Site iconSite icon Janayugom Online

നോർത്ത്-ഈസ്റ്റ് എക്സ്പ്രസ് ട്രെയിൻ അപകടം; ജീവനക്കാരുടെ അനാസ്ഥ മൂലമെന്ന് റിപ്പോര്‍ട്ട്

ബിഹാര്‍ നോർത്ത്-ഈസ്റ്റ് എക്സ്പ്രസ് ട്രെയിൻ അപകടം ജീവനക്കാരുടെ അനാസ്ഥ മൂലമെന്ന് അന്വേഷണ റിപ്പോര്‍ട്ട്. പാളം പരിശോധിക്കുന്നതിലുണ്ടായ വീഴ്ചയാണ് ട്രെയിൻ അപകടത്തിന് കാരണമെന്നാണ് അന്നത്തെ റെയിൽവേ സുരക്ഷാ കമ്മിഷണറായിരുന്ന സുവോമോയ് മിത്രയുടെ അന്തിമ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. 2023 ഒക്ടോബര്‍ 11ന് രഘുനാഥ്പുർ റെയിൽവേ സ്റ്റേഷനു സമീപത്തുവച്ച് നോർത്ത് ഈസ്റ്റ് സൂപ്പർഫാസ്റ്റ് ട്രെയിൻ (12506) പാളം തെറ്റിയുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിക്കുകയും ഒട്ടനവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സാങ്കേതികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന റെയില്‍വെ അടുത്തിടെയുണ്ടാകുന്ന അപകടങ്ങളെല്ലാം മാനുഷിക പിഴവ് മൂലമാണെന്ന് വരുത്തിതീര്‍ക്കുന്നുവെന്ന ആക്ഷേപമുയരുന്നതിന് പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ടും പുറത്തുവന്നിരിക്കുന്നത്. പാളത്തിലുണ്ടായ വിള്ളലുകള്‍ കണ്ടെത്തുന്നതില്‍ പരാജയം സംഭവിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൃത്യസമയത്ത് പാളം പരിശോധിക്കുകയോ റിപ്പോര്‍ട്ട് കൈമാറുകയോ ചെയ്തിരുന്നില്ല. സാങ്കേതികവിദ്യകളുടെ അഭാവം മൂലവും ട്രാക്കുകളിലെ തകരാറുകള്‍ കണ്ടെത്താൻ കഴിയാതെയും പോകാമെന്നും അന്വേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ട്രാക്കുകളുടെ പരിശോധന നടത്തണമെന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. 

നിലവില്‍ ‘അള്‍ട്രാസോണിക് ഫ്ലോ ഡിറ്റക്ടര്‍’ (യുഎസ്എഫ്ഡി) വഴി ട്രാക്കുകളുടെ പരിശോധനകള്‍ നടത്തുകയും അതിന്റെ റിപ്പോര്‍ട്ട് പതിവായി നൽകിവരുകയുമാണ് ചെയ്യുന്നത്. ഇതനുസരിച്ച ട്രാക്കുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതാണ്. എങ്കിലും തുടരെയുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാൻ കൂടുതല്‍ സാങ്കേതികവിദ്യകള്‍ ആവശ്യമാണ്. നിലവില്‍ മൂന്ന് സാങ്കേതികവിദ്യകൾ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചുവരുന്നതായി റെയില്‍വേ വ്യക്തമാക്കുന്നു. 

Exit mobile version