Site iconSite icon Janayugom Online

കണ്ണുചിമ്മാതെ ദുരന്തനാട് ; വിശ്രമമില്ലാതെ രക്ഷാദൗത്യം

wayanadwayanad

ഇടവിട്ടുള്ള മഴയും കനത്ത കോടമഞ്ഞും മുണ്ടക്കൈ ചൂരല്‍മല രക്ഷാദൗത്യത്തിന് തിരിച്ചടിയായപ്പോഴും ഇവയെല്ലാം മറികടന്നാണ് പ്രദേശത്ത് രക്ഷാദൗത്യം പുരോഗമിച്ചത്. നാട് മുഴുവന്‍ രക്ഷാപ്രവര്‍ത്തന ദൗത്യത്തിനായി ദുരന്തമേഖലയില്‍ രാത്രിയും തുടര്‍ന്നു. മന്ത്രിമാര്‍ ഉയര്‍ന്ന ഉദ്യോഗസ്ഥസംഘം തുടങ്ങിയവരെല്ലാം മുണ്ടക്കൈ ചൂരല്‍മല രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കി.

ഭീതിജനകമായ വന്‍ ഉരുള്‍പൊട്ടലില്‍ മുണ്ടക്കൈ പ്രദേശത്തെ വൈദ്യുതിബന്ധം പൂര്‍ണ്ണമായും വിച്ഛേദിക്കപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് താല്‍ക്കാലികമായി പ്രകാശവിതാനങ്ങള്‍ സജ്ജീകരിച്ചാണ് രക്ഷാപ്രവര്‍ത്തനം ഇവിടെ തുടരുന്നത്. ചൂരല്‍മലയില്‍ സജ്ജീകരിച്ച കണ്‍ട്രോള്‍ റൂമിലും ആശുപത്രിയിലും പ്രദേശത്തും സന്ധ്യയോടെ കെ.എസ്.ഇ.ബി വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു. മന്ത്രമാരും ഉയര്‍ന്ന ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തന ദൗത്യം തത്സമയം അവലോകനം ചെയ്ത് ഏകോപിപ്പിച്ചു.

വൈകീട്ടോടെ ചൂരല്‍മലയില്‍ ആര്‍മിയുടെ നേതൃത്വത്തില്‍ താല്‍ക്കാലിക പാലം നിര്‍മ്മിച്ചതോടെയാണ് മുണ്ടക്കൈ ഭാഗത്ത് നിന്നുള്ളവരെ ചൂരല്‍മലയിലേക്ക് എത്തിച്ചു തുടങ്ങിയത്. അതുവരെയും എന്‍.ഡി.ആര്‍.എഫ് ടീമിന് മാത്രമാണ് മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്താന്‍ കഴിഞ്ഞത്. ഉരുള്‍പൊട്ടലുണ്ടായ ഭാഗത്ത് കൂടി രക്ഷാപ്രവര്‍ത്തകര്‍ കൂറെ ദൂരം പിന്നിട്ടെങ്കിലും കനത്ത ഒഴുക്കും പ്രതികൂലമായ കാലാവസ്ഥയും കാരണം അങ്ങോട്ടേക്ക് എത്താന്‍ കഴിഞ്ഞില്ല. രാവിലെ മുതല്‍ ഹെലികോപ്ടര്‍ വഴി എയര്‍ലിഫ്ടിങ്ങ് ശ്രമം ആസൂത്രണം ചെയ്‌തെങ്കിലും പ്രതികൂലമായ കാലാവസ്ഥ തടസ്സമായി. പിന്നീട് വൈകീട്ടോടെയാണ് ഹെലികോപ്ടര്‍ നിരീക്ഷണം തുടങ്ങിയത്.

Eng­lish Sum­ma­ry: dis­as­ter: Non-stop res­cue mission

You may also like this video

Exit mobile version