അമ്പലങ്ങളുടെയും, പള്ളികളുടെയും കാണിക്കവഞ്ചികളിൽ നിന്നും പണം അപഹരിക്കുന്ന കുപ്രസിദ്ധ മോഷ്ടാവിനെ പൊലീസ് പിടികൂടി. തിരുവല്ല കുറ്റപ്പുഴ തിരുമുലപുരം ഭാഗത്ത് മംഗലശ്ശേരി കടവ് കോളനിയിൽ അനിയൻപിള്ള മകൻ മണിയൻ (55) എന്നയാളാണ് ചങ്ങനാശ്ശേരി പൊലീസിന്റെ പിടിയിലായത്. ഇയാൾ ഇന്നലെ രാത്രി ചങ്ങനാശ്ശേരി കെഎസ്ആർടിസി സ്റ്റാൻഡിന്റെ ഭാഗത്ത് പോലീസ് സംഘം നടത്തിയ പരിശോധനയിൽ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും, പോലീസ് പിന്തുടർന്ന് ഇയാളെ പിടികൂടുകയുമായിരുന്നു.
ജില്ലയിൽ ഉത്സവ സീസൺ തുടങ്ങിയതിനാൽ രാത്രികാല പരിശോധന കർശനമാക്കാൻ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് എല്ലാ സ്റ്റേഷനുകൾക്കും കർശന നിർദേശം നൽകിയിരുന്നു. ഇതിനെ തുടർന്നുള്ള പരിശോധനയിലാണ് മണിയന്‍ പോലീസിന്റെ പിടിയിലാകുന്നത്. ഇയാളുടെ പക്കൽ നിന്നും മോഷണത്തിന് ഉപയോഗിക്കുന്ന ആയുധങ്ങളും, പണവും പോലീസ് കണ്ടെടുത്തു. തുടർന്നുള്ള വിശദമായ ചോദ്യം ചെയ്യലിൽ ചങ്ങനാശ്ശേരി, തിരുവല്ല, പെരുമ്പട്ടി, ചെങ്ങന്നൂർ, മാവേലിക്കര തുടങ്ങിയ സ്ഥലങ്ങളിലെ പല അമ്പലങ്ങളുടെയും, പള്ളികളുടെയും കാണിക്ക വഞ്ചികളിൽ നിന്നും പണം അപഹരിച്ചതായി ഇയാൾ പോലീസിനോട് പറഞ്ഞു.
മോഷണ കേസിൽ ശിക്ഷ കഴിഞ്ഞ് അടുത്തിടെ പുറത്തിറങ്ങിയ മണിയൻ ചങ്ങനാശ്ശേരി പ്രദേശങ്ങളിൽ മോഷണം നടത്തുന്നതിനുള്ള ആസൂത്രണം ചെയ്തു വരവേയാണ് പോലീസിന്റെ പിടിയിലാകുന്നത്. ചങ്ങനാശ്ശേരി സ്റ്റേഷൻ എസ്എച്ച്ഓ റിച്ചാർഡ് വർഗീസ്, എസ്ഐ രവീന്ദ്രൻ ആചാരി, ആനന്ദക്കുട്ടൻ, സിപിഓ മാരായ തോമസ് സ്റ്റാൻലി, അജേഷ് കുമാർ,കുര്യാക്കോസ് എബ്രഹാം,തോമസ് രാജു എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
English Summary:Notorious thief Manian arrested by police
You may also like this video