ഇലക്ട്രിക് ഓട്ടോകൾ വാങ്ങിയവർ പ്രതിസന്ധിയിൽ. ജില്ലയിൽ ആവശ്യത്തിന് ചാർജിംഗ് സ്റ്റേഷനുകളില്ല എന്നതാണ് ഇലക്ട്രിക് ഓട്ടോ ഡ്രൈവർമാരെ അലട്ടുന്ന പ്രധാന പ്രശ്നം. നാല് മുതൽ ആറ് മണിക്കൂർ വരെയാണ് ഒരു ഇ ഓട്ടോ ഫുൾ ചാർജ് ആകാൻ എടുക്കുന്ന സമയം. 2000ത്തോളം ഇ ഓട്ടോകൾക്കായി ഏകദേശം 50ഓളം ചാർജിംഗ് സ്റ്റേഷനുകളാണ് നിലവിൽ ജില്ലയിലുള്ളത്.
എന്നാൽ ഇവയിൽ പലതും ശരിയായി പ്രവർത്തിക്കുന്നില്ലെന്നും പരാതിയുണ്ട്. ചാർജിംഗ് സ്റ്റേഷനുകളുടെ കുറവ് വലിയ പ്രതിസന്ധിയാണ് ഇലക്ട്രിക് ഓട്ടോ ഡ്രൈവർമാർക്കിടയിൽ സൃഷ്ടിക്കുന്നത്. ചാർജിംഗ് സ്റ്റേഷനുകളുടെ എണ്ണക്കുറവുമൂലം മണിക്കൂറുകൾ ക്യൂവിൽ നിന്നാൽ മാത്രമാണ് ഓട്ടോകൾക്ക് ചാർജ് ചെയ്യാൻ കഴിയുന്നത്. ജില്ലയിൽ ഇലക്ട്രിക് കാറുകളുടേയും സ്കൂട്ടറുകളുടേയും എണ്ണം കൂടിയതോടെ ഇ ഓട്ടോ ഡ്രൈവർമാരുടെ കാത്തിരിപ്പിന്റെ നീളവും ഇരട്ടിച്ചു.
നേരത്തേ വൈദ്യുതി ബോർഡ് ഇ ഓട്ടോ ഡ്രൈവർമാർക്ക് ഗാർഹിക കണക്ഷനുപുറമെ പ്രത്യേകമായി എൽ ടി ടെൻ എന്ന പേരിൽ ഒരു കണക്ഷൻ കൂടി നൽകിയിരുന്നു. വീട്ടിൽ വെച്ചുതന്നെ വാഹനം ചാർജ് ചെയ്യാൻ കഴിയും എന്നതായിരുന്നു ഇതിന്റെ ഗുണം. രാത്രിയിൽ ചാർജ് ചെയ്യാൻ കഴിയുന്നതുമൂലം ചാർജിംഗ് സ്റ്റേഷനുകളിൽ മണിക്കൂറുകളോളം കാത്തിരിക്കുകയും വേണ്ട.
യൂണിറ്റിന് ആറു രൂപയായിരുന്നു ഇതിന് ബോർഡ് ഈടാക്കിയിരുന്നത്. ഇ ഓട്ടോ ഡ്രൈവർമാർക്ക് വലിയ സഹായമായിരുന്നു ഈ സംവിധാനം. എന്നാൽ ചാർജിങ് സ്റ്റേഷനുകൾ ഉണ്ടെന്ന കാരണം പറഞ്ഞ് വൈദ്യുതി ബോർഡ് എൽ ടി ടെൻ കണക്ഷനുകൾ നിർത്തലാക്കി. ഇലക്ട്രിക് കാറുകളുടേയും ഇലക്ട്രിക് സ്കൂട്ടറുകളുടേയും എണ്ണക്കൂടുതൽ മൂലം ചാർജിംഗ് സ്റ്റേഷനുകളിൽ പോയി ക്യൂ നിന്ന് മടുത്ത് വീട്ടിൽ നിന്നും ഓട്ടോ ചാർജ് ചെയ്യുന്ന ഡ്രൈവർമാർക്ക് 12000ത്തിനും 15000ത്തിനും ഇടയിൽ വൈദ്യുതി ബില്ലാണ് നൽകേണ്ടി വരുന്നത്. അധിക വൈദ്യുതി ഉപയോഗിക്കുന്നതിനാൽ സ്ലാബ് മാറുന്നത് ഇവർക്ക് ഇരട്ടി ബാധ്യതയാണ് വരുത്തിവെക്കുന്നത്. അതേസമയം, എൽ ടി ടെൻ കണക്ഷൻ പുനസ്ഥാപിക്കുകയാണ് പ്രശ്നത്തിനുള്ള പരിഹാരം. കോഴിക്കോട് ബീച്ചിലും മറ്റുമുള്ള ചാർജിംഗ് സ്റ്റേഷനുകളിൽ മറ്റ് വാഹനങ്ങൾ നിർത്തിയിട്ട് ഉടമസ്ഥർ പോകുന്നതും പതിവാണ്. ഇതുമൂലം ഇ ഓട്ടോകൾക്ക് ചാർജ് ചെയ്യുന്ന സമയത്ത് നിർത്തിയിടാൻ സ്ഥലം ലഭിക്കുന്നില്ല. തൊട്ടടുത്തുള്ള റോഡിലോ മറ്റ് വാഹനം നിർത്തിയിട്ട് ചാർജ് ചെയ്യേണ്ട ഗതികേടിലാണ് ഡ്രൈവർമാർ.
ഇത് ശ്രദ്ധയിൽ പെട്ടാൽ പൊലീസ് പിഴ ഈടാക്കുകയും ചെയ്യുന്നു. പ്രശ്ന പരിഹാരത്തിനായി വീടുകളിൽ നൽകിയിരുന്ന എൽ ടി ടെൻ കണക്ഷൻ പുന: സ്ഥാപിക്കണമെന്നും കൂടുതൽ ചാർജിങ് പോയിന്റുകൾ അനുവദിക്കണമെന്നുമാണ് ഇ ഓട്ടോ ഡ്രൈവർമാരുടെ ആവശ്യം. എന്നാൽ നിരവധി തവണ ആവശ്യപ്പെട്ടിട്ടും വൈദ്യുതി ബോർഡ് തങ്ങളുടെ ആവശ്യം പരിഗണിക്കുന്നില്ലെന്ന് കേരള സ്റ്റേറ്റ് ഇൻഡിപെൻഡന്റ് ഇ റിക്ഷ ഡ്രൈവേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് സി ടി കബീറും സെക്രട്ടറി സുബീഷും പറഞ്ഞു.