Site icon Janayugom Online

നിഷ്ക്രിയ ആസ്തി: ഉദാരമായി എഴുതിത്തള്ളി എസ്‌ബിഐ

2015 മുതല്‍ 2023 വരെയുള്ള ഒമ്പത് സാമ്പത്തിക വര്‍ഷങ്ങളിലായി പൊതുമേഖലാബാങ്കുകള്‍ എഴുതിത്തള്ളിയത് 10.42 ലക്ഷം കോടി രൂപ. ഇതില്‍ ഏറ്റവും കൂടുതല്‍ തുക എഴുതിത്തള്ളിയിരിക്കുന്നത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ആണെന്നും ഏറ്റവും പുതിയ വിവരാവകാശ രേഖ വെളിപ്പെടുത്തുന്നു.
കഴിഞ്ഞ ഡിസംബറില്‍ വായ്പ എഴുതിത്തള്ളല്‍ സംബന്ധിച്ച ആര്‍ബിഐ രേഖ കേന്ദ്ര ധനകാര്യമന്ത്രാലയം ലോക‌്സഭയില്‍ അവതരിപ്പിച്ചിരുന്നു. ഇതിന്റെ വിശദവിവരങ്ങള്‍ ആരാഞ്ഞുകൊണ്ട് ലോകേഷ് ബത്ര വിവരാവകാശ പ്രകാരം ശേഖരിച്ച രേഖകള്‍ എഴുതിത്തള്ളലിന്റെ ബാങ്ക് തിരിച്ചുള്ള വിവരങ്ങള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ഒമ്പത് മാസത്തിനിടെ പൊതുമേഖലാ ബാങ്കുകള്‍ എഴുതിത്തള്ളുന്ന തുകയില്‍ 59 ശതമാനം വര്‍ധനയുണ്ടായി.

27 ബാങ്ക് ഗ്രൂപ്പുകളുടെ വിവരങ്ങളാണ് ആര്‍ബിഐ നല്‍കിയ രേഖയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ ഏറ്റവും കൂടുതല്‍ തുക എഴുതിത്തള്ളിയിരിക്കുന്നത് എസ്ബിഐ ആണ്. 2,86,144 കോടി രൂപ. പഞ്ചാബ് നാഷണല്‍ ബാങ്ക് (1,05,478 കോടി), ബാങ്ക് ഓഫ് ബറോഡ(92,174 കോടി), യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ (78,294 കോടി), ബാങ്ക് ഓഫ് ഇന്ത്യ (62,537 കോടി) തുടങ്ങിയവയാണ് ആദ്യ സ്ഥാനത്തുള്ളത്. ഈ ബാങ്കുകള്‍ കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ ആറ് ലക്ഷം കോടി രൂപയാണ് എഴുതിത്തള്ളിയത്. 1.9 ലക്ഷം കോടി രൂപ ഈ കാലയളവിനുള്ളില്‍ തിരിച്ചുപിടിക്കുകയും ചെയ്തു.
2015 മുതലുള്ള കാലയളവില്‍ ഏറ്റവും കൂടുതല്‍ തുക തിരിച്ചുപിടിച്ചത് എസ്ബിഐ, പിഎന്‍ബി, കാനറ ബാങ്ക്, യൂണിയന്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയാണെന്നും രേഖകളിലുണ്ട്. 

നിഷ്ക്രിയ ആസ്തി (എന്‍പിഎ)യുടെ ഭാരം കുറയ്ക്കാനായി ബാങ്കുകള്‍ സ്വീകരിക്കുന്ന തന്ത്രമാണ് വായ്പ എഴുതിത്തള്ളല്‍. ഈ എഴുതിത്തള്ളലുകളുടെ ഒരു പ്രധാന ഭാഗം സാങ്കേതിക/പ്രൂഡൻഷ്യൽ/അഡ്വാൻസ് കളക്ഷൻ മൂലമാണ്. അത്തരം സന്ദർഭങ്ങളിലെല്ലാം കടം വാങ്ങുന്നവരിൽ നിന്ന് തിരിച്ചുപിടിക്കാനുള്ള അവകാശം ബാങ്കുകൾ നിലനിർത്തുന്നു. 2019ലാണ് ഏറ്റവും കൂടുതല്‍ തുക എഴുതിത്തള്ളിയത്. ഏതാണ്ട് 1,83,202 കോടി രൂപയാണ് ആ വര്‍ഷം മാത്രം ആ വര്‍ഷം എഴുതിത്തള്ളിയത്. ലോണ്‍ റിക്കവറി ഏറ്റവും കൂടുതല്‍ നടന്നത് കഴിഞ്ഞ വര്‍ഷമാണ്. 35,378 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം മാത്രം ബാങ്കുകള്‍ തിരിച്ചുപിടിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 

Eng­lish Summary:Non-performing assets: Lib­er­al­ly writ­ten off by SBI
You may also like this video

Exit mobile version