Site iconSite icon Janayugom Online

ഇനി വെള്ളി പണയംവച്ചും വായ്പയെടുക്കാം

ബാങ്കുകളില്‍ ഇനി വെള്ളിയും പണയം വയ്ക്കാമെന്ന് റിസര്‍വ് ബാങ്ക്. പുതിയ നിയമം അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വരും. വാണിജ്യ ബാങ്കുകൾ, സഹകരണ ബാങ്കുകൾ, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ, ഹൗസിങ് ഫിനാൻസ് കമ്പനികൾ എന്നിവയ്ക്കാണ് വെള്ളി പണയമായി സ്വീകരിക്കാന്‍ സാധിക്കുക. വായ്പ നല്‍കുമ്പോള്‍ കൃത്യമായ പരിശോധന വേണമെന്നും ആർബിഐ നിര്‍ദേശിക്കുന്നു.

പരമാവധി 10 കിലോഗ്രാം വെള്ളി വരെ ഈടായി സ്വീകരിക്കാം. വെള്ളി നാണയങ്ങളാണെങ്കിൽ പരമാവധി 500 ഗ്രാം ആണ് പരിധി. വായ്പ തുക രണ്ടര ലക്ഷം രൂപ മുതല്‍ അഞ്ചുലക്ഷം രൂപ വരെ എങ്കില്‍ പണയംവച്ച വെള്ളിയുടെ വിപണിവിലയുടെ 85 % വരെ നല്കാം. അഞ്ചു ലക്ഷം രൂപ വരെയാണെങ്കിൽ വിപണി വിലയുടെ 80 % വരെ നല്‍കുന്നതില്‍ തടസ്സമില്ല. അഞ്ചു ലക്ഷത്തിന് മുകളിലാണ് വായ്പയായി നല്കുന്നതെങ്കിൽ 75 % തുകയെ നല്കാൻ പാടുള്ളൂ. വെള്ളിയിൽ പതിപ്പിച്ചിരിക്കുന്ന വില കൂടിയ കല്ലുകൾ വായ്പയ്ക്കായി പരിഗണിക്കരുതെന്നും ഉത്തരവിൽ പറയുന്നു. വെള്ളിയിൽ നിക്ഷേപിച്ച ഇടിഎഫുകൾക്ക് വായ്പ ലഭിക്കില്ല. പണയംവച്ച വെള്ളി വീണ്ടും പുതുക്കി വച്ച് വായ്പ എടുക്കാൻ സാധിക്കില്ല. വായ്പയുടെ തിരിച്ചടവ് 12 മാസം കൊണ്ട് പൂർത്തിയാക്കണമെന്നും നിബന്ധനകളില്‍ പറയുന്നു, 

Exit mobile version