Site iconSite icon Janayugom Online

കോ-ലീ-ബി സഖ്യം: ബിജെപിയും യുഡിഎഫും വോട്ടുകച്ചവടം നടത്തിയെന്ന് ഒ രാജഗോപാൽ

കേരളത്തിലെ തെരഞ്ഞെടുപ്പുകളില്‍ ബിജെപിയും കോൺഗ്രസും തമ്മില്‍ വോട്ടു കച്ചവടം നടത്തിയിട്ടുണ്ടെന്ന മുതിര്‍ന്ന ബിജെപി നേതാവ് ഒ രാജഗോപാലിന്റെ വെളിപ്പെടുത്തല്‍ യുഡിഎഫിന്റേയും എന്‍ഡിഎയുടേയും അടിവേരിളക്കുന്നു. 1991ലെ തെരഞ്ഞെടുപ്പിൽ ബിജെപിയും യുഡിഎഫും വോട്ടുകച്ചവടം നടത്തിയെന്നാണ് തന്റെ ആത്മകഥയായ ‘ജീവിതാമൃത’ത്തിൽ രാജഗോപാൽ വെളിപ്പെടുത്തിയത്. ഈ വോട്ടുകച്ചവടം ബിജെപിക്ക് തിരിച്ചടിയായിരുന്നുവെന്നും അദ്ദേഹം തുറന്നുപറയുന്നു. ബിജെപി വോട്ടുകൂടി നേടിയാണ് യുഡിഎഫ് അന്ന് അധികാരത്തിലെത്തിയത്. പി പി മുകുന്ദന്റെ പരിചയക്കുറവ് ഇരുമുന്നണികളും മുതലെടുത്തുവെന്നും കെ ജി മാരാർക്കും രാമൻപിള്ളക്കും നൽകാമെന്ന് പറഞ്ഞ സഹായം കിട്ടിയില്ലെന്നും വ്യക്തമാക്കിയ രാജഗോപാല്‍ തെരഞ്ഞെടുപ്പില്‍ എൽഡിഎഫ് ഉന്നയിച്ച കോലീബി എന്ന ആക്ഷേപം മാത്രമാണ് ഇതിന്റെ ഫലമെന്നും വെളിപ്പെടുത്തുന്നു.

 


ഇതുംകൂടി വായിക്കാം ;വോട്ടുകച്ചവടത്തിന്റെ സാക്ഷ്യം; കമ്മ്യൂണിസ്റ്റുകാരെ തോല്‍പ്പിക്കാന്‍ വോട്ടുമറിച്ചിട്ടുണ്ടെന്ന് ഒ രാജഗോപാല്‍


 

ഇടതുപക്ഷ ജനാധിപത്യമുന്നണിയെ നേരിടാന്‍ സംസ്ഥാനത്ത് പല മണ്ഡലങ്ങളിലും ബിജെപിയും യുഡിഎഫും ചേര്‍ന്ന് അവിശുദ്ധ സഖ്യം രൂപീകരിച്ചത് കേരള രാഷ്ട്രീയത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. എന്നാല്‍ യുഡിഎഫ് നേതൃത്വം ഇത് നിഷേധിക്കുകയായിരുന്നു. ബിജെപി നേതാക്കളില്‍ ചിലര്‍ പില്‍ക്കാലത്ത് തെറ്റ് ഏറ്റുപറഞ്ഞപ്പോഴും കോണ്‍ഗ്രസിലേയും മുസ്‌ലിം ലീഗിലേയും നേതാക്കളെല്ലാം ഇത് നിഷേധിക്കുകതന്നെയായിരുന്നു. അവരുടെ വാദമാണ് രാജഗോപാലിന്റെ വെളിപ്പെടുത്തലോടെ പൊളിഞ്ഞത്.

