പ്രധാനമന്ത്രി നരേന്ദ്ര മോഡി മണിപ്പൂര്‍ വിഷയത്തില്‍ സഭയില്‍ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം മുഴക്കുന്നതിനിടെ മൂന്ന് ബില്ലുകള്‍ പാസാക്കിയെടുത്ത് കേന്ദ്രം. നാഷണൽ നഴ്സിങ് ആന്റ് മിഡ്‌വൈഫറി കമ്മിഷൻ ബിൽ, നാഷണൽ ഡെന്റൽ കമ്മിഷൻ ബിൽ, മൈൻസ് ആന്റ് മിനറൽസ് (ഡെവലപ്മെന്റ് ആന്റ് റെഗുലേഷൻ) ഭേദഗതി ബിൽ എന്നിവയാണ് ശബ്ദവോട്ടോടെ പാസാക്കിയത്. അരമണിക്കൂറിനുള്ളില്‍ മൂന്ന് ബില്ലുകള്‍ ചര്‍ച്ചകൂടാതെ പാസാക്കിയത് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
ഭൂമിക്കടിയിലെ ധാതുക്കളും സ്വകാര്യ കുത്തകകള്‍ക്ക് കയ്യാളാന്‍ അവസരമൊരുക്കുന്നതാണ് മൈൻസ് ആന്റ് മിനറൽസ് ഭേദഗതി ബില്‍. പുതിയ നിയമം പ്രാബല്യത്തില്‍ എത്തുന്നതോടെ ആണവ ധാതുക്കളുടെ ഖനനത്തിന് സ്വകാര്യ മേഖലയ്ക്കും അവസരമൊരുങ്ങും. നിര്‍ണായകമായ ധാതുക്കള്‍ ഖനനം ചെയ്യാന്‍ നിലവില്‍ സര്‍ക്കാരിനു മാത്രമാണ് അനുമതി ഉണ്ടായിരുന്നത്. ആണവ ധാതുക്കളുടെ പട്ടികയില്‍ പെടുന്നതും സര്‍ക്കാരിനു മാത്രം ഖനനാനുമതിയുള്ളതുമായ 12 എണ്ണത്തില്‍ ആറെണ്ണം ഖനനം ചെയ്യാനുള്ള അനുമതിയാണ് സ്വകാര്യ മേഖലയ്ക്ക് ലഭിക്കുക. ധാതുഖനനത്തിനുള്ള അനുമതി നല്‍കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരില്‍ മാത്രം നിക്ഷിപ്തമാക്കുന്ന വ്യവസ്ഥയും ബില്ലിലുണ്ട്.
വൈദ്യുത വാഹനങ്ങളില്‍ ബാറ്ററിക്കായി ഉപയോഗിക്കുന്ന ലിഥിയം, ബര്‍ലിയം, നിയോബിയം, ടൈറ്റാനിയം, ടാന്റലം, സിര്‍ക്കോണിയം എന്നീ ധാതുക്കളുടെ ഖനനമാണ് സര്‍ക്കാര്‍ ബില്ലിലൂടെ സ്വകാര്യ മേഖലയ്ക്ക് തുറന്നു കൊടുക്കാന്‍ അവസരം സൃഷ്ടിച്ചിരിക്കുന്നത്. ശൂന്യാകാശ വ്യവസായങ്ങള്‍, ഊര്‍ജം, വാഹന ബാറ്ററികള്‍, ഇലക്ട്രോണിക്സ്, വാര്‍ത്താ വിനിമയ മേഖലകളിലെ വ്യവസായങ്ങള്‍ക്കാണ് ഈ ധാതുക്കള്‍ ആവശ്യമായി വരുന്നത്. ഭൂമിക്കടിയില്‍ ഖനനം ചെയ്ത് കണ്ടെത്തുന്ന സ്വര്‍ണം, വെള്ളി, വജ്രം, കോപ്പര്‍, സിങ്ക്, നിക്കല്‍, കോബാള്‍ട്ട്, പ്ലാറ്റിനം ധാതുക്കളും സ്വകാര്യ മേഖലയ്ക്ക് കയ്യടക്കാന്‍ ബില്‍ ലക്ഷ്യമിടുന്നു. കല്‍ക്കരി ഖനന മന്ത്രി പ്രഹ്ലാദ് ജോഷിയാണ് ബില്‍ അവതരിപ്പിച്ചത്. കരിമണല്‍ ഖനനം സര്‍ക്കാരില്‍ മാത്രം നിക്ഷിപ്തമായിരിക്കുമെന്ന് മന്ത്രി അവകാശപ്പെട്ടു.
