ചോദ്യ പേപ്പര്‍ ചോര്‍ച്ച വിവാദത്തിന്റെ നിഴലില്‍ സിഎസ്ഐആര്‍-നെറ്റ് പരീക്ഷയും ദേശീയ പരീക്ഷാ ഏജന്‍സി (എന്‍ടിഎ) റദ്ദാക്കി. ഈ മാസം 25 മുതല്‍ 27 വരെ നടത്താനിരുന്ന പരീക്ഷയാണ് കാരണം വ്യക്തമാക്കാതെ മാറ്റിവച്ചത്. ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന സംശയത്തെ തുടര്‍ന്ന് ഈ മാസം 18ന് നടന്ന യുജിസി-നെറ്റ് പരീക്ഷ എന്‍ടിഎ റദ്ദാക്കിയിരുന്നു. സയന്‍സ്, എന്‍ജിനീയറിങ്, സാങ്കേതികവിദ്യ വിഷയങ്ങളിലെ കോളജ് അധ്യാപക യോഗ്യതാ പരീക്ഷയാണ് സിഎസ്ഐആര്‍-നെറ്റ്. നീറ്റ്, നെറ്റ് പരീക്ഷ ക്രമക്കേടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് സിഎസ്ഐആര്‍ പരീക്ഷ മാറ്റിയതെന്നതാണ് സംശയത്തിന്റെ നിഴലിലാക്കുന്നത്.
ഒഴിവാക്കാനാകാത്ത സാഹചര്യത്തെ തുടര്‍ന്ന് മാറ്റിവെച്ചെന്നാണ് എന്‍ടിഎ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. ജീവനക്കാരെ വിന്യസിക്കുന്നതിലും മറ്റ് സേവനങ്ങളിലുമുള്ള പ്രശ്നങ്ങളും കാരണമാണെന്ന് ഏജന്‍സി ചൂണ്ടിക്കാട്ടുന്നു. പുതുക്കിയ തീയതി പിന്നീട് ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയിക്കുമെന്നും പറയുന്നു.
പരീക്ഷാ ഹാള്‍ടിക്കറ്റ് വെബ്സൈറ്റില്‍ നിന്ന് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യണമെന്ന് ഇന്നലെ വൈകുന്നേരം ഏഴ് മണിയോടെ എന്‍ടിഎ അറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ എട്ട് മണിയോടെ പരീക്ഷ നീട്ടിവച്ചതായി അറിയിക്കുകയായിരുന്നു. ഇതൊക്കെയാണ് ചോദ്യ പേപ്പര്‍ ചോര്‍ന്നതാണെന്ന് അടക്കമുള്ള സംശയങ്ങള്‍ ഉയര്‍ത്തുന്നത്. ഇതുസംബന്ധിച്ച് വ്യക്തത വരുത്താന്‍ കേന്ദ്രസര്‍ക്കാരോ, എന്‍ടിഎയോ രാത്രി വൈകിയും തയ്യാറായില്ല. അതിനിടെ യുജിസി-നെറ്റ് പരീക്ഷാ ക്രമക്കേടില്‍ സിബിഐ അന്വേഷണം ആരംഭിച്ചു. 11 ലക്ഷം പേരാണ് യുജിസി-നെറ്റ് എഴുതിയത്. ആര്‍ട്സ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളില്‍ കോളജ് അധ്യാപനത്തിനും ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പിനുമുള്ള യോഗ്യത പരീക്ഷയാണ് യുജിസി-നെറ്റ്.
മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷയില്‍ ക്രമക്കേട് നടന്നതായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ സമ്മതിച്ചിരുന്നു. ബിഹാറിലടക്കം തിരിമറി നടന്നതായാണ് അദ്ദേഹം സമ്മതിച്ചത്. നീറ്റ് യുജിയില്‍ നല്‍കിയ ഗ്രേസ് മാര്‍ക്ക് പിന്‍വലിക്കാനും ഇവര്‍ക്ക് വീണ്ടും പരീക്ഷ നടത്താനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. നീറ്റ് യുജി പരീക്ഷ സംബന്ധിച്ച ഹര്‍ജികള്‍ ജൂലൈ എട്ടിന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും.
വിദ്യാര്‍ത്ഥി പ്രതിഷേധം ശക്തം
നീറ്റ് പരീക്ഷാ ക്രമക്കേടില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ശക്തമായ വിദ്യാര്‍ത്ഥി പ്രതിഷേധം. ഇടതുപക്ഷ, പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഡല്‍ഹി യൂണിവേഴ്‌സിറ്റി നോര്‍ത്ത് കാമ്പസിലെ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.
ഹൈദരാബാദ്, ലഖ്‌നൗ, പട്ന എന്നിവിടങ്ങളിലും വന്‍ പ്രതിഷേധം അരങ്ങറി. പ്രതിഷേധത്തെ തുടര്‍ന്ന ഡല്‍ഹി യുണിവേഴ്‌സിറ്റിയില്‍ യോഗാ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിക്കാനിരുന്ന പരിപാടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ റദ്ദാക്കി. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധം നടത്തി.
നീറ്റ് യുജി പരീക്ഷ 4,750 കേന്ദ്രങ്ങളിലായി 24 ലക്ഷം വിദ്യാര്‍ത്ഥികളാണ് എഴുതിയത്. ഇവരില്‍ പലര്‍ക്കും പരീക്ഷയ്ക്കു മുന്നേ ചോദ്യ പേപ്പര്‍ ചോര്‍ന്നു കിട്ടിയതായി വിദ്യാര്‍ത്ഥികള്‍തന്നെ മൊഴി നല്‍കിയിട്ടുണ്ട്. പരീക്ഷാ ക്രമക്കേടിന്റെ ഉത്തരവാദിത്വം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഏറ്റെടുക്കുകയും ഉന്നത തല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
ചോദ്യ പേപ്പര്‍ ചോര്‍ച്ചയുടെ പശ്ചാത്തലത്തില്‍ നീറ്റ്-യുജി കൗണ്‍സിലിങ് റദ്ദാക്കണമെന്ന ആവശ്യവുമായി ഇന്നലെയും ഹര്‍ജിയെത്തിയെങ്കിലും സുപ്രീം കോടതി തള്ളി. അതേസമയം എന്‍ടിഎയ്ക്കും കേന്ദ്രസര്‍ക്കാരിനും നോട്ടീസയക്കുകയും ചെയ്തു.
English Summary:NTA has also canceled the CSIR-NET exam
You may also like this video