Site iconSite icon Janayugom Online

സാഹിത്യ നൊബേൽ; ഹംഗറിയുടെ ലാസ്ലോ ക്രാസ്നഹോർക്കൈക്ക് പുരസ്‌കാരം

2025ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം ഹംഗേറിയൻ എഴുത്തുകാരൻ ലാസ്ലോ ക്രാസ്നഹോർക്കൈക്ക്. മഹാദുരന്തങ്ങളെയും വംശനാശ ഭീഷണികളെയും നേരിടാൻ കലയെ ശക്തിപ്പെടുത്തുന്ന ശൈലിയിലുള്ള ദാർശനിക എഴുത്തിനാണ് അദ്ദേഹത്തിന് പുരസ്‌കാരം. കാഫ്ക മുതൽ തോമസ് ബെർണാർഡ് വരെ നീളുന്ന മധ്യ യൂറോപ്യൻ പാരമ്പര്യത്തിലെ ഒരു മികച്ച ഇതിഹാസ എഴുത്തുകാരനാണ് ക്രാസ്നഹോർക്കൈ.

വിചിത്രവും പ്രവചനാത്മകവുമായ പ്രമേയങ്ങളാണ് ക്രാസ്നഹോർക്കൈയുടെ രചനകളിലധികവും. മനുഷ്യനുമായി ഇഴചേർന്നുകിടക്കുന്ന രചനാശൈലിയും അദ്ദേഹത്തിൻ്റെ പ്രത്യേകതയാണ്. സമീപ വർഷങ്ങളിൽ അദ്ദേഹം നൊബേൽ സാധ്യതാ പട്ടികയിൽ സ്ഥിരമായി ഉണ്ടായിരുന്നെങ്കിലും പുരസ്‌കാരം ലഭിച്ചിരുന്നില്ല. ക്രാസ്നഹോർക്കൈയുടെ ഡിസ്റ്റോപ്പിയൻ ഫിക്ഷൻ മുൻപ് നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. വിവർത്തന സാഹിത്യത്തിനുള്ള ദേശീയ പുസ്തക അവാർഡ് (2019), മാൻ ബുക്കർ ഇന്റർനാഷണൽ പ്രൈസ് (2015) എന്നിവ ഇതിൽ ഉൾപ്പെടുന്നു. അദ്ദേഹത്തിൻ്റെ പ്രശസ്ത കൃതികളായ ‘സാറ്റാന്റാങ്കോ’, ‘ദി മെലാഞ്ചോളി ഓഫ് റെസിസ്റ്റൻസ്’ എന്നിവ ഫീച്ചർ ഫിലിമുകളായിട്ടുണ്ട്.

നോർവീജിയൻ വുഡ് എഴുത്തുകാരൻ ഹരുക്കി മുറകാമി, കനേഡിയൻ എഴുത്തുകാരി മാർഗരറ്റ് ആറ്റ്വുഡ്, ബ്രിട്ടീഷ്-അമേരിക്കൻ നോവലിസ്റ്റ് സൽമാൻ റുഷ്ദി, ചൈനീസ് പരീക്ഷണാത്മക എഴുത്തുകാരൻ കാൻ സൂ എന്നിവരും ഇത്തവണ നൊബേൽ സാധ്യതാ പട്ടികയിൽ ഉണ്ടായിരുന്നു. 2024ൽ ദക്ഷിണ കൊറിയൻ സാഹിത്യകാരി ഹാൻ കാങ്ങിനാണ് സാഹിത്യ നൊബേൽ ലഭിച്ചത്. ഹാൻ കാങ്ങിലൂടെ ആദ്യമായാണ് ദക്ഷിണകൊറിയയിലേക്ക് നൊബേൽ എത്തുന്നത്. 1901‑ൽ ഫ്രഞ്ച് കവി സള്ളി പ്രൂഡോം ആണ് ആദ്യ പുരസ്‌കാര ജേതാവ്. 1909‑ൽ സ്വീഡന്റെ സെൽമ ലാഗർലോഫ് ഈ പുരസ്‌കാരം നേടിയ ആദ്യ വനിതയായി. 124 വർഷത്തെ ചരിത്രത്തിൽ 18 സ്ത്രീകൾക്ക് മാത്രമാണ് സാഹിത്യ നൊബേൽ ലഭിച്ചിട്ടുള്ളത്. ഏറ്റവും കൂടുതൽ പുരസ്കാര ജേതാക്കൾ ഫ്രാൻസിൽ നിന്നാണ്.

Exit mobile version