വിദ്യാഭ്യാസ കുംഭകോണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പശ്ചിമബംഗാള്‍ മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പാര്‍ഥ ചാറ്റര്‍ജിയുടെ സഹായി അര്‍പിത മുഖര്‍ജിയുടെ വീടുകളില്‍ നിന്നും ഇതുവരെ കണ്ടെടുത്തത് 50 കോടി രൂപയുടെ നോട്ടുകള്‍.
ബെല്‍ഘാരിയയിലെ ഫ്ലാറ്റില്‍ 18 മണിക്കൂര്‍ നീണ്ടു നിന്ന റെയ്ഡില്‍ 29 കോടി രൂപയും അഞ്ച് കിലോഗ്രാം സ്വര്‍ണാഭരണങ്ങളും ഇഡി കണ്ടെത്തി. ഒരു ഷെല്‍ഫില്‍ ചാക്കുകളില്‍ കെട്ടി സൂക്ഷിച്ചിരുന്ന നോട്ടുകെട്ടുകളാണ് കണ്ടെത്തിയത്. നേരത്തെ ടോളിഗഞ്ചിലെ ഫ്ലാറ്റില്‍ നടന്ന പരിശോധനയില്‍ 21.9 കോടിരൂപയും 76 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളും വിദേശ കറന്‍സി ശേഖരവും കണ്ടെത്തിയിരുന്നു. ഇതുവരെ പിടിച്ചെടുത്ത സ്വര്‍ണത്തിന് രണ്ടുകോടി വിലമതിക്കും.
അര്‍പിതയുടെ മറ്റൊരു വീട്ടില്‍ ഇഡി പരിശോധന ആരംഭിച്ചിട്ടുണ്ട്. ചിനാര്‍ പാര്‍ക്കിലെ അപ്പാര്‍ട്ട്മെന്റില്‍ കേന്ദ്ര സുരക്ഷാസേനകളുടെ അകമ്പടിയോടെയാണ് പരിശോധന. ഇതിന്റെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അര്‍പിതയുടെ മൂന്ന് വീടുകളിലും പാര്‍ത്ഥ ചാറ്റര്‍ജിയുടെ വീട്ടിലുമാണ് ഇതുവരെ പരിശോധന നടന്നിട്ടുള്ളത്.
പാര്‍ത്ഥയെയും ചലച്ചിത്ര നടി കൂടിയായ അര്‍പിതയെയും ഈ മാസം 23നാണ് ഇഡി അറസ്റ്റ് ചെയ്തത്. അര്‍പിത നടത്തുന്ന മൂന്ന് വ്യാജ കമ്പനികളുടെ ജോയിന്റ് ഡയറക്ടര്‍ ഇവരുടെ ഡ്രൈവര്‍ ആണെന്ന് ഇഡി കണ്ടെത്തി. സാമ്പത്തിക ഇടപാടുകള്‍ക്ക് മാത്രമായി അര്‍പിത 12 വ്യാജ കമ്പനികള്‍ നടത്തുന്നുണ്ടെന്ന് ഇഡി ഉദ്യോഗസ്ഥന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
സര്‍ക്കാര്‍, എയ്ഡഡ് സ്കൂളിലെ ഗ്രൂപ്പ് സി, ഡി ജീവനക്കാരുടെയും അധ്യാപകരുടെയും നിയമനമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് സിബിഐ ആണ് അന്വേഷണം നടത്തുന്നത്. കേസില്‍ നടന്ന പണമിടപാടുകളിലാണ് ഇഡി അന്വേഷണം. പാര്‍ത്ഥ ചാറ്റര്‍ജിയെയും അര്‍പിതയെയും പത്തുദിവസത്തേക്ക് ഇഡി കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
തന്റെ വീട് പണം സൂക്ഷിക്കാനുള്ള ഒരു മിനി ബാങ്കായാണ് പാര്‍ഥ ചാറ്റര്‍ജി ഉപയോഗിച്ചിരുന്നതെന്ന് അര്‍പിത അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. മന്ത്രിയും അദ്ദേഹത്തിന്റെ ആളുകളും മാത്രമാണ് പണം സൂക്ഷിച്ചിരുന്ന മുറിയില്‍ പ്രവേശിച്ചിരുന്നത്. മുറിയില്‍ എത്ര പണമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നില്ല. എല്ലാ ആഴ്ചയിലും അല്ലെങ്കില്‍ 10 ദിവസം കൂടുമ്പോഴെങ്കിലും മന്ത്രി തന്റെ വീട് സന്ദര്‍ശിക്കാറുണ്ടായിരുന്നുവെന്നും അര്‍പിത ഇഡിക്ക് മൊഴി നല്‍കിയിരുന്നു.
പാര്‍ത്ഥ ചാറ്റര്‍ജിയെ പുറത്താക്കി
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി, മുഖപത്രമായ ജാഗോ ബംഗ്ലയുടെ എഡിറ്റര്‍ എന്നീ സ്ഥാനങ്ങളില്‍ നിന്നും നീക്കിയിട്ടുണ്ട്.
എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്ത് ദിവസങ്ങള്‍ക്കു ശേഷമാണ് നടപടി. തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ അഭിഷേക് ബാനര്‍ജിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മമത മന്ത്രിസഭയിലെ വാണിജ്യ വ്യാവസായിക മന്ത്രിയായിരുന്നു. പാര്‍ത്ഥ ചാറ്റര്‍ജി വിദ്യാഭ്യാസ മന്ത്രിയായിരുന്ന സമയത്തായിരുന്നു കുംഭകോണം.
English summary;Note hunting: 50 crores; So far, gold worth two crores has been seized
You may also like this video;