Site iconSite icon Janayugom Online

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല; റോഡപകടങ്ങള്‍ നാല് ലക്ഷം

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തത് റോഡപകടങ്ങളിലെ മരണ നിരക്ക് വര്‍ധിപ്പിക്കുന്നതായി കേന്ദ്ര റോഡ് ഗതാഗത‑ഹൈവേ വകുപ്പ് മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്ത ഹെല്‍മറ്റ് ധരിക്കാത്ത 46,593 പേരാണ് 2021 ല്‍ അപകടത്തില്‍ കൊല്ലപ്പെട്ടത്. ഇന്ത്യയിലെ റോഡ് അപകടങ്ങള്‍ 2021 എന്ന മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

2021 ല്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്ത 16,397 നാലു ചക്ര വാഹന യാത്രാക്കാരാണ് അപകടത്തില്‍ മരിച്ചത്. ഇതില്‍ 8,438 പേര്‍ ഡ്രൈവര്‍മാരും ബാക്കിയുള്ള 7,959 പേര്‍ യാത്രക്കാരുമാണ്. ഹെല്‍മറ്റ് ധരിക്കാതെ അപകടത്തില്‍ മരിച്ചവരില്‍ 32,877 പേര്‍ ഡ്രൈവര്‍മാരും 13,716 പേര്‍ യാത്രക്കാരുമായിരുന്നു.

2021 ല്‍ 4,12,432 റോഡ് അപകടങ്ങളാണ് ഉണ്ടായത്. ഇതില്‍ 1,53,972 പേരുടെ ജീവന്‍ നഷ്ടമാകുകയും 3,84,448 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹെല്‍മെറ്റ് ധരിക്കാത്ത ഇരുചക്ര വാഹന യാത്രക്കാരില്‍ 93,763 പേര്‍ക്കും സീറ്റ് ബെല്‍റ്റ് ധരിക്കാത്ത നാലു ചക്ര വാഹന യാത്രക്കാരില്‍ 39,231 പേര്‍ക്കും 2021ല്‍ പരിക്കേറ്റെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും റോഡപകടങ്ങളുടെ തോതുമായി ബന്ധപ്പെടുന്നില്ലെങ്കിലും ഇത്തരം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ അപകടം സംഭവിക്കുന്നപക്ഷം പരിക്കിന്റെ ആക്കം കുറയ്ക്കാനാകും. ചില വിഭാഗങ്ങള്‍ക്കുള്ള ഇളവ് ഒഴിവാക്കി നിര്‍ത്തിയാല്‍ ഹെല്‍മെറ്റ് എല്ലാ ഇരുചക്ര വാഹന യാത്രക്കാര്‍ക്കും നിര്‍ബന്ധമാണ്. അതുപോലെ തന്നെ പിന്‍സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യുന്ന നാലു ചക്ര വാഹന യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് കേന്ദ്ര മോട്ടോര്‍ വെഹിക്കില്‍ ചട്ടങ്ങള്‍ പ്രകാരം നിര്‍ബന്ധമാണ്.

 

ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്ത് 40008 റോഡപകടം; മരണമടഞ്ഞത് 3829 പേര്‍

സംസ്ഥാനത്ത് റോഡ് അപകടങ്ങളിൽ പൊലിഞ്ഞത് 3829 ജീവനുകൾ. കഴിഞ്ഞ 11 മാസത്തിനിടെ സംസ്ഥാനത്തെ ആകെ റോഡ് അപകടങ്ങൾ 40008 ആണ്. 45091 പേരാണ് റോഡ് അപകടങ്ങളിൽ പരിക്ക് പറ്റി ചികിൽസ നേടിയത്. സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോ കഴിഞ്ഞദിവസം പുറത്ത് വിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് റോഡ് അപകടങ്ങളുടെ കണക്കുകൾ വ്യക്തമാക്കുന്നത്.

2016 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ 2018ലും 2019ലും ആണ് ഇത്രയും അധികം അപകടങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2018ൽ 40181 റോഡ് അപകടങ്ങളിൽ 4303 പേർക്കും 2019ൽ 41111 റോഡപകടങ്ങളിലായി 4440 പേർക്കും ജീവൻ നഷ്ടമായിരുന്നു. യഥാക്രമം 45458,46055 എന്നിങ്ങനെയായിരുന്നു പരിക്കേറ്റ് ചികിൽസ തേടിയവരുടെ എണ്ണം.

2020 മുതലുള്ള കണക്ക് പരിശോധിച്ചാൽ ഏറ്റവും കൂടുതൽ വാഹന അപകടങ്ങൾ റിപ്പോർട്ട് ചെയ്തതും മരണം രേഖപ്പെടുത്തിയതും ഈ വർഷം ആണ്. 2020‑ൽ 27,877 റോഡ് അപകടങ്ങളാണുണ്ടായത്. ഇതേ വർഷം 2979 മരണങ്ങളും സംസ്ഥാനത്തുണ്ടായി. 2021‑ൽ അപകടങ്ങൾ 33,296 ആയി വർധിച്ചു. 3429 പേരായിരുന്നു റോഡപകടങ്ങളിൽ മരണപ്പെട്ടത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം അപകട നിരക്കും മരണവും വർധിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

Eng­lish Summary;Non-compliance with safe­ty stan­dards; 4 lakh road accidents
You may also like this video

Exit mobile version