ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ സാമ്രാജ്യത്തിന്റെ അമരക്കാരനായി ഇനി ആരെത്തും. ടാറ്റ ഗ്രൂപ്പിനെ ഉയരങ്ങളിലെത്തിച്ചാണ് 86-ാം വയസില്‍ രത്തന്‍ ടാറ്റ മരണമടയുന്നത്. പിന്നാലെ രണ്ട് പേരുകളാണ് പ്രധാനമായും ഉയർന്നുവന്നിരിക്കുന്നത്. നോയൽ ടാറ്റ, നടരാജൻ ചന്ദ്രശേഖരന്‍ എന്നിവരാണ് ഇവര്‍.
രത്തൻ ടാറ്റയുടെ അർധസഹോദരനായ നോയൽ ടാറ്റയ്ക്ക് ആഴത്തിലുള്ള കുടുംബ ബന്ധങ്ങളും ട്രെന്റ്, ടാറ്റ ഇന്റർനാഷണൽ തുടങ്ങിയ വളരുന്ന ടാറ്റ കമ്പനികളെ നയിച്ചുള്ള പരിചയവും തുണയായേക്കും. ടാറ്റ സൺസിന്റെ നിലവിലെ ചെയർമാൻ കൂടിയായ എൻ ചന്ദ്രശേഖരൻ, ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ വിജയകരമായി നവീകരിച്ച തന്ത്രജ്ഞനായി വിലയിരുത്തപ്പെടുന്നു. സുസ്ഥിര വളർച്ചയിലും കുടുംബ പാരമ്പര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന നേതൃത്വ ശൈലിക്കുടമയാണ് നോയൽ. ഡിജിറ്റൽ രൂപാന്തരത്തിനും പ്രവർത്തന മികവിനും ഊന്നൽ നൽകിക്കൊണ്ടുള്ളതാണ് ചന്ദ്രശേഖരന്റെ പ്രവര്‍ത്തനം.
അവിവാഹിതനായ രത്തന്‍ ടാറ്റയുടെ മാതാപിതാക്കള്‍ വിവാഹമോചിതരായിരുന്നു. രത്തന് പത്തുവയസുള്ളപ്പോഴായിരുന്നു ഇത്. പിന്നീട് മറ്റൊരു വിവാഹം കഴിച്ച പിതാവ് നവല്‍ ടാറ്റയ്ക്ക് നോയല്‍ ടാറ്റ എന്നൊരു മകന്‍ കൂടിയുണ്ട്. അര്‍ധസഹോദരനായ നോയല്‍ ടാറ്റയുമായി രത്തന്‍ ടാറ്റയ്ക്ക് അടുത്ത ബന്ധമാണുള്ളത്. നവല്‍ ടാറ്റയുടെ മൂന്നു മക്കളില്‍ രത്തന്‍ ടാറ്റയും ജിമ്മി ടാറ്റയും വിവാഹം കഴിച്ചിട്ടില്ല.
1957 ൽ ജനിച്ച നോയൽ നേവൽ ടാറ്റയുടെയും സിമോൺ ടാറ്റയുടെയും മകനാണ്. യുകെയിലെ സസെക്‌സ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം ഫ്രാൻസില്‍ ഇന്റർനാഷണൽ എക്‌സിക്യൂട്ടീവ് പ്രോഗ്രാമിൽ ചേർന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി. ട്രെന്റ് ലിമിറ്റഡ്ന്റെ ചെയർമാൻ, ടാറ്റ ഇൻവെസ്റ്റ്‌മെന്റ് കോർപ്പറേഷന്റെ ചെയർമാൻ, ടൈറ്റൻ കമ്പനിയുടെ വൈസ് ചെയർമാൻ എന്നിവയുള്‍പ്പെടെ നോയൽ നിരവധി സുപ്രധാന ചുമതലകള്‍ വഹിക്കുന്നുണ്ട്.
