*ലിംഗായത്ത്, വൊക്കലിഗ വിഭാഗങ്ങള്‍ക്ക് വീതിച്ചുനല്‍കും
*തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി സര്‍ക്കാരിന്റെ നടപടി
കര്‍ണാടകയില്‍ മുസ്‌ലിംകള്‍ക്കുള്ള നാലു ശതമാനം ഒബിസി സംവരണം സര്‍ക്കാര്‍ റദ്ദാക്കി. ഇതുവരെ മുസ്ലിങ്ങള്‍ക്കുണ്ടായിരുന്ന സംവരണം സംസ്ഥാനത്തെ പ്രമുഖ സമുദായങ്ങളായ ലിംഗായത്തിനും വൊക്കലിഗര്‍ക്കും വീതിച്ചുനല്‍കും. ഇത്തരത്തില്‍ രണ്ടു ശതമാനം വീതം ഈ സമുദായങ്ങള്‍ക്ക് നല്‍കുകയാണ് ചെയ്തത്.
10 ശതമാനം വരുന്ന മുന്നാക്ക സംവരണത്തില്‍ (ഇഡബ്ല്യുഎസ്) മുസ്ലിം വിഭാഗത്തെ ഉള്‍പ്പെടുത്താനാണ് വെള്ളിയാഴ്ച ചേര്‍ന്ന മന്ത്രിസഭ തീരുമാനമെടുത്തിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വോട്ടുബാങ്കുകൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ബിജെപി സർക്കാരിന്റെ പുതിയ നീക്കം.
ഇതോടെ വൊക്കലിഗക്കാരുടെ ഒബിസി സംവരണം ആറു ശതമാനവും ലിംഗായത്തിന്റെ സംവരണം ഏഴു ശതമാനവുമായി ഉയര്‍ന്നു. സംവരണം ഉയര്‍ത്തണമെന്ന ഇരു വിഭാഗത്തിന്റെയും ആവശ്യം അംഗീകരിച്ചതോടെ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് ബിജെപി കണക്കുകൂട്ടല്‍. ലിംഗായത്തിലെ ഉപവിഭാഗമായ പഞ്ചമശാലികളും സംവരണത്തിനായി സമ്മര്‍ദം ശക്തമാക്കിയിട്ടുണ്ട്.
അതിനിടെ, തദ്ദേശ സ്ഥാപനങ്ങളിലെ രാഷ്ട്രീയ സംവരണവും ഒബിസി സംവരണവും സംബന്ധിച്ച കമ്മിഷന്‍ റിപ്പോര്‍ട്ട് 2023 മാര്‍ച്ച് 31നുള്ളില്‍ സമര്‍പ്പിക്കാന്‍ കര്‍ണാടക സര്‍ക്കാറിന് സുപ്രീം കോടതി സമയം അനുവദിച്ചിട്ടുണ്ട്. രാഷ്ട്രീയ പിന്നാക്കാവസ്ഥയെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും ഇതുസംബന്ധിച്ച തീരുമാനമുണ്ടാകുക.
അതേസമയം സംവരണം റദ്ദാക്കിയ നടപടിയില്‍ പ്രതിഷേധവുമായി വഖഫ് ബോര്‍ഡ് രംഗത്തെത്തി. സംവരണം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് നിവേദനം നല്‍കുമെന്നും വിഷയം നിയമസഭയ്ക്ക് മുന്നില്‍ ഉന്നയിക്കുമെന്നും വഖഫ് ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. ബിജെപിയുടെ ന്യൂനപക്ഷവിരുദ്ധ സമീപനമാണ് പുതിയ തീരുമാനത്തിലൂടെ പുറത്തുവന്നതെന്ന് അസദുദ്ദീന്‍ ഒവൈസി പ്രതികരിച്ചു.
English Sammury: OBC reservation for Muslims has been canceled in Karnataka