Site iconSite icon Janayugom Online

ലക്ഷ്യം ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കൽ; മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യയിലേക്ക്

ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കാൻ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യയിലേക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയ രണ്ട് മന്ത്രിമാർ സർക്കാരിൽ നിന്ന് രാജി വച്ച അതേ ദിവസമാണ്, മുയിസു ഇന്ത്യ ഉടൻ ഇന്ത്യ സന്ദർശിക്കുമെന്ന പ്രഖ്യാപനവും വന്നത്. അദ്ദേഹത്തിന്റെ ഓഫീസ് ആണ് ഈ വിവരം പുറത്ത് വിട്ടത്. ഇന്ത്യയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും അധിക്ഷേപിച്ച് നടത്തിയ പരാമർശങ്ങൾക്ക് പിന്നാലെ ഇരുരാജ്യങ്ങൾക്കുമിടയിലുള്ള ഉഭയകക്ഷി ബന്ധം വഷളായിരുന്നു. വിനോദസഞ്ചാര മേഖലയിലുൾപ്പെടെ ഇതോടെ മാലദ്വീപിന് വലിയ തിരിച്ചടികൾ നേരിടേണ്ടി വരികയും ചെയ്തിരുന്നു. പിന്നാലെ ഇന്ത്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് മാലദ്വീപ് അറിയിച്ചിരുന്നു. 

പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയ മന്ത്രിമാരെ ജനുവരിയിൽ സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. ഇവരിൽ രണ്ട് മന്ത്രിമാരാണ് സർക്കാരിൽ നിന്ന് രാജിവച്ചത്. ഈ വർഷം ജൂണിൽ നടന്ന മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലും മുയിസു പങ്കെടുത്തിരുന്നു. കഴിഞ്ഞ മാസം വിദേശകാര്യമന്ത്രി എസ് ജയശങ്കർ മാലദ്വീപ് സന്ദർശിക്കുകയും, ഉഭയകക്ഷി ബന്ധമുൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുയിസുവിന്റെ ഇന്ത്യാ സന്ദർശനം. എന്നാൽ ഏത് ദിവസമാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത് എന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. ഇരുരാജ്യങ്ങളിലേയും നേതാക്കൾക്ക് സൗകര്യപ്രദമായ തിയതി ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുയിസുവിന്റെ ഓഫീസ് അറിയിച്ചു.

Exit mobile version