Site icon Janayugom Online

അജ്ഞാത ഗ്രൂപ്പുകളിലൂടെ നമ്പര്‍ ചോര്‍ച്ച സംസ്ഥാനത്ത് വ്യാപകം: വാട്സ്ആപ്പ് തട്ടിപ്പിന്റെ പുതിയ രീതി ഇങ്ങനെ…

whatsapp

അനുമതി കൂടാതെ ഫോണ്‍ നമ്പറുകള്‍ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ചേര്‍ത്തുള്ള തട്ടിപ്പുകള്‍ സംസ്ഥാനത്ത് വ്യാപകമാകുന്നു. കോവിഡ് കാലത്ത് ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയി നടക്കുന്നതിനാല്‍ പലരും പങ്കുവെച്ച നമ്പറുകളാണ് ഇപ്പോള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതെന്നാണ് വിവരം. യുവതികളുടെയും സ്ത്രീകളുടെയും നമ്പറുകള്‍ ഇത്തരത്തില്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്.  അജ്ഞാത ഗ്രൂപ്പുകളില്‍ നിന്ന് നോട്ടിഫിക്കേഷന്‍ വരുന്നതോടെയാണ് നമ്പര്‍ ചോര്‍ത്തപ്പെട്ടതായി തിരിച്ചറിയാന്‍ കഴിയുക. എന്തെങ്കിലും ചോദ്യം ചോദിച്ചാല്‍ത്തന്നെ യാതൊരു മറുപടിയും ലഭിക്കില്ല. ഏത് രാജ്യത്തുള്ളവരാണെന്നോ ഏത് ഭാഷക്കാരാണെന്നോ പോലും തിരിച്ചറിയാന്‍ കഴിയില്ല. ഗ്രൂപ്പിലുള്ളവര്‍ ആശയവിനിമയം നടത്തുന്നതായും വിവരങ്ങളില്ല.

യാതൊരു പരിചയവും ഇല്ലാത്തവര്‍ അടങ്ങുന്ന ആളുകളുടെ ഇടയിലേയ്ക്കാണ് ഇങ്ങനെ ഫോണ്‍ നമ്പറുകള്‍ ചെല്ലുന്നതെന്ന് സാരം. ഇത്തരക്കാര്‍ പ്രൊഫൈല്‍ പിക്ചറിലെ ഫോട്ടോയും ദുരുപയോഗം ചെയ്യാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ഈ ഗ്രൂപ്പുകളുടെ പിന്നിലുള്ള ഉദ്ദേശ്യം വ്യക്തമല്ല.

എന്തെങ്കിലും പന്തികേട് തോന്നി പുറത്തുപോയാല്‍പ്പോലും ഗ്രൂപ്പിലുള്ള മറ്റുള്ളവരിലേക്കും അവിടെനിന്ന് പുറത്തേക്കും ഫോണ്‍ നമ്പറുകള്‍ എളുപ്പത്തില്‍ എത്തിപ്പെടുന്നു.

അതേസമയം സ്ത്രീകള്‍ മാത്രമല്ല, പുരുഷന്മാരും ഈ ഗ്രൂപ്പുകളില്‍ അറിയാതെ ചെന്നെത്തുന്നതായും വിവരങ്ങളുണ്ട്. ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കുന്ന സാഹചര്യത്തില്‍ ഇത്തരം അജ്ഞാത ഗ്രൂപ്പുകള്‍ വഴി നമ്പര്‍ ചോര്‍ത്തപ്പെടുന്നത് ആശങ്കകള്‍ക്കിടയാക്കിയിട്ടുണ്ട്. ഫോണ്‍ വഴി കബളിപ്പിക്കപ്പെടുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നതും ആശങ്കകള്‍ വര്‍ധിപ്പിക്കുന്നു.

Eng­lish Sum­ma­ry: Num­ber leak through anony­mous groups is wide­spread in the state: The new method of What­sApp cheat­ing is like this …

You may like this video also

Exit mobile version