സര്‍ക്കാരിനെതിരെ പ്രതിപക്ഷം നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസ് ചർച്ച ചെയ്യുന്നതുവരെ മറ്റ് കാര്യങ്ങൾ സഭ ചെയ്യേണ്ടതില്ലെന്ന് പ്രതിപക്ഷം ശക്തമായി വാദിച്ചു. 1978 മേയിൽ അവിശ്വാസ പ്രമേയം അവതരിപ്പിച്ചപ്പോൾ അതേദിവസം തന്നെ ചർച്ച നടന്നതായി ലോക്‌സഭയിലെ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി ചൂണ്ടിക്കാട്ടി. എന്നാല്‍ അവിശ്വാസ ചർച്ചയ്ക്ക് തീയതി നൽകാമെന്നും ചോദ്യോത്തര വേള തുടരാൻ അനുവദിക്കണന്നും സ്പീക്കർ ഓം ബിർള ആവശ്യപ്പെട്ടു. ‘അതിന് 10 ദിവസത്തെ സമയമുണ്ട്’ എന്ന് പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയും നിലപാടെടുത്തു.
ഏഴാംദിനവും സഭ സ്തംഭിച്ചു
മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി സഭയില്‍ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും ഇന്നലെയും സ്തംഭിച്ചു. തുടര്‍ച്ചയായ ഏഴാംദിനമാണ് സഭ പ്രതിഷേധത്തില്‍ മുങ്ങിപ്പോയത്.
രാവിലെ ലോക്‌സഭ സമ്മേളിച്ചയുടന്‍ കോണ്‍ഗ്രസ് അംഗം അധിര്‍രഞ്ജന്‍ ചൗധരി അവിശ്വാസ പ്രമേയത്തില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് നോട്ടീസ് സംബന്ധിച്ച് വിഷയം വിവിധ കക്ഷികളുമായി ചര്‍ച്ച ചെയ്യാന്‍ സ്പീക്കര്‍ സമയം ആവശ്യപ്പെട്ട വിഷയം പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി സഭയില്‍ ചൂണ്ടിക്കാട്ടി. ഇതോടെ പ്രതിപക്ഷ പ്രതിഷേധത്തില്‍ പിരിഞ്ഞ സഭ 12ന് വീണ്ടും സമ്മേളിച്ചു. പ്രതിഷേധം വീണ്ടും കനത്തതോടെ മൈന്‍സ് ആന്റ് മിനറല്‍സ് ഭേദഗതി ബില്‍, നാഷണല്‍ നഴ്‌സിങ് ആന്റ് മിഡ്‌വൈഫറി കമ്മിഷന്‍ ബില്‍, നാഷണല്‍ ഡെന്റല്‍ കമ്മിഷന്‍ ബില്‍ എന്നിവ പാസാക്കി സഭ തിങ്കളാഴ്ചത്തേക്ക് പിരിഞ്ഞു.
രാജ്യസഭ രാവിലെ സമ്മേളിച്ചയുടന്‍ പ്രതിപക്ഷം പ്രതിരോധം സൃഷ്ടിച്ചതോടെ തിങ്കളാഴ്ചത്തേക്ക് പിരിഞ്ഞു. ടിഎംസി അംഗം ഡെറിക് ഒബ്രയാനും ചെയര്‍മാന്‍ ജയ്ദീപ് ധന്‍ഖറും തമ്മില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് സഭ രാവിലെ തന്നെ പിരിഞ്ഞത്. മണിപ്പൂര്‍ വിഷയ നോട്ടീസുകളില്‍ ചര്‍ച്ചയ്ക്ക് അനുമതി നല്‍കാത്തത് ഒഒബ്രയാന്‍ ചോദ്യം ചെയ്തു. മേശയിലടിച്ചാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്. ഒബ്രയാന്റെ ഈ നടപടിയെ ചെയര്‍മാന്‍ വിമര്‍ശിച്ചതോടെ പ്രതിഷേധം കനത്തു.
English Summary; Nuclear minerals and monopolies
You may also like this video