വന്യമൃഗങ്ങളെ പരിപാലിക്കാൻ കേരളത്തിൽ ആദ്യമായി വനിതാ അനിമൽ കീപ്പേഴ്സ്. പൊതുവേ സ്ത്രീകൾ കടന്നുവരാൻ മടിക്കുന്ന മേഖലയിൽ ചുവടുറപ്പിച്ച് പുതുചരിത്രം രചിക്കുകയാണ് പുത്തൂർ സുവോളജിക്കൽ പാർക്കിലെ ഈ വനിതാ അനിമൽ കീപ്പേഴ്സ്. തൃശൂർ സ്വദേശികളായ കെ എൻ നെഷിത, രേഷ്മ സി കെ, സജീന പിസി, ഷോബി എം ആർ, കൃഷ്ണ കെ ചന്ദ്രൻ എന്നിവരാണ് പുതുതായി അനിമൽ കീപ്പേഴ്സായി ജോലിയിൽ പ്രവേശിച്ചിരിക്കുന്നത്. നിലവിൽ ഇന്ത്യയിൽ ഡൽഹി മൃഗശാലയിൽ മാത്രമാണ് ഇത്തരത്തിൽ ഒരു വനിതാ ജീവനക്കാരിയുള്ളത്.
വന്യമൃഗങ്ങളുമായി ഇടപഴകാനും അവയുടെ ദൈനംദിന കാര്യങ്ങൾ ശ്രദ്ധിക്കാനും ഇരുമ്പുകൂടുകൾ വൃത്തിയാക്കാനുമെല്ലാം ഇനി ഇവരുമുണ്ടാകും. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സുവോളജിക്കൽ പാർക്കായ പുത്തൂർ സുവോളജിക്കൽ പാർക്കിലാണ് ഇവരുടെ ആദ്യനിയമനം. 600 അപേക്ഷകരിൽ നിന്നും പത്ത് പുരുഷന്മാർക്കൊപ്പമാണ് ഈ അഞ്ച് പേരും തെരഞ്ഞെടുക്കപ്പെട്ടത്. ഇവരിൽ മൂന്ന് പേർ വനവാസി വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ളവരാണ്. മൃഗങ്ങളുമായി ഇടപഴകുന്നതും കൂറ്റൻ ഇരുമ്പുകൂടുകൾ വൃത്തിയാക്കുക എന്നിവയാണ് ഇവരുടെ ജോലി. വന്യമൃഗങ്ങൾ വളർത്തുമൃഗങ്ങളല്ല എന്നതാണ് ആദ്യപാഠമെങ്കിലും ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ സുവോളജിക്കൽ പാർക്കിലെ ആദ്യത്തെ അതിഥിയായ വൈഗ എന്ന കടുവ ഇവർക്ക് ഏറെ പ്രിയപ്പെട്ടതായിക്കഴിഞ്ഞു.
തൃശൂരിലെയും തിരുവനന്തപുരത്തെയും മൃഗശാലകളിലായി ഓരോ മാസത്തെ പരിശീലനം പൂർത്തിയാക്കിയാണ് ഇവർ പുത്തൂരിലേക്കെത്തിയത്. മൃഗങ്ങളുടെ ഭക്ഷണകാര്യങ്ങൾ, അവയെ കൈകാര്യം ചെയ്യേണ്ട വിധം, ഒരു കൂട്ടിൽ നിന്നും മറ്റൊന്നിലേക്ക് മാറ്റുന്നത് എന്നിവ സംബന്ധിച്ചെല്ലാം പരിശീലനം ലഭിച്ച ഇവർ നിലവിൽ പുത്തൂരിൽ മൃഗങ്ങളുടെ കൂടുകളിലും മറ്റുമായി പരിശീലനം തുടരുകയാണ്. കഠിനാധ്വാനവും ശ്രദ്ധയും ഏറെ ആവശ്യമുള്ള ജോലിയാണെന്നിരിക്കെ, സ്ത്രീകൾ പുതിയ അവസരങ്ങൾ കണ്ടെത്തി മുന്നോട്ടുവരുന്നത് അഭിമാനകരമാണെന്ന് പുത്തൂർ സുവോളജിക്കൽ പാർക്ക് ഡയറക്ടർ ഡോ. ആർ കീർത്തി പറഞ്ഞു. ഇത്തരം ജോലിയിലേക്ക് സ്ത്രീകൾ കടന്നുവരുന്നത് സ്ത്രീശാക്തീകരണത്തിന്റെ മാതൃകയാണ്. സ്ത്രീകൾ എന്നു പറഞ്ഞ് മാറിനിൽക്കാതെ മുന്നിൽ നിന്നുതന്നെ എല്ലാകാര്യങ്ങളും പൂർണ്ണതയോടെയാണിവർ ചെയ്യുന്നതെന്നും ആർ കീർത്തി പറഞ്ഞു.
English Summary: Now women too to tame wild animals
You may also like this video