Site iconSite icon Janayugom Online

ഒഡീഷ സിമന്റ് ഫാക്ടറിയിലെ അപകടം: മൂന്നു തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി

ഒഡിഷയിലെ സിമന്റ് ഫാക്ടറിയിലുണ്ടായ അപകടത്തിൽ കാണാതായ തൊഴിലാളികളിൽ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി.സുശാന്ത റൗട്ട് (58),രഞ്ജിത് ഭോൽ (24),ദശരത് പത്ര (42) എന്നിവരാണ് മരിച്ചത്. 36 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ഇരുമ്പ് ഷെഡ്ഡിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഇവരുടെ മൃതദേഹം കണ്ടെത്താനായത്.

ഒഡിഷയിലെ സുന്ദർഗഢ്‌ ജില്ലയിൽ രാജ്ഗംഗ്പുരിലെ ഡാൽമിയ ഭാരത് സിമന്റ് ലിമിറ്റഡ് ഫാക്ടറിയിലാണ് അപകടമുണ്ടായത്. കൽക്കരി സംഭരിക്കാനായി നിർമിച്ച ഷെഡ്ഡിന്റെ ഇരുമ്പുപാളി തകർന്നു വീഴുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ടോടെയാണ് അപകടമുണ്ടായത്. 

അപകടത്തിന് പിന്നാലെ അറുപതിലധികം തൊഴിലാളികളെ സുരക്ഷിതമായി സ്ഥലത്ത് നിന്നും മാറ്റിയിരുന്നു.അ​ഗ്നിരക്ഷാ സേനാ, ഒഡിഷ ഡിസാസ്റ്റർ റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് (ഒഡിആർഎഫ്), ലോക്കൽ പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. സംഭവത്തിൽ അന്വേഷണം നടന്ന് വരികയാണെന്ന് അധികൃതർ അറിയിച്ചു.

Exit mobile version