Site icon Janayugom Online

കര്‍ക്കര്‍ഡുമ കോടതി വ്യക്തമാക്കുന്നതെന്തെന്നാല്‍

പുതിയ സംഭവങ്ങളും വിവാദങ്ങളുമുണ്ടാകുമ്പോള്‍ പഴയവ മറവിയുടെ പിന്നാമ്പുറത്തേക്ക് പോകുന്നു. എങ്കിലും അവ ഓര്‍മ്മയുടെ വെള്ളിവെളിച്ചത്തിലേക്ക് ഇടയ്ക്കിടെ കടന്നുവരും. കാരണം അത് നമ്മുടെ സാമൂഹ്യ ജീവിതത്തെ അത്രമേല്‍ ഉലച്ചതായിരിക്കും. അതിലൊന്നാണ് 2020ലെ ഡല്‍ഹി കലാപം. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം വഴിതിരിച്ചുവിടുന്നതിന് ബോധപൂര്‍വം രൂപകല്പന ചെയ്ത് നടപ്പിലാക്കിയ അക്രമപരമ്പരകള്‍ കലാപമെന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. പക്ഷേ അത് ഗുജറാത്തിലും മറ്റും നടന്നതുപോലെ വംശഹത്യ ആയിരുന്നുവെന്നത് നമ്മുടെ ബോധ്യമായിരുന്നു. അത് സമ്മതിക്കുവാന്‍ രാജ്യതലസ്ഥാനത്തെ ക്രമസമാധാന ചുമതല വഹിക്കുന്ന ഡല്‍ഹി പൊലീസോ അവരുടെ മേലാളന്മാരായ കേന്ദ്ര ആഭ്യന്തര വകുപ്പോ തയ്യാറായിരുന്നില്ല. 2020 ഫെബ്രുവരി 23ന് ആരംഭിച്ച് 27 വരെ നാലു ദിവസം രാജ്യതലസ്ഥാനം കത്തിയെരിയുമ്പോള്‍, ഇപ്പോള്‍ മണിപ്പൂരിലെന്നതു പോലെ രാജ്യത്തെ ഭരണാധികാരികള്‍ മൗനത്തിലായിരുന്നു എന്ന് പറയുന്നത് ശരിയായിരിക്കില്ല. ആ ദിവസങ്ങളില്‍ രാജ്യം സന്ദര്‍ശിക്കാനെത്തിയ അന്നത്തെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനൊപ്പം ഉല്ലാസത്തിലായിരുന്നു എന്ന് വേണം പറയുവാന്‍. ആടിയും പാടിയും പ്രസംഗിച്ചും അവര്‍ മുന്നേറുമ്പോള്‍ വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ വംശഹത്യയില്‍ പൊലിഞ്ഞുപോയത് 53 ജീവനുകളായിരുന്നു. പൊലീസ് നോക്കിനില്‍ക്കെ കലാപകാരികള്‍ അഴിഞ്ഞാടി. പ്രസ്തുത കലാപം തീവ്ര ഹിന്ദുത്വ സംഘടനകളുടെ സൃഷ്ടിയായിരുന്നുവെന്ന് അന്നുതന്നെ ആരോപണമുയര്‍ന്നിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഷഹീന്‍ബാഗിലെയും ജാമിയ മിലിയയിലെയും പ്രക്ഷോഭത്തെ പ്രകോപിപ്പിക്കുന്നതിന് ശ്രമങ്ങളുണ്ടായി. എന്നിട്ടും ഡല്‍ഹിയിലെ പ്രക്ഷോഭം കലാപത്തിലേക്ക് തിരിഞ്ഞില്ല. പിന്നീട് ആര്‍എസ്എസ് നേതാവ് കപില്‍ മിശ്ര ജാഫ്രാബാദിലെ പ്രക്ഷോഭകരെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കണമെന്ന് പൊലീസിനോട് ആഹ്വാനം ചെയ്തത് നാം കേട്ടു.

