Site iconSite icon Janayugom Online

ഉപയോഗിച്ച കാര്‍ വാങ്ങാന്‍ ഇനി 18 ശതമാനം ജിഎസ്‌ടി

ഇന്ത്യയില്‍ ഉപയോഗിച്ച കാറുകള്‍ വാങ്ങുമ്പോള്‍ ജിഎസ്‌ടി 12 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കൂടും. രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ നടന്ന 55-ാമത് ജിഎസ്‌ടി കൗണ്‍സില്‍ യോഗത്തിലാണ് പഴയതും ഉപയോഗിച്ചതുമായ കാറുകളുടെ ജിഎസ്‌ടി നിരക്ക് ഉയര്‍ത്തിയത്. ഇലക്ട്രിക് വാഹനങ്ങളും ഇതില്‍ ഉള്‍പ്പെടും. ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയങ്ങളുടെ ജിഎസ‍്ടി കുറയ‍്ക്കാനുള്ള തീരുമാനം മാറ്റിവച്ചു. അടുത്ത മാസം നടക്കുന്ന കൗണ്‍സിലില്‍ ഇന്‍ഷുറന്‍സ് പ്രീമിയം സംബന്ധിച്ച കാര്യം പരിഗണിക്കുമെന്ന് മന്ത്രിതല സമിതിയുടെ അധ്യക്ഷനും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ സാമ്രാട്ട് ചൗധരി പറഞ്ഞു. 

പോപ്കോണിന്റെ നികുതി നിരക്കില്‍ മാറ്റമില്ല, ഉപ്പും മസാലകളും ചേര്‍ന്ന സ‍്നാക‍്സുകള്‍ മുന്‍കൂട്ടി പാക്ക് ചെയ‍്ത് ലേബല്‍ ഒട്ടിച്ചില്ലെങ്കില്‍ ജിഎസ‍്ടി അഞ്ച് ശതമാനമാണ് നിലവില്‍ ഈടാക്കുന്നത്. പാക്ക് ചെയ‍്ത് ലേബലൊട്ടിച്ചാല്‍ 12 ശതമാനമാകും. എന്നാല്‍, കാരമല്‍ പോലെയുള്ള മധുരമുള്ള പോപ്കോണ്‍, മിഠായി വിഭാഗത്തില്‍ ഉള്‍പ്പെടുന്നതിനാല്‍ 18 ശതമാനം ജിഎസ്‌ടി ഈടാക്കും.

സമ്പുഷ്ടീകരിച്ച അരിക്ക് ജിഎസ്‌ടി നിരക്ക് ഉപയോഗം പരിഗണിക്കാതെ അഞ്ച് ശതമാനമായി ഏകീകരിച്ചു. 50 ശതമാനത്തില്‍ കൂടുതല്‍ ഫ്ലൈ ആഷ് (ചാരം) അടങ്ങിയ എഎസി ബ്ലോക്കുകളുടെ ജിഎസ്‌ടി നിരക്ക് 18 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി കുറച്ചു. നിലവിലെ നാല് തട്ടുകളുള്ള ജിഎസ്‌ടി ഘടനയില്‍ നിന്ന് വ്യത്യസ്തമായി, പുകയില, മദ്യം തുടങ്ങിയവയ്ക്ക് 35 ശതമാനം പ്രത്യേക നികുതി സ്ലാബ് ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നു. 

Exit mobile version