Site iconSite icon Janayugom Online

ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്; ആർഎൽവി രാമകൃഷ്ണന് പിന്തുണയുമായി പ്രൊഫ. സി രവീന്ദ്രനാഥ്

RLVRLV

കല എന്നത് സർഗാത്മകത ആണെന്നും സൗന്ദര്യമെന്നത് ശരീരത്തിന്റെ പ്രദർശന ഭാവം മാത്രമാണെന്നും ചാലക്കുടിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി പ്രൊഫ. സി രവീന്ദ്രനാഥ്. സത്യഭാമ ജൂനിയർ എന്ന നൃത്ത അധ്യാപികയിൽ നിന്ന് വർണ വിവേചനവും വിദ്വേഷവും നേരിട്ട പ്രശസ്ത നർത്തകൻ ആർഎൽവി രാമകൃഷ്ണനുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് അദ്ദേഹം നയം വ്യക്തമാക്കിയത്.
കലയ്ക്ക് വലിപ്പച്ചെറുപ്പങ്ങൾ ഒന്നുമില്ല, സർഗാത്മകത ജന്മനാ ലഭിക്കുന്ന സിദ്ധിയാണ്. അത് മറ്റുള്ളവർക്ക് പകർന്ന് നൽകുകയാണ് വേണ്ടത്. അത് ആർക്കും ഉപയോഗിക്കാനും കഴിയണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആർഎൽവി രാമകൃഷ്ണന്റെ വീട്ടിൽ സന്ദർശിച്ച് പിന്തുണ അറിയിച്ച ശേഷമായിരുന്നു ഇന്നലത്തെ പര്യടനം ആരംഭിച്ചത്. നിറ കണ്ണുകളോടെ ആശ്ലേഷിച്ചായിരുന്നു രാമകൃഷ്ണൻ അദ്ദേഹത്തെ സ്വീകരിച്ചത്. തനിക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ സ്ത്രീയിൽ നിന്ന് മുൻപും താൻ നേരിട്ട വിവേചനങ്ങളെ കുറിച്ച് രവീന്ദ്രനാഥിനോട് വിശദീകരിച്ചു. കഴിഞ്ഞ രണ്ട് ദിവസം കടുത്ത മാനസിക വിഷമം അനുഭവിച്ചിരുന്നു എന്നും ഇപ്പോഴാണ് മനസ് ശാന്തമായതെന്നും രാമകൃഷ്ണന്‍ വ്യക്തമാക്കി.

കൂടിക്കാഴ്ചക്കിടെ അന്തരിച്ച ചലച്ചിത്ര താരവും സഹോദരനുമായ കലാഭവൻ മണിയെ കുറിച്ചും ഇരുവരും സംസാരിച്ചു. സഹോദരിമാരായ ശാന്ത, തങ്കമണി എന്നിവരെയും കണ്ട് വോട്ട് അഭ്യർത്ഥിച്ച ശേഷമായിരുന്നു പ്രൊഫ. സി രവീന്ദ്രനാഥ് മടങ്ങിയത്.
ചാലക്കുടി മണ്ഡലത്തിലെ പരിയാരം, കുറ്റിക്കാട്, മോതിരക്കണ്ണി, കാഞ്ഞിരപ്പിള്ളി, കോടശേരി, മേലൂർ, ചാലക്കുടി തുടങ്ങിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പ്രചാരണ പ്രവർത്തനങ്ങൾ. സംരക്ഷിക്കാൻ ആരുമില്ലാത്ത വയോജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന പെനുവൽ ഫൗണ്ടേഷനിലെത്തിയ രവീന്ദ്രനാഥിന് ഹൃദ്യമായ സ്വീകരണമായിരുന്നു മാനേജ്മെന്റും ജീവനക്കാരുംനൽകിയത്. 45-ലധികം വയോജനങ്ങളാണ് ഇവിടുത്തെ അന്തേവാസികൾ. തിരക്കുകൾക്കിടയിലും ഇവരുമായി ഏറെ നേരം ചെലവഴിച്ച സ്ഥാനാർത്ഥി സാന്ത്വനം കലയാക്കിയ സ്ഥാപനത്തിന് അഭിവാദ്യങ്ങൾ എന്ന് രജിസ്റ്ററിൽ കുറിച്ച ശേഷമാണ് മടങ്ങിയത്. 

പര്യടനത്തിനിടെ വനത്തോട് ചേർന്ന് കിടക്കുന്ന എച്ചിപ്പാറയിലെത്തിയ രവീന്ദ്രനാഥിന് ചുറ്റും തങ്ങളുടെ ആകുലതകൾ നിരത്തിക്കൊണ്ടായിരുന്നു നാട്ടുകാർ തടിച്ചു കൂടിയത്. വന്യമൃഗ ശല്യവും പ്രദേശത്തെ തോട്, പഞ്ചായത്ത് ഏറ്റെടുത്ത് നവീകരിക്കാൻ നടപടി സ്വീകരിക്കണമെന്നുമായിരുന്നു നാട്ടുകാരുടെ ആവശ്യം. ഇതു സംബന്ധിച്ച് രവീന്ദ്രനാഥിന്റെ നിർദ്ദേശപ്രകാരം മുൻ എംഎൽഎ ബി ഡി ദേവസി വനം വകുപ്പ്, പഞ്ചായത്ത് അധികൃതരെ വിളിക്കുകയും നടപടികൾ വേഗത്തിലാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടർ നടപടികൾ കൃത്യമായി അന്വേഷിക്കുമെന്നും എത്രയും വേഗം പരിഹരിക്കാനുള്ള നടപടി സ്വീകരിക്കാൻ ശ്രമങ്ങൾ നടത്തുമെന്നും ഉറപ്പുനൽകി. ഉച്ചക്ക് ശേഷം പേരാമ്പ്ര അപ്പോളോ ടയേഴ്‌സിലെ തൊഴിലാളികളുടെ സ്വീകരണം ഏറ്റുവാങ്ങി. പലയിടത്തും തൊഴിലുറപ്പ് തൊഴിലാളികളും സ്വീകരിക്കാൻ എത്തിയിരുന്നു.
പ്രചാരണത്തിനിടെ കുറ്റിക്കാട് ഹിന്ദുസ്ഥാൻ പവർ ലിങ്ക്സ്, സെന്റ് സെബാസ്റ്റ്യൻ സ്കൂൾ, ബോക്സർ അപ്പാരൽസ്, കരുണാലയം ആശ്രമം, മോതിരക്കണ്ണി എസ്എൻഡിപി എൽപിസ്കൂൾ, അമ്മ വയോജന കേന്ദ്രം, പീലാർമുഴി, ഫിലോക്കാലിയ ഫാമിലി അക്കാദമി, കൊന്നക്കുഴി ഫാം, പരിയാരം സെന്റ് ജോർജ് എച്ച്എസ്എസ്, കൊടകര, മേലാറ്റൂർ ഭാഗങ്ങളിലെ വിവിധ പ്രദേശങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ പര്യടനം നടത്തി. മുൻ എംഎൽഎ ബി ഡി ദേവസി, സിപിഐ ജില്ല കൗണ്‍സില്‍ അംഗങ്ങളായ പി എം വിജയൻ, എം വി ഗംഗാധരന്‍, സിപിഐ (എം) ചാലക്കുടി ഏരിയ സെക്രട്ടറി കെ എസ് അശോകൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രചാരണ പ്രവർത്തനങ്ങൾ.

Eng­lish Sum­ma­ry: Not alone, but togeth­er; RLV Ramakr­ish­nan was sup­port­ed by Prof. C Ravindranath

You may also like this video

Exit mobile version