിരുന്ന താമര ചിഹ്നം പതിപ്പിച്ച യുണിഫോം പിന്‍വലിച്ചു. പരിഷ്കരിച്ച യുണിഫോം ദേഹത്തിന് അനുയോജ്യമല്ലെന്നും ശ്വാസം ലഭിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നതായും കാട്ടി നേരത്തെ നിരവധി പരാതികള്‍ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയിരുന്നു. കാര്‍ മൂടുന്നതിനും ലഗേജ് ബാഗ് നിര്‍മ്മാണത്തിനും ഉപയോഗിക്കുന്ന കട്ടികൂടിയ തുണിയാണ് യുണിഫോമായി ലഭിച്ചതെന്നും പരാതിയുര്‍ന്നിരുന്നു.

തലസ്ഥാനത്തെ ഉയര്‍ന്ന താപനിലയില്‍ ഇത്തരം യുണിഫോം ധരിച്ച് കൊണ്ട് മണിക്കൂറുകള്‍ ജോലി ചെയ്യുക എന്നുള്ളത് അസാധ്യമായ കാര്യമാണെന്ന് ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. തിങ്കളാഴ്ച പുതിയ യുണിഫോമാണ് ധരിച്ചത്. എന്നാല്‍ പിറ്റെദിവസം അത് ധരിക്കാന്‍ ആവില്ലെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരെ അറിയിച്ചു. എന്നാല്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്ന് അറിയിച്ചുവെങ്കിലും മറ്റ് ഉദ്യോഗസ്ഥര്‍ കൂടി ഇതേ ആവശ്യം ഉയര്‍ത്തി മുന്നോട് വന്നതോടെ അധികൃതര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയില്ലെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

മോഡി സര്‍ക്കാര്‍ പുതിയ പാര്‍ലമെന്റിലേയ്ക്ക് നടപടിക്രമങ്ങള്‍ മാറ്റിയശേഷമാണ് യുണിഫോം നിലവില്‍ വന്നത്. ഇന്നലെ മുതല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പഴയ നിറത്തിലുള്ള നീല സഫാരി സ്യൂട്ടിലേയ്ക്ക് മാറി. എന്നാല്‍ യുണിഫോം മാറ്റിയ കാര്യം സര്‍ക്കാര്‍ ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സുരക്ഷാ ഉദ്യോഗസ്ഥരുടെ യൂണിഫോം മാത്രമാണ് പിന്‍വലിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. 

പുതിയ പാര്‍ലമെന്റിലേയ്ക്ക് സഭാ നടപടികള്‍ മാറ്റിയ പശ്ചാത്തലത്തില്‍ സുരക്ഷാ ജീവനക്കാരുടെ അടക്കം യുണിഫോമില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സൈനികരുടെ വേഷവിധാനമാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് അനുവദിച്ചത്. പാര്‍ലമെന്റിന് ഉളളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ ക്രീം കളര്‍ മേല്‍വസ്ത്രവും ഷര്‍ട്ടും താമര പതിച്ച പാന്റും ധരിക്കണമെന്നായിരുന്നു ഉത്തരവ്. അറ്റന്‍ഡന്‍മാര്‍, ഡ്രൈവര്‍, മാര്‍ഷല്‍സ് എന്നിവര്‍ക്കും പുതിയ യുണിഫോമാക്കിയിരുന്നു. വര്‍ഷം തോറും 13,000 മുതല്‍ 20,000 രൂപ വരെ പാര്‍ലമെന്റ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് യുണിഫോം അലവന്‍സായി നല്‍കുന്നുണ്ട്.

Eng­lish Sum­ma­ry: No qual­i­ty; The lotus uni­form in Par­lia­ment has been withdrawn

You may also like this video

Exit mobile version