1991 ലെ ബിജെപി-കോൺഗ്രസ് ധാരണയെക്കുറിച്ച് ബിജെപി നേതാവ് കെ ജി മാരാറും നേരത്തെ തുറന്നുപറഞ്ഞിരുന്നു. കെ ജി മാരാരുടെ ജീവചരിത്രത്തിലെ ‘പാഴായ പരീക്ഷണം’ എന്ന അധ്യായത്തിലായിരുന്നു ഈ വെളിപ്പെടുത്തല്‍. അന്ന് മഞ്ചേശ്വരം മണ്ഡലത്തിലായിരുന്നു കെ ജി മാരാർ മത്സരിച്ചത്. 1991 ൽ ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചാണ് നടന്നത്. 1989 ൽ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ എല്‍ഡിഎഫ് വന്‍വിജയം കരസ്ഥമാക്കിയത് യുഡിഎഫ് നേതൃത്വത്തെ അങ്കലാപ്പിലാക്കിയിരുന്നു. പരാജയം ഉറപ്പായപ്പോള്‍ എങ്ങിനെയെങ്കിലും അധികാരം നേടാന്‍ യുഡിഎഫ് നേതൃത്വം ബിജെപിയുമായി രഹസ്യ ധാരണ ഉണ്ടാക്കുകയായിരുന്നു.

അന്ന് ബിജെപിയുടെ സംഘടനാ സെക്രട്ടറി പി പി മുകുന്ദനായിരുന്നു. കെ രാമൻ പിള്ള സംസ്ഥാന പ്രസിഡന്റും കെ ജി മാരാര്‍ ജനറൽ സെക്രട്ടറിയും ഒ രാജഗോപാൽ അഖിലേന്ത്യ അധ്യക്ഷനുമായി പ്രവര്‍ത്തിക്കുകയായിരുന്നു. രണ്ട് പത്രപ്രവർത്തകരാണ് ഇരുകൂട്ടര്‍ക്കുമിടയില്‍ ഇടനിലക്കാരായത്. കോൺഗ്രസ് മാത്രമല്ല മുസ്‌ലിം ലീഗും കേരള കോൺഗ്രസും ബിജെപിയുമായുള്ള ധാരണയ്ക്ക് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തു. കോൺഗ്രസിൽ എ കെ ആന്റണി ധാരണ പ്രാവർത്തികമാക്കാൻ ബുദ്ധിമുട്ടാകുമെന്ന നിലപാടെടുത്തപ്പോള്‍ കെ കരുണാകരന്‍ അത്യുത്സാഹം കാട്ടുകയായിരുന്നു.

 


ഇതുംകൂടി വായിക്കാം ;ഒറ്റപ്പാലം നഗരസഭയിലും കോ-ലീ ബി സഖ്യം; ബിജെപി വിളിച്ച മുദ്രാവാക്യം യുഡിഎഫ് ഏറ്റുവിളിക്കുന്നു


 

ചര്‍ച്ചകള്‍ക്കൊടുവിലാണ് ബിജെപി അനുകൂലികളായ ഡോ. കെ മാധവൻകുട്ടിയെ ബേപ്പൂരിലും അഡ്വ. എം രത്നസിങിനെ വടകര ലോകസഭാ മണ്ഡലത്തിലും പൊതുസ്ഥാനാർത്ഥിയായി മത്സരിപ്പിക്കുവാന്‍ തീരുമാനിച്ചത്. ഇതിനു പുറമെ മഞ്ചേശ്വരത്ത് കെ ജി മാരാർ, തിരുവനന്തപുരം ഈസ്റ്റിൽ കെ രാമൻ പിള്ള, തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിൽ ഒ രാജഗോപാൽ എന്നിവർക്ക് യുഡിഎഫ് പിന്തുണ നൽകാനും ധാരണയിലെത്തി. മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ ബിജെപി നേതാവ് കെ ജി മാരാർക്കെതിരെ ദുർബലനായ സ്ഥാനാർത്ഥിയെ നിർത്തി വോട്ടു മറിച്ചുനൽകാനും തീരുമാനിച്ചു. ഇതിനു പകരമായി കേരളത്തിലുടനീളം ബിജെപി വോട്ടുകള്‍ യുഡിഎഫിന് മറിക്കാനും നേതൃത്വങ്ങള്‍ തമ്മില്‍ ധാരണയിലെത്തി. കോ-ലീ-ബി സഖ്യം സംബന്ധിച്ച് മുസ് ലിം ലീഗിലെ ചില നേതാക്കൾ തന്നെയാണ് അന്ന് വിവരം പുറത്തുവിട്ടത്. ഇത് പരസ്യമായതോടെ കോൺഗ്രസിന്റെയും മുസ് ലിം ലീഗിന്റെയും ബിജെപിയുടെയും നേതൃത്വങ്ങള്‍ കോ-ലീ-ബി സഖ്യമെന്നത് എല്‍ഡിഎഫിന്റെ കള്ളപ്രചാരണമാണെന്ന് വാദിക്കുകയായിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ ബിജെപി വോട്ടിന്റെ പിന്‍ബലത്തില്‍ യുഡിഎഫ് നിയമസഭയില്‍ ഭൂരിപക്ഷം നേടിയപ്പോള്‍ ബിജെപി മത്സരിച്ച വടകരയിലും ബേപ്പൂരിലും മഞ്ചേശ്വരത്തും അവര്‍ക്ക് കനത്ത പരാജയം നേരിട്ടു. ഇതോടെയാണ് ചില മുതിര്‍ന്ന ബിജെപി നേതാക്കള്‍തന്നെ ഈ അവിശുദ്ധ സഖ്യത്തിനെതിരെ പരസ്യനിലപാടെടുത്തത്.

“എൽഡിഎഫ് ഭരണത്തിലിരുന്ന് കൊണ്ട് നടത്തുന്ന തെരഞ്ഞടുപ്പായിരുന്നു അത്. കാലാവധി തീരും മുമ്പേ നിയമസഭ പിരിച്ചു വിട്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടത്തുകയായിരുന്നു എൽഡിഎഫ് ലക്ഷ്യം. എൽഡിഎഫിന്റെ ആത്മവിശ്വാസം സ്വാഭാവികമായും യുഡിഎഫിന് സൃഷ്ടിച്ച അങ്കലാപ്പ് കാര്യമായി മാറി. ആ അവസ്ഥയിൽ ഏതു വിധേനയെയും ജയിച്ചു കയറാൻ അവർ കണ്ടെത്തിയ വഴിയായിരുന്നു ഞങ്ങളുടെ സഹായം തേടുക എന്നത്. ഇതു വഴി എൽഡിഎഫിന് പ്രചാരണായുധം ലഭിച്ചുവെങ്കിലും കാര്യങ്ങൾ ശരിയായ ദിശയിൽ പുരോഗമിച്ചു. തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പ് ശ്രീപെരുംപുതൂരിൽ വച്ച് രാജീവ് ഗാന്ധി വധിക്കപ്പെട്ടതോടെ തെരഞ്ഞെടുപ്പ് രംഗമാകെ മാറി. എൽഡിഎഫിനുണ്ടായിരുന്ന മേൽക്കൈ സഹതാപ തരംഗത്തിൽ മുങ്ങിപ്പോയി. സഹതാപ തരംഗവും ഞങ്ങളുടെ വോട്ടുമൊക്കെ നേടി കോൺഗ്രസ് വൻവിജയം കരസ്ഥമാക്കി. പക്ഷേ മാരാർക്കും രാമൻപിള്ളയ്ക്കും നൽകാമെന്ന് പറഞ്ഞ സഹായം അവർ തരംപോലെ മറന്നു. രണ്ടു പേരും തോറ്റു. എന്നാൽ പാർട്ടിയിലെ തന്നെ മറ്റു ചിലർ ബിജെപി വോട്ടുകൾ യുഡിഎഫിലെത്തുന്നതിനു കാര്യമായി സഹായിച്ചു. അങ്ങനെ ഈ ഡീലിൽ കോ-ലീ-ബി സഖ്യമെന്ന എൽഡിഎഫ് ആരോപണം മാത്രം മിച്ചമായി,’- രാജഗോപാല്‍ തന്റെ ആത്മകഥയില്‍ പറയുന്നു.
eng­lish sum­ma­ry; O Rajagopal says BJP and UDF trad­ed votes in Co-Lee‑B alliance
you may also like this video;

Exit mobile version