Site iconSite icon Janayugom Online

ആഗോള വെല്ലുവിളിയായി ആണവായുധ മത്സരം; ചൈന രണ്ടു വര്‍ഷത്തിനുള്ളില്‍ ചേര്‍ത്തത് നൂറിലേറെ ആണവ പോര്‍മുനകള്‍

ലോകം ആണവ മത്സരത്തിന്റെ പുതിയ ഘട്ടത്തിലേക്ക് കടന്നതായി സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടി(എസ്എ‌െപിആര്‍എ‌െ) ന്റെ റിപ്പോർട്ട്. ആയുധനിയന്ത്രണവും നിരായുധീകരണവും അന്താരാഷ്ട്ര സുരക്ഷയും സംബന്ധിച്ച് എസ്ഐപിആര്‍ഐ പുറത്തിറക്കിയ 2025 ലെ ഇയര്‍ബുക്കില്‍ ആണവായുധവിദ്യ സ്വായത്തമാക്കിയ രാഷ്ട്രങ്ങള്‍ തങ്ങളുടെ ആണവശക്തി വര്‍ധിപ്പിക്കാന്‍ വേണ്ടി കടുത്ത മാത്സര്യം പുലര്‍ത്തുന്നുവെന്നും പറയുന്നു.
ആണവായുധ രാജ്യങ്ങളായ യുഎസ്, റഷ്യ, യുകെ, ഫ്രാന്‍സ്, ചൈന, ഇന്ത്യ, പാകിസ്ഥാന്‍, ഉത്തര കൊറിയ, ഇസ്രയേല്‍ എന്നിവ ആണവായുധമേഖലയില്‍ നൂതനപരീക്ഷണങ്ങള്‍ തുടരുകയും നിലവിലുള്ള ആയുധങ്ങള്‍ കൂടുതല്‍ ആധുനികവല്‍ക്കരിക്കുകയുമാണ്. പഴയ ആണവ പോര്‍മുനകൾ നീക്കം ചെയ്യുന്നതിനാൽ മൊത്തം എണ്ണം കുറയുന്നുണ്ടെങ്കിലും, പുതിയതും ശക്തവുമായ യുദ്ധമുനകൾ ശേഖരത്തിലേക്ക് എത്തുന്നുണ്ട്. ആണവ നിയന്ത്രണ കരാറുകളുടെ അഭാവം ഈ പ്രവണതയെ കൂടുതൽ വഷളാക്കുന്നുവെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നൽകുന്നു.

ചൈനയുടെ ആണവായുധശേഖരം അറുന്നൂറ് കവിഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. നൂറോളം പുതിയ ആയുധശേഖരങ്ങള്‍ 2023ലും 2024 ലിലുമായി ചൈന നിലവിലെ ആയുധശേഖരത്തോടൊപ്പം ചേര്‍ത്തതായി എസ്ഐപിആര്‍ഐ പറയുന്നു. ഏഴെട്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ ചൈന തങ്ങളുടെ ആയുധശേഖരം ആയിരത്തിലേക്കെത്തിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്താകെയുള്ള 12,241 ആണവായുധശേഖരങ്ങളില്‍ 9,614 എണ്ണവും സൈനികകേന്ദ്രങ്ങളില്‍ സാധ്യമായ ഉപയോഗത്തിനായി കരുതിയിരിക്കുകയാണ്. ഏകദേശം 3,912 എണ്ണം മിസൈലുകളിലും വിമാനങ്ങളിലുമായി വിന്യസിച്ചിട്ടുണ്ട്. റഷ്യയും യുഎസും ചൈനയുമാണ് ഇത്തരത്തില്‍ വിന്യസിച്ചിരിക്കുന്ന രാജ്യങ്ങളില്‍ മുന്‍പന്തിയിലുള്ളത്. 2035ല്‍ 1500 ആണവായുധശേഖരണമെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ചൈനയുടെ പ്രവര്‍ത്തനം. നിലവില്‍ റഷ്യയുടെ കൈവശമാണ് ഏറ്റവും കൂടുതല്‍ ആണവായുധ ശേഖരമുള്ളത്, 5,459. തൊട്ടുപിന്നില്‍ യുഎസാണ്, 5,177. ഇസ്രയേലിന്റെ കൈവശമുള്ളത് 90ഉം. റഷ്യ ആണവായുധ ഉപയോഗത്തിന്റെ പരിധി കുറച്ചതായും റിപ്പോർട്ടില്‍ പരാമര്‍ശമുണ്ട്.

Exit mobile version