നടരാജൻ ചന്ദ്രശേഖരൻ 2017 മുതൽ ടാറ്റ സൺസിന്റെ ചെയർമാനായി സേവനമനുഷ്ഠിച്ചുവരുന്നു. ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) ഒരു പ്രമുഖ ആഗോള ഐടി സേവന കമ്പനിയാക്കി മാറ്റുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. 1963‑ൽ ജനിച്ച ചന്ദ്രശേഖരൻ, ടാറ്റ സൺസിന്റെ ആദ്യത്തെ പാഴ്‌സി ഇതര ചെയർമാന്‍ കൂടിയാണ്. കോയമ്പത്തൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് അപ്ലൈഡ് സയൻസസിൽ ബിരുദം നേടിയ അദ്ദേഹം തിരുച്ചിറപ്പള്ളിയിലെ (ഇപ്പോൾ എൻഐടി ട്രിച്ചി) റീജിയണൽ എഞ്ചിനീയറിങ് കോളജിൽ നിന്ന് എംബിഎ പൂർത്തിയാക്കി. 1987‑ൽ ടിസിഎസിൽ ചേർന്ന ചന്ദ്രശേഖരൻ 2009‑ൽ സിഇഒ സ്ഥാനത്തെത്തി. ടിസിഎസിന്റെ വരുമാനം 16 ബില്യൺ ഡോളറായി വർധിപ്പിക്കുകയും 46-ലധികം രാജ്യങ്ങളിലേക്ക് കമ്പനിയുടെ സാന്നിധ്യം വ്യാപിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
തന്റെ പിന്‍ഗാമികളാകാന്‍ സാധ്യതയുള്ളവരെ വളര്‍ത്തിയെടുക്കാന്‍ രത്തന്‍ ടാറ്റ വര്‍ഷങ്ങള്‍ക്കു മുമ്പേ ശ്രമം തുടങ്ങിയിരുന്നു. നോയല്‍ ടാറ്റയുടെ മക്കളായ ലേ ടാറ്റ, മായ ടാറ്റ, നെവിന്‍ ടാറ്റ എന്നിവരെയാണ് രത്തന്‍ തെരഞ്ഞെടുത്തിരുന്നത്. ഈ മൂന്നു പേരില്‍ മായക്കും സാധ്യത കല്പിക്കപെടുന്നു. മൂവരും സെബ്രിലിറ്റി ലൈഫ് ഇഷ്ടപ്പെടാത്തവരാണെന്ന പ്രത്യേകതയുമുണ്ട്.
ടാറ്റ ഗ്രൂപ്പിലെ യുവതലമുറയിലെ ശ്രദ്ധേയ സാന്നിധ്യമാണ് മായ. യുകെയിലെ വാര്‍വിക് യൂണിവേഴ്സിറ്റിയില്‍ വിദ്യാഭ്യാസം നേടിയിട്ടുള്ള മായ ടാറ്റാ ഗ്രൂപ്പിന്റെ ഉപകമ്പനിയായ ടാറ്റ ക്യാപിറ്റലിലൂടെയാണ് രംഗപ്രവേശം ചെയ്യുന്നത്. പോര്‍ട്ട്ഫോളിയോ മാനേജ്മെന്റില്‍ വിദഗ്ധയാണ്. ടാറ്റ ഗ്രൂപ്പിനെ ഡിജിറ്റല്‍വല്‍ക്കരിക്കുന്നതിലും മായയുടെ സംഭാവന വലുതാണ്. ടാറ്റ ന്യൂ ആപ്പിന്റെ പിന്നിലെ ബുദ്ധികേന്ദ്രവും മായ തന്നെയാണ്. കൊല്‍ക്കത്തയില്‍ ആരംഭിച്ച ടാറ്റ മെഡിക്കല്‍ സെന്ററിന്റെ ബോര്‍ഡ് അംഗം കൂടിയാണ് മായ.
മാര്‍ക്കറ്റിങ്ങില്‍ മാസ്‌റ്റേഴ്‌സ് ഡിഗ്രിയുള്ള ലേ ടാറ്റയാണ് മൂന്നുപേരില്‍ മൂത്തയാള്‍. ടാറ്റ ഗ്രൂപ്പില്‍ 2006 മുതല്‍ ലേ സജീവമാണ്. ടാറ്റ ഗ്രൂപ്പിന്റെ കീഴിലുള്ള ദ ഇന്ത്യന്‍ ഹോട്ടല്‍ കമ്പനി ലിമിറ്റഡിന്റെ (ഐഎച്ച്സിഎല്‍) വിവിധ വിപുലീകരണ പദ്ധതികളില്‍ ലേ ശ്രദ്ധേയ റോള്‍ വഹിക്കുന്നു. മായയുടെയും ലേയുടെയും ഇളയ സഹോദരനായ നെവില്‍ ട്രെന്റ് റീട്ടെയില്‍ ചെയ്‌നിന്റെ കാര്യങ്ങളിലാണ് വ്യാപൃതനായിരിക്കുന്നത്.