കര്‍ഷകരുടെ വരുമാന വര്‍ധന ലക്ഷ്യമിട്ട് സംസ്ഥാനം കൃഷിയിടാധിഷ്ഠിത ആസൂത്രണത്തിലേക്ക് മാറുന്നു. കര്‍ഷകന്റെ കൈവശമുള്ള കൃഷിയിടത്തെ അടിസ്ഥാന യൂണിറ്റാക്കി കണക്കാക്കി സാധ്യമായ എല്ലാ രീതിയിലും ഉല്പാദനം കൂട്ടി വരുമാനം വര്‍ധിപ്പിക്കുകയും കൃഷി നല്ല ആദായം നല്‍കുന്ന ജീവിതമാര്‍ഗമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് വിള അധിഷ്ഠിത കൃഷിയില്‍ നിന്നും കൃഷിയിടാസൂത്രണം എന്നതിലേക്ക് കൃഷിവകുപ്പ് മാറുന്നത്.
ഓരോ കൃഷിയിടത്തിന്റെയും ഭൂപ്രകൃതി, മണ്ണ്, ജല സംരക്ഷണ നടപടികള്‍ എന്നിവ കണക്കാക്കിയാണ് ഓരോ കൃഷിയിടത്തിലേക്കുമുള്ള പ്ലാന്‍ തയ്യാറാക്കുന്നത്.
ആദ്യഘട്ടത്തില്‍ 10760 കൃഷിയിടങ്ങളാണ് പദ്ധതിയിലുള്ളത്. തുടര്‍ന്ന് സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക വിജ്ഞാന കേന്ദ്രങ്ങളിലൂടെ കാര്‍ഷിക സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരുടെ സാങ്കേതിക സഹായത്തോടെയും കര്‍ഷകരുമായി കൂടിയാലോചിച്ചും കൃഷി ഓഫിസര്‍ തയ്യാറാക്കുന്ന ശാസ്ത്രീയമായ വിഭവാധിഷ്ഠിത ആസൂത്രണ രേഖ പ്രകാരമായിരിക്കും കൃഷിയിട വികസനം നടപ്പാക്കുക.
ഒരു കൃഷിഭവനില്‍ 10 എന്ന തോതിലാണ് ആദ്യഘട്ടത്തിലെ 10760 കൃഷിയിടാധിഷ്ഠിത പ്ലോട്ടുകള്‍ തയ്യാറാക്കുന്നത്. ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ സംസ്ഥാനതലത്തില്‍ കൃഷി അഡീഷണല്‍ ഡയറക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ മാസം തോറും നടക്കും. ജില്ലാ-ബ്ലോക്ക് തലത്തിലും വിലയിരുത്തല്‍ നടത്തും. ഓരോ ജില്ലയിലും ടാസ്ക് ഫോഴ്സ് രൂപീകരിച്ച് പദ്ധതിയുടെ നോഡല്‍ ഓഫിസര്‍മാര്‍ക്കും ബ്ലോക്ക് ലെവല്‍ കൃഷി ഉദ്യോഗസ്ഥര്‍ക്കും ഫാം പ്ലാനിങ് അനുബന്ധ വിഷയത്തില്‍ പരിശീലനം നല്‍കിക്കഴിഞ്ഞു. കൃഷിയിടാധിഷ്ഠിത ആസൂത്രണ പദ്ധതിക്കായി 16344 അപേക്ഷകള്‍ ആകെ ലഭിച്ചിരുന്നു. ബ്ലോക്കുകളില്‍ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് പ്രത്യേക യോഗങ്ങളും ഫീല്‍ഡ് തല സന്ദര്‍ശനവും വര്‍ക്ക് ഷോപ്പുകളും നടത്തുന്നുണ്ട്.
ഈ പദ്ധതിയുടെ ഭാഗമായി മണ്ണ് പരിശോധനയും സോയില്‍ കാര്‍ഡ് വിതരണവും നടത്തും. തെരഞ്ഞെടുത്ത ഓരോ കൃഷിയിടത്തിലുമാണ് മണ്ണ് സാമ്പിളുകളുടെ ശേഖരണവും പരിശോധനയും നടത്തുക. മണ്ണ് പരിശോധനയുടെ ഫലം ഓരോ കര്‍ഷകന്റെയും കൃഷിയിടത്തില്‍ സൂക്ഷിക്കുന്ന ഫീല്‍ഡ് ബുക്കില്‍ രേഖപ്പെടുത്തുകയും ചെയ്യും. സംസ്ഥാനത്ത് ഈ സാമ്പത്തിക വര്‍ഷം ഇതു വരെ 133,564 സാമ്പിളുകള്‍ പരിശോധിച്ച് ഹെല്‍ത്ത് കാര്‍ഡുകള്‍ നല്‍കിക്കഴിഞ്ഞു.
2023–24 സാമ്പത്തിക വര്‍ഷത്തില്‍ എല്ലാ കൃഷിഭവനുകളിലും മണ്ണ് പരിശോധനാ ക്യാമ്പയിന്‍ നടത്തും. ഇവയുടെ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ വിതരണം ചെയ്യും. ഓരോ കൃഷിഭവന്‍ തലത്തിലും ഇത്തരം സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ വിതരണം ചെയ്യത്തക്ക വിധത്തില്‍ വിള ആരോഗ്യ ക്ലിനിക്കുകള്‍ സ്ഥാപിക്കുന്നുണ്ട്. സംസ്ഥാനത്ത് ഇതുവരെ 276 വിള ആരോഗ്യ ക്ലിനിക്കുകള്‍ പ്രവര്‍ത്തനമാരംഭിച്ചു.
കൃഷിയിടാധിഷ്ഠിത പദ്ധതി നിര്‍വഹണം ദ്രുതഗതിയിലാക്കുന്നതിന് ജില്ലകള്‍ക്ക് കൃഷി വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പദ്ധതിയുടെ വിവിധ ഘടകങ്ങള്‍ക്കായി 3350 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
വിവരങ്ങളറിയാന്‍ മൊബൈല്‍ ആപ്പുകള്‍
കൃഷി വകുപ്പ്, മണ്ണ് പര്യവേഷണ-മണ്ണ് സംരക്ഷണവകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ സമഗ്ര മണ്ണ് വിവര പോര്‍ട്ടല്‍ ആരംഭിക്കുന്നതോടെ കര്‍ഷകര്‍ക്ക് കൃഷിയിടത്തിന്റെ ആസൂത്രണത്തിന് കൂടുതല്‍ സഹായകരമാകും. പോര്‍ട്ടലിന്റെ ഭാഗമായി വിവിധ മൊബൈല്‍ ആപ്പുകളും വിഭാവനം ചെയ്തിട്ടുണ്ട്. മണ്ണും കൃഷിയിട വിവരങ്ങളും വിഭവ ലഭ്യതയും ഉള്‍പ്പെടുത്തി സംയുക്ത മൊബൈല്‍ ആപ്പ് നിര്‍മ്മിക്കുന്നതും പരിഗണിക്കുന്നുണ്ട്.
English Summary: Now farm-based planning: Know the soil and know the seeds
You may also like this video