Site iconSite icon Janayugom Online

വോട്ട് രേഖപ്പെടുത്തിയവരുടെ കണക്ക്; ഇടക്കാല ഉത്തരവില്ല: സുപ്രീം കോടതി

വോട്ടെടുപ്പ് നടന്ന് 48 മണിക്കൂറിനുള്ളില്‍ പോള്‍ ചെയ്ത വോട്ടുകളുടെ ബൂത്തു തിരിച്ചുള്ള കണക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ നിര്‍ദേശിക്കണമെന്നുള്ള ഹര്‍ജിയില്‍ ഇടക്കാല ഉത്തരവിന് വിസമ്മതിച്ച് സുപ്രീം കോടതി. ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരുള്‍പ്പെട്ട അവധിക്കാല ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് തുടരുന്ന സാഹചര്യത്തില്‍ തല്‍ക്കാലം ഇടക്കാല ഉത്തരവു പുറപ്പെടുവിക്കാന്‍ കഴിയില്ല. അത് നടപടികള്‍ക്ക് തടസം സൃഷ്ടിക്കും. നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലുള്ള റിട്ട് ഹര്‍ജിക്കൊപ്പം ഈ ഹര്‍ജിയുടെ വാദം കേള്‍ക്കും. കമ്മിഷന്റെ അധികാരത്തില്‍ വിശ്വാസമുണ്ടെന്നും ഒരു മണിക്കൂറില്‍ അധികം നീണ്ട വാദത്തിനിടെ ജസ്റ്റിസ് ദത്ത വാക്കാല്‍ പറഞ്ഞു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ഡിവാല, മനോജ് മിശ്ര എന്നിവരുള്‍പ്പെട്ട ബഞ്ചാണ് ഹര്‍ജികള്‍ നേരത്തെ പരിഗണിച്ചത്.

തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ ഓരോ ബൂത്തുകളിലും രേഖപ്പെടുത്തിയ വോട്ടുകള്‍ എത്രയെന്ന കൃത്യമായ കണക്കു നല്‍കുന്ന ഫോം 17 സി യുടെ സ്‌കാന്‍ പകര്‍പ്പ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് എന്ന സന്നദ്ധ സംഘടന, തൃണമൂല്‍ നേതാവ് മഹുവ മൊയ്ത്ര എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. മുതിര്‍ന്ന അഭിഭാഷകരായ മനു അഭിഷേക് സിംഘ്‌വി മഹുവ മൊയ്ത്രക്കും ദുഷ്യന്ത് ദാവെ എഡിആറിനും മനീന്ദര്‍ സിങ് തെരഞ്ഞെടുപ്പ് കമ്മിഷനും വേണ്ടി ഹാജരായി. 

Eng­lish Summary:Number of Vot­ers; No inter­im order: Supreme Court
You may also like this video

Exit mobile version