അതിന് പിന്നാലെയാണ് സംഘ്പരിവാറിന്റെ കലാപം ആരംഭിച്ചത്. ഇതോടൊപ്പം, ഡല്‍ഹി പൊലീസ് ഏകപക്ഷീയ നടപടികളാണ് സ്വീകരിച്ചത്. അക്രമസംഭവങ്ങള്‍ നേരിട്ട് വസ്തുതാപരമായി റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങളെ നിരോധിക്കുന്നതിന് കേന്ദ്രവും തയ്യാറായി. വാദികളെ പ്രതികളും പ്രതികളെ കുറ്റവിമുക്തരുമാക്കുന്ന സമീപനങ്ങളാണ് ഡല്‍ഹി പൊലീസ് സ്വീകരിച്ചത്. ഇക്കാര്യം എത്രയോ തവണ കോടതികളുടെ നിശിത വിമര്‍ശനത്തിനിടയാക്കി. പൊലീസ് തെറ്റായി പ്രതിചേര്‍ത്തവരെ ഒഴിവാക്കിയും കുറ്റപത്രങ്ങള്‍ നിരാകരിച്ചും പല തവണ കോടതി ഡല്‍ഹി പൊലീസിന്റെ പക്ഷപാതിത്തം തുറന്നുപറഞ്ഞു. പൊലീസ് നല്‍കിയ സാക്ഷികളുടെ കാര്യത്തില്‍ പോലും കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. 2020 ഒക്ടോബറില്‍ കലാപക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഇർഷാദ് അഹമ്മദിന് ജാമ്യം അനുവദിച്ചുകൊണ്ട് ഡൽഹി കോടതി പറഞ്ഞത്, സാക്ഷികൾ രണ്ടാഴ്ചയോളം മൗനം പാലിച്ചത് അവരുടെ വിശ്വാസ്യതയിൽ ഗുരുതരമായ സംശയം ഉളവാക്കുന്നു എന്നായിരുന്നു. രണ്ട് പൊലീസ് കോൺസ്റ്റബിൾമാരായിരുന്നു സാക്ഷികള്‍. കോൺസ്റ്റബിൾ വിക്രാന്ത്, പവൻ എന്നിവര്‍. പ്രതികള്‍ കലാപത്തില്‍ ഏര്‍പ്പെട്ടതായി മൊഴി നല്‍കിയ പൊലീസുകാരായ സാക്ഷികള്‍ സംഭവം നടന്ന ദിവസം പരാതി നല്‍കുകയോ മേലധികാരികളെ അറിയിക്കുകയോ ചെയ്തിട്ടില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. 2021 ജനുവരിയിലും പൊലീസ് നല്‍കിയ സാക്ഷികളുടെ വിശ്വാസ്യതയില്‍ കോടതി സംശയം പ്രകടിപ്പിച്ചു. രണ്ട് പേര്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതി ഈ സംശയം രേഖപ്പെടുത്തിയത്.


ഇതുകൂടി വായിക്കൂ:ബംഗാളില്‍ രക്തംപുരണ്ട ജനാധിപത്യഹത്യ 


2020 ഫെബ്രുവരി 25ന് നടന്ന സംഭവത്തിന് തലേദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ തെളിവായി സമര്‍പ്പിച്ചതിനെയും കോടതി വിമര്‍ശിച്ചിരുന്നു. ഈ വിധത്തില്‍ പല തവണയാണ് കേസ് പരിഗണിക്കുന്ന കര്‍ക്കര്‍ഡുമ കോടതി ഡല്‍ഹി പൊലീസിനെ കുറ്റപ്പെടുത്തിയത്. ഏറ്റവും ഒടുവിലാണ് കഴിഞ്ഞ ദിവസം ആറുപേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയ കോടതി, രൂക്ഷമായി വീണ്ടും ഡല്‍ഹി പൊലീസിനെതിരെ പറഞ്ഞിരിക്കുന്നത്. ഷഹബാസ് എന്നയാളുടെ കൊലപാതകത്തില്‍ അമന്‍, വിക്രം, രാഹുല്‍ ശര്‍മ്മ, രവി ശര്‍മ്മ, ദിനേഷ് ശര്‍മ്മ, രഞ്ജിത്ത് റാണ എന്നിവര്‍ക്കെതിരെ കൊലപാതകം, ലഹള, ഒരു സമുദായത്തിലെ ജനങ്ങളെ ആക്രമിക്കുക, കൊള്ളയടിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി പുലസ്ത്യ പ്രമചല കുറ്റം ചുമത്തിയിരിക്കുന്നത്. ഏറ്റവും പ്രധാനം മുസ്ലിം ജനവിഭാഗത്തിനെതിരെ നടത്തിയ ആസൂത്രിത പ്രതികാരമാണ് വെളിവായതെന്ന കോടതിയുടെ പരാമര്‍ശമാണ്. ഷഹബാസിന്റെ കൊലപാതകം നടത്തും മുമ്പ് കൃത്യമായ ആസൂത്രണം നടന്നുവെന്നും ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവരെ ഉന്മൂലനം ചെയ്യാനുള്ള നീക്കമാണ് പ്രതികളുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും കോടതി അഭിപ്രായപ്പെട്ടിരിക്കുന്നു. ഇത്രയും നാളുകളായി പറഞ്ഞുവന്നിരുന്നതുപോലെ ഡല്‍ഹിയില്‍ നടന്നത് വംശഹത്യയാണെന്ന കാര്യം കോടതി അതേപടി ആവര്‍ത്തിച്ചിരിക്കുകയാണ് ഇതിലൂടെ. അതുകൊണ്ടുതന്നെ ഡല്‍ഹി കലാപത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം കേന്ദ്ര ആഭ്യന്തര വകുപ്പിനാണെന്ന് ഒരിക്കല്‍കൂടി തെളിയുകയാണ്.

Exit mobile version