Site iconSite icon Janayugom Online

രക്ഷാദൗത്യത്തിന്റെ മഹാസാഗരം

airforceairforce

വന്‍ ദുരന്തത്തിന്റെ വിവരം അറിഞ്ഞതുമുതല്‍ രക്ഷാപ്രവര്‍ത്തനത്തിനായി അണമുറിയാത്ത ജനപ്രവാഹമായിരുന്നു. കനത്തമഴയെയും അതിജീവിച്ച് ജനപ്രതിനിധികളും ജില്ലാ ഭരണകൂടവും ഓടിയെത്തി. ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രി സ്ഥലത്തെത്തി ആദ്യ ദൗത്യങ്ങള്‍ക്ക് നേതൃത്വം നല്‍കി.
പ്രദേശത്ത് വൈദ്യുതിബന്ധം നിലച്ചതും കനത്ത മഴതുടര്‍ന്നതും സഞ്ചാരപാതകള്‍ ബ്ലോക്കായതും രക്ഷാപ്രവര്‍ത്തന ദൗത്യത്തെ രാത്രിയില്‍ സാരമായി ബാധിച്ചു. ചൂരല്‍മലയിലെ പാലം കനത്ത മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയതിനാല്‍ മുണ്ടക്കൈ മേഖല പൂര്‍ണമായും ഒറ്റപ്പെടുകയായിരുന്നു. ചൂരല്‍മലയിലെ റോഡില്‍ അടിഞ്ഞുകൂടിയ ചെളിയും മരങ്ങളും നീക്കുകയായിരുന്നു ആദ്യ ദൗത്യം. രാവിലെ ഏഴരയോടെയാണ് ഈ പാത ഗതാഗതയോഗ്യമാക്കിയത്. അതിന് മുമ്പ് തന്നെ ചൂരല്‍മല സ്കൂളിന് മുന്നിലൂടെ ദുരന്തസ്ഥലത്തേക്കുള്ള പാത ശ്രമകരമായി ഒരുക്കിയെടുത്തു. ഇവിടെ നിന്നുമാണ് തകര്‍ന്ന വീടുകളില്‍ നിന്നുള്ളവരെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് എത്തിച്ചുകൊണ്ടിരുന്നത്. 

ദുരന്തമറിഞ്ഞ് ജില്ലയ്ക്ക് പുറത്ത് നിന്നും കിട്ടിയ വാഹനങ്ങളില്‍ രക്ഷാപ്രവര്‍ത്തകര്‍ ചൂരല്‍മലയിലേക്ക് എത്തിക്കൊണ്ടിരുന്നു. എന്‍ഡിആര്‍എഫ്, ഫയര്‍ ഫോഴ്‌സ്, പൊലീസ് സേനകളെല്ലാം ദുരന്തമുഖത്ത് കര്‍മ്മനിരതമായിരുന്നു. തകര്‍ന്നവീടുകളില്‍ നിന്നും പരിക്കേറ്റവരെയും മൃതദേഹങ്ങളും അതീവ ദുഷ്കരമായാണ് പുറത്തെടുത്തു കൊണ്ടിരുന്നത്.

കോയമ്പത്തൂര്‍ സോളൂരില്‍ നിന്നുള്ള ഹെലികോപ്ടര്‍ വൈകീട്ട് അഞ്ചരയോടെ ചൂരല്‍മലയിലെത്തി നിരീക്ഷണം തുടങ്ങി എയര്‍ലിഫ്ടിങ്ങ് നടപടികള്‍ തുടങ്ങി. 61 പേരടങ്ങിയ എന്‍ഡിആര്‍എഫ് നാല് ടീം, അഗ്നിരക്ഷാസേനയുടെ 320 അംഗ ടീം, വനംവകുപ്പിന്റെ 55 അംഗങ്ങള്‍, പൊലീസിന്റെ 350 അംഗ ടീം, ആര്‍മിയുടെ 67 അംഗ ടീം തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്. ആരോഗ്യവകുപ്പിന്റെ മെഡിക്കൽ സംഘവും മുഴുവൻ സജ്ജീകരണങ്ങളോടെ ചൂരൽമലയിലുണ്ട്. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സന്നദ്ധ സംഘടനകൾ, വോളണ്ടിയർമാർ, നാട്ടുകാർ എന്നിവരും മണിക്കൂറുകളായി രംഗത്തുണ്ട്.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് അതിരാവിലെ തന്നെ ജെസിബികൾ, ടിപ്പര്‍ ലോറികൾ, ആംബുലൻസുകൾ തുടങ്ങിയവ എത്തിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. റവന്യു വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകരും പ്രദേശവാസികളും നാട്ടുകാരുമടക്കം ആയിരക്കണക്കിനാളുകളാണ് സർക്കാർ സംവിധാനത്തിന് പിന്തുണയുമായി രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായിരിക്കുന്നത്. ചൂരൽമലയിൽ താലൂക്ക്തല ഐആർഎസ് കൺട്രോൾ റൂം ആരംഭിച്ചാണ് ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. 

മന്ത്രിമാരായ കെ രാജൻ എ കെ ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ, പി എ മുഹമ്മദ് റിയാസ്, ഒ ആർ കേളു, കെ കൃഷ്ണൻ കുട്ടി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ജില്ലാ കളക്ടർ ആർ ഡി മേഘശ്രീ, ജില്ലാ പൊലീസ് മേധാവി ടി നാരായണൻ എന്നിവർ സ്ഥലത്ത് ക്യാമ്പ് ചെയ്താണ് ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. എംഎൽഎമാരായ ടി സിദ്ധിഖ്, ഐ സി ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ ചൂരൽമലയിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്. 

Eng­lish Sum­ma­ry: Ocean of res­cue mission

You may also like this video

Exit mobile version