Site iconSite icon Janayugom Online

ഒഡിഷ ദുരന്തം: ജീവനക്കാരെ ബലിയാടുകളാക്കും

ഒഡിഷയിലെ ബാലാസോറിൽ 275 പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ ദുരന്തത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒളിച്ചാേടി കേന്ദ്ര സര്‍ക്കാര്‍. സിഗ്നലിങ്, ലോക്കോ പെെലറ്റ് തുടങ്ങി സാങ്കേതിക ജീവനക്കാരെ ബലിയാടാക്കി, വീഴ്ച മറച്ചുപിടിക്കാനാണ് ശ്രമം. ട്രെയിൻ ദുരന്തത്തിന്റെ കാരണവും ഉത്തരവാദികളെയും കണ്ടെത്തിയെന്ന കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ പ്രസ്താവന ഇതിന്റെ ഭാഗമാണ്. അപകടകാരണം ഇലക്ട്രോണിക് ഇന്റർലോക്കിങ്ങിലെ മാറ്റമാണെന്നാണ് റെയിൽ മന്ത്രി പറഞ്ഞത്. ട്രെയിനിന്റെ റൂട്ട് നിശ്ചയിക്കൽ, പോയിന്റ് ഓപ്പറേഷൻ, ട്രാക്ക് നീക്കം അടക്കം സിഗ്നലിങ്ങുമായി ബന്ധപ്പെട്ട നിർണായക സംവിധാനമാണ് ഇലക്ട്രോണിക് ഇന്റര്‍ ലോക്കിങ്. പോയിന്റ് ഓപ്പറേഷനിൽ ഗുരുതര വീഴ്ച ഉണ്ടായതായി സൈറ്റ് ഇൻസ്പെക്ഷൻ റിപ്പോർട്ടിലും സൂചിപ്പിച്ചിട്ടുണ്ട്. റെയിൽവേ സേഫ്റ്റി കമ്മിഷണറുടെ അന്വേഷണ റിപ്പോർട്ട് വെെകാതെ സമർപ്പിക്കും. ഇതിന് പിന്നാലെ കാരണക്കാരെന്ന് കണ്ടെത്തി ചില ജീവനക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് വ്യക്തമാകുന്നത്. 

രാജ്യത്തെ റെയില്‍പ്പാളങ്ങളുടെ അറ്റകുറ്റപ്പണിയിലും സിഗ്നല്‍ സംവിധാനത്തിലുമുള്ള പോരായ്മകളാണ് അപകടത്തിന് കാരണമെന്ന് നിരവധി റിപ്പോര്‍ട്ടുകളുണ്ട്. കഴി‍ഞ്ഞ ഡിസംബറില്‍ സിഎജി സര്‍പ്പിച്ച റിപ്പോര്‍ട്ടിലും പാളം തെറ്റലിന് 24 കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. സിഗ്നലിങ് സംവിധാനത്തിലെ ഗുരുതര പാളിച്ചകള്‍ വലിയ അപകടത്തിന് കാരണമാകുമെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. റെയില്‍ നവീകരണത്തിനും സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും വിനിയോഗിക്കുന്ന തുകയും വര്‍ഷാവര്‍ഷം കുറഞ്ഞു വരികയുമാണ്. അതേസമയം സിഗ്നലുകൾ ഒന്നും ലംഘിച്ചിട്ടില്ലെന്ന് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന, കോറമണ്ഡൽ ട്രെയിനിന്റെ ലോക്കോ പൈലറ്റ് മൊഴി നല്കിയതും നിര്‍ണായകമാണ്. പച്ച സിഗ്നൽ ലഭിച്ചശേഷമാണ് ട്രെയിൻ നീങ്ങിയത്. വണ്ടി അമിതവേഗതയിൽ ആയിരുന്നില്ലെന്നും മൊഴിയിലുണ്ട്. എന്നാല്‍ അപകടത്തിൽപ്പെട്ടത് കോറമണ്ഡൽ എക്സ്പ്രസ് മാത്രമാണെന്നും ട്രെയിൻ പരമാവധി വേഗത്തിലായതിനാല്‍ അപകടം വലുതായെന്നും റെയിൽവേ ബോർഡ് വിശദീകരിച്ചു. പൂർണമായും എൽഎച്ച്ബി കോച്ചുകൾ ഉള്ള ട്രെയിനായതിനാൽ തലകീഴായി മറിയില്ല. പക്ഷേ, ഇരുമ്പു കയറ്റിയ ചരക്ക് ട്രെയിനില്‍ ഇടിച്ചതിനാൽ ആഘാതം പൂർണമായും കോറമാണ്ഡൽ എക്സ്പ്രസിനായി എന്നും പറഞ്ഞു.

ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാല്പര്യ ഹർജിയും സമര്‍പ്പിക്കപ്പെട്ടു. സുപ്രീംകോടതി അഭിഭാഷകനായ വിശാൽ തിവാരിയാണ് ഹർജി നല്കിയത്. