Site iconSite icon Janayugom Online

പ്രവാസികളെ ചങ്ങലയ്ക്കിട്ട് കേന്ദ്രം

PravasiPravasi

ഉപജീവനത്തിനായി വിദേശത്തുപോയി പണിയെടുക്കുന്ന പ്രവാസികളുടെ സമ്പാദ്യശീലത്തിന് വിലങ്ങണിയിച്ച് കേന്ദ്രം. ഭേദഗതി ചെയ്ത വിദേശനാണയ വിനിമയച്ചട്ടങ്ങ(ഫെമാ)ളിലെ കര്‍ക്കശവ്യവസ്ഥകളനുസരിച്ച് പ്രവാസികള്‍ക്ക് നാട്ടിലെ ബാങ്കുകളില്‍ സേവിങ്സ് ബാങ്ക് അക്കൗണ്ടുകള്‍പോലും നിരോധിച്ചു. സേവിങ്സ് ബാങ്ക് അക്കൗണ്ടുണ്ടെങ്കില്‍ പ്രവാസിയാകുന്നതോടെ അവ റദ്ദാക്കണം. ഇല്ലെങ്കില്‍ പിഴ ചുമത്തി ബാങ്കുകള്‍ തന്നെ റദ്ദാക്കും. എന്‍ആര്‍ഇ, എന്‍ആര്‍ഒ, എഫ്‌സിഎന്‍ആര്‍ തുടങ്ങിയ അക്കൗണ്ടുകള്‍ മാത്രമേ പാടുള്ളു. ഇവയാകട്ടെ കേന്ദ്ര സാമ്പത്തിക ഏജന്‍സികളുടെയും രഹസ്യാന്വേഷണ ഏജന്‍സികളുടെയും നിതാന്ത നിരീക്ഷണത്തിലുമായിരിക്കും.

പ്രവാസി സമ്പാദ്യം ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നുവോ എന്ന് കണ്ടെത്താനാണ് ഈ നിരീക്ഷണമെന്നാണ് ന്യായീകരണം. ഭൂരഹിതരും ഭവനരഹിതരുമാണ് വിദേശത്ത് ചേക്കേറുന്ന പ്രവാസികളില്‍ നല്ലൊരു പങ്ക്. എന്നാല്‍ പ്രവാസിക്ക് നാട്ടില്‍ കൃഷി ഭൂമി, തോട്ടം, ഫാം ഹൗസ് എന്നിവ സ്വന്തം പേരില്‍ വാങ്ങാന്‍ അവകാശമില്ലെന്ന ക്രൂരമായ വ്യവസ്ഥയും ഭേദഗതി ചെയ്യപ്പെട്ട 1999ലെ ഈ കേന്ദ്ര ഫെമാ നിയമത്തിലുണ്ട്. പൈതൃക സ്വത്തുമാത്രമേ നിലനിര്‍ത്താവൂ. ഭൂമി വാങ്ങി മറിച്ചുവില്‍ക്കാന്‍ പാടില്ല. എന്നാല്‍ കൈവശ ഭൂമിയില്‍ കെട്ടിടനിര്‍മ്മാണം നടത്തി വില്പന നടത്താവുന്നതാണ്. പ്രവാസികള്‍ നാട്ടില്‍ ഭൂമി വാങ്ങുന്നത് വിലക്കുകമാത്രമല്ല ഭൂമി വാങ്ങിയാല്‍ പുതിയ ഫെമാ നിയമ പ്രകാരം കനത്ത പിഴയും ചുമത്തും. 300 ശതമാനം വരെയാണ് പിഴ. ഉദാഹരണമായി ഒരു പ്രവാസി നാട്ടില്‍ അര കോടിയുടെ ഭൂമി വാങ്ങിയെന്നിരിക്കട്ടെ.

സംസ്ഥാനത്ത് ഭൂമിക്ക് മോഹവിലയായതിനാല്‍ 50 ലക്ഷത്തിനു ലഭിക്കുക പരമാവധി പത്തോ പതിനഞ്ചോ സെന്റ് ഭൂമിയായിരിക്കും. ഈ പത്തു സെന്റ് ഭൂമി വാങ്ങുന്നതുപോലും നിയമലംഘനമായി കണക്കാക്കി മൂന്നിരട്ടി വരുന്ന ഒന്നര കോടിയാകും പിഴയായി ഈടാക്കുക. ഇപ്രകാരം ‘നിയമലംഘനം’ നടത്തി വാങ്ങുന്ന ഭൂമിയുടെ വില തിട്ടപ്പെടുത്താനാവാത്ത സാഹചര്യത്തില്‍ രണ്ടു ലക്ഷം രൂപയും ‘നിയമലംഘനം’ നടത്തുന്ന ഓരോ ദിവസത്തേക്ക് 5,000 രൂപ വീതവും പിഴ ഈടാക്കും. പിഴയടച്ചാല്‍ മാത്രം പോര. ഇപ്രകാരം വാങ്ങിയ കാര്‍ഷിക ഭൂമി, തോട്ടം, ഫാം ഹൗസ് എന്നിവ തുടങ്ങിയ എല്ലാ വസ്തുക്കളും ഇന്ത്യയില്‍ സ്ഥിര താമസമാക്കിയ ഒരാള്‍ക്ക് വില്‍ക്കുകയും വേണം. ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയവര്‍ക്ക് കടം കൊടുക്കുന്നതിലും അവരില്‍ നിന്നും പ്രവാസി കടം വാങ്ങുന്നതിലുമുണ്ട് നിയന്ത്രണങ്ങള്‍ .

കടം കൊടുക്കുന്നതും വാങ്ങുന്നതും ഇന്ത്യന്‍ രൂപയിലായിക്കൂട, വിദേശ നാണയത്തില്‍ മാത്രമാകണം. അതായത് പ്രവാസിയുടെ പേരിലുള്ള ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് എന്‍ആര്‍ഇ, എന്‍ആര്‍ഒ, എഫ്‌സിഎന്‍ആര്‍, എന്‍ആര്‍എന്‍ആര്‍ തുടങ്ങിയ പ്രവാസിയുടെ അക്കൗണ്ടുകള്‍ മുഖേനയോ മാത്രമേ കടം നല്കാനാവൂ. പ്രവാസി വാങ്ങുകയും നല്കുകയും ചെയ്യുന്ന വായ്പയുടെ കാലാവധി മൂന്നു വര്‍ഷത്തില്‍ അധികരിക്കാന്‍ പാടില്ല. പ്രവാസികള്‍ കടം വാങ്ങുന്നത് ഇന്ത്യന്‍ ബാങ്കുകള്‍ വഴിയാകുന്നത് പ്രോത്സാഹിപ്പിക്കാനാണ് ഈ വ്യവസ്ഥയെന്നും വിശദീകരണമുണ്ട്.

പ്രവാസികള്‍ക്ക് കനത്ത ആഘാതമായ കേന്ദ്ര നിയമത്തെ പ്രതിരോധിക്കാന്‍ സംസ്ഥാനം പ്രത്യേക നിയമം കൊണ്ടുവരണമെന്ന് ഖത്തറില്‍ നിന്നുള്ള ലോക കേരളസഭാംഗമായ അബ്ദുല്‍ റൗഫ് കൊണ്ടോട്ടി അഭ്യര്‍ത്ഥിച്ചു. കേന്ദ്രത്തിന്റെ ഈ ഫെമാ നിയമത്തിനെതിരെ സംസ്ഥാനം നടപടികളെടുക്കണമെന്ന് കാണിച്ച നിവേദനം ഈയിടെ ഖത്തര്‍ സന്ദര്‍ശിച്ച കൃഷി മന്ത്രി പി പ്രസാദിന് അദ്ദേഹം നല്കുകയും ചെയ്തിട്ടുണ്ട്.

Eng­lish Sum­ma­ry: nri bank account
You may also like this video

Exit mobile version