Site iconSite icon Janayugom Online

രസതന്ത്രത്തിനുള്ള നോബൽ പ്രോട്ടീൻ കണ്ടുപിടുത്തങ്ങൾക്ക്; ഡേവിഡ് ബേക്കർ, ഡെമിസ് ഹസാബിസ്, ജോൺ ജമ്പർ എന്നിവർ ജേതാക്കള്‍

nobelnobel

രസതന്ത്രമേഖലയിലെ സംഭാവനയ്ക്കുള്ള 2024ലെ നൊബേല്‍ പുരസ്കാരം മൂന്നുപേർ പങ്കിട്ടു. അമേരിക്കൻ ഗവേഷകനായ ഡേവിഡ് ബേക്കർ, യുകെ ഗവേഷകരായ ഡെമിസ് ഹസാബിസ്, ജോൺ എം ജംപർ എന്നിവരാണ് ബഹുമതിക്ക് അർഹരായത്. കമ്പ്യൂട്ടേഷണൽ പ്രോട്ടീൻ ഡിസൈനാണ് ഡേവിഡ് ബേക്കറെ പുരസ്കാരത്തിന് അർഹനാക്കിയത്. പ്രോട്ടീൻ ഘടന പ്രവചനമാണ് ഡെമിസ് ഹസാബിസിനെയും ജോൺ എം ജംപറിനെയും പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.

2024ലെ രസതന്ത്ര നൊബേൽ പുരസ്കാരം ജീവന്റെ തന്ത്രപ്രധാനമായ രാസ ഉപകരണങ്ങളായ പ്രോട്ടീനുകളുമായി ബന്ധപ്പെട്ടുള്ളതാണ്. പുതിയതരം പ്രോട്ടീനുകൾ നിർമ്മിക്കുകയെന്ന ഏതാണ്ട് അസാധ്യമായ നേട്ടത്തിൽ ഡേവിഡ് ബേക്കർ വിജയിച്ചു. പ്രോട്ടീനുകളുടെ സങ്കീർണ ഘടനകൾ പ്രവചിക്കുകയെന്ന 50 വർഷം പഴക്കമുള്ള പ്രശ്നം പരിഹരിക്കുന്നതിന് എഐ മോഡൽ വികസിപ്പിക്കുന്നതിൽ ഡെമിസ് ഹസാബിസും ജോൺ എം ജംപറും വിജയിച്ചു. ഈ കണ്ടുപിടിത്തങ്ങൾക്ക് വലിയ സാധ്യതകളുണ്ടെന്ന് നൊബേൽ കമ്മിറ്റി വിലയിരുത്തി.

പ്രോട്ടീനുകളിൽ സാധാരണയായി 20 വ്യത്യസ്ത അമിനോ ആസിഡുകൾ അടങ്ങിയിരിക്കുന്നു. അവയെ ജീവന്റെ നിർമ്മാണ ബ്ലോക്കുകൾ എന്ന് വിശേഷിപ്പിക്കാം. 2003ൽ ഡേവിഡ് ബേക്കർ ഈ ബ്ലോക്കുകൾ ഉപയോഗിച്ച് മറ്റേതൊരു പ്രോട്ടീനിൽ നിന്നും വ്യത്യസ്തമായ ഒരു പുതിയ പ്രോട്ടീൻ രൂപകല്പന ചെയ്യുന്നതിൽ വിജയിച്ചു. ഡെമിസ് ഹസാബിസും ജോൺ ജംപറും ചേർന്ന് 2020ൽ ആൽഫഫോൾഡ്2 എന്ന എഐ മോഡൽ അവതരിപ്പിച്ചു. അതിന്റെ സഹായത്തോടെ, 20 കോടി പ്രോട്ടീനുകളുടെ ഘടന പ്രവചിക്കാൻ അവർക്ക് കഴിഞ്ഞു. തുടന്ന് 190 രാജ്യങ്ങളിൽനിന്നുള്ള 20 ലക്ഷത്തിലധികം ആളുകൾ ആൽഫഫോൾഡ്2 ഉപയോഗിച്ചു. ഗവേഷകർക്ക് ഇപ്പോൾ ആന്റിബയോട്ടിക് പ്രതിരോധം നന്നായി മനസിലാക്കാനും പ്ലാസ്റ്റിക് വിഘടിപ്പിക്കാൻ കഴിയുന്ന എൻസൈമുകളുടെ ചിത്രങ്ങൾ സൃഷ്ടിക്കാനും കഴിയും.
മോംഗി ഗബ്രിയേല്‍ ബവേൻഡി, ലൂയിസ് ഇ ബ്രസ്, അലക്സി ഇവാനോവിച്ച് എന്നിവർക്കായിരുന്നു കഴിഞ്ഞവർഷത്തെ രസതന്ത്ര നൊബേല്‍. അർധചാലക നാനോ ക്രിസ്റ്റലുകളുടെ കണ്ടെത്തലിനും സമന്വയത്തിനുമായിരുന്നു അംഗീകാരം.

Exit mobile version