മരച്ചീനിയിൽ തന്നെയുള്ള ലിനാമരേസ് എന്ന എൻസൈമുമയി രാസപ്രവർത്തനം നടക്കുമ്പോഴാണ് ഹൈഡ്രജൻ സയനൈഡ് എന്ന വിഷവസ്തു ഉണ്ടാകുന്നത് എന്ന് കേന്ദ്ര കിഴങ്ങുവർഗ്ഗ ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. ജി ബൈജു.
മരച്ചീനിയുടെ ഇല, കായ,തണ്ട്, കിഴങ്ങ് എല്ലാ ഭാഗങ്ങളിലും സയനോഗ്ലൂക്കോസൈഡ് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. കിഴങ്ങിലുണ്ടാകുന്ന മുറിവുകൾ ഈർപ്പത്തിന്റെ സാന്നിദ്ധ്യം കൂടിയുണ്ടെങ്കിൽ ഈ രാസപ്രക്രിയ ത്വരിതപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
സി.ടി.സി.ആർ.ഐയും കേരള കാർഷിക സർവ്വകലാശാലയും കേരളത്തിൽ ഭക്ഷണാവശ്യത്തിനായി കൃഷി ചെയ്യാൻ ശുപാർശ ചെയ്തിരിക്കുന്ന ഇനങ്ങളിലെല്ലാം ഒരു ഗ്രാം കിഴങ്ങിൽ 50 മൈക്രോഗ്രാമിൽ താഴെ മാത്രമേ സയനോഗ്ലൂക്കോസൈഡ് അടങ്ങിയിട്ടുള്ളു. ഇത് ആഹാരമായി ഉപയോഗിക്കാൻ സുരക്ഷിതമാണ്. എന്നാൽ വ്യാവസായിക ആവശ്യങ്ങളായ സ്റ്റാർച്ച്, മാവ് എന്നിവയ്ക്കായി പ്രത്യേകം പുറത്തിറക്കിയ എച്ച് ‑226 പോലുള്ള ഇനങ്ങളിൽ ഇതിന്റെ തോത് 250–300 മൈക്രോഗ്രാം വരെയുണ്ട്. ഇത്തരം ഇനങ്ങൾ പ്രധാനമായും തമിഴ്നാട്, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൃഷി ചെയ്യുന്നത്. ഇത്തരം ഇനങ്ങളുടെ കിഴങ്ങുകൾ തമിഴ്നാട്ടിൽ നിന്നും ദിനംപ്രതി നമ്മുടെ സംസ്ഥാനത്തേയ്ക്ക് ലോറിയിൽ വരുന്നുണ്ട്. ഇതില്‍ പല ഇനങ്ങളും മനുഷ്യർക്കും മൃഗങ്ങള്‍ക്കും ഭക്ഷണമായി ഉപയോഗിക്കാൻ പാടില്ലാത്തതാണ്. എന്നാൽ 40 മുതൽ 45 ഡിഗ്രിസെൽഷ്യസ് ചൂടു വെള്ളത്തിൽ ഏറെ നേരം മുക്കിവെച്ച സേഷം തിളപ്പിച്ച് ഊറ്റിയെടുത്താൽ ഈ രാസവസ്തു 60 ശതമാനം വരെ നഷ്ടപ്പെടും.
മരച്ചീനി ഇലകളിൽ ഒരു ഗ്രാം ഇലയിൽ 500 മുതൽ 1000 മൈക്രോഗ്രാം സയനോഗ്ലൂക്കോസൈഡ് ഉണ്ട്. വെയിലത്തിട്ട് നിരത്തി നന്നായി ഉണങ്ങിയാൽ ഇത് 70–80 ശതമാനവും നിർവീര്യമാക്കപ്പെടും. മരച്ചീനിയോ തൊലിയോ വെയിലത്തിട്ട് ഉണക്കിയാൽ 30 ശതമാനം വരെ കുറയുമെന്ന് പഠനം വ്യക്തമാക്കുന്നുണ്ടെന്നും കേന്ദ്ര കിഴങ്ങുവർഗ്ഗ ഗവേഷണ കേന്ദ്രം ഡയറക്ടർ വ്യക്തമാക്കി.
English Summary: Note: Chemical reactions can make tapioca toxic
You may also like this video