കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതിയ ഏകീകൃത പെന്‍ഷന്‍ പദ്ധതി അവതരിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. യൂണിഫൈഡ് പെന്‍ഷന്‍ സ്കീം (യുപിഎസ്) എന്ന് പേരിട്ടിക്കുന്ന പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ബിജെപി ഇതര പ്രതിപക്ഷ സംസ്ഥാന സര്‍ക്കാരുകള്‍ പുതിയ പെന്‍ഷന്‍ പദ്ധതിക്കെതിരെ (എന്‍പിഎസ് ) രംഗത്തുവരികയും പഴയ പെന്‍ഷന്‍ പദ്ധതിയിലേക്ക് മടങ്ങുകയും ചെയ്തതിന് പിന്നാലെയാണ് യുപിഎസുമായി കേന്ദ്രം രംഗത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയേറ്റതിന് പുതിയ പെന്‍ഷന്‍ പദ്ധതിയിലുള്ള അതൃപ്തി കാരണമായിരുന്നു. കശ്മീരിലും ഹരിയാനയിലും നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഭരണവിരുദ്ധ വികാരം തണുപ്പിക്കുക എന്ന ലക്ഷ്യം പുതിയ പദ്ധതിക്ക് പിന്നിലുണ്ട്.
കുറഞ്ഞത് 25 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ ജീവനക്കാര്‍ക്ക് വിരമിക്കുന്നതിന് മുമ്പുള്ള 12 മാസത്തെ അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം പെന്‍ഷനായി ലഭിക്കും. സേവന കാലയളവ് കുറവുള്ളവര്‍ക്ക് മിനിമം പെന്‍ഷന്‍ ഉറപ്പാക്കാനും പദ്ധതി ലക്ഷ്യമിടുന്നു. 10 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്നവര്‍ക്ക് പ്രതിമാസം 10,000 രൂപ കുറഞ്ഞ പെൻഷന്‍ ഉറപ്പാക്കും. മരണാനന്തരം പെൻഷൻകാരന്റെ കുടുംബത്തിന് ഇതിന്റെ 60 ശതമാനം ലഭിക്കും. ഏകീകൃത പെന്‍ഷന്‍ പദ്ധതിയില്‍ സര്‍ക്കാര്‍ വിഹിതം 18.5 ശതമാനമായി ഉയരും. നിലവില്‍ 14.5 ശതമാനമാണ് കേന്ദ്ര വിഹിതം. അതേസമയം സര്‍ക്കാര്‍ ജീവനക്കാര്‍ 10 ശതമാനം വിഹിതം നല്‍കണമെന്ന വ്യവസ്ഥ തുടരും.
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇപ്പോഴുള്ള ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍(എന്‍പിഎസ്) തുടരാനോ, പുതിയ പദ്ധതിയായ യുപിഎസിലേക്ക് മാറാനോ ഉള്ള അവസരവുമുണ്ട്. 2004ന് ശേഷം എന്‍പിഎസിനു കീഴില്‍ വിരമിച്ചവര്‍ക്കും പുതിയ പദ്ധതിയുടെ ആനുകൂല്യം കിട്ടും. 2025 ഏപ്രില്‍ ഒന്നു മുതല്‍ നടപ്പില്‍ വരും. ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ മൂന്ന് പ്രധാന പദ്ധതികള്‍ സംയോജിപ്പിച്ച് ‘വിജ്ഞാന്‍ ധാര’ എന്ന പേരില്‍ ഏകീകൃത പദ്ധതിക്കും മന്ത്രിസഭാ യോഗം അനുമതി നല്‍കി. 2021–22 മുതൽ 2025–26 വരെയുള്ള 15-ാം ധനകാര്യ കമ്മിഷൻ കാലയളവിൽ 10,579.84 കോടി രൂപ ‘വിജ്ഞാന്‍ ധാര’ നടപ്പാക്കുന്നതിനുള്ള അടങ്കൽ തുകയായും അംഗീകരിച്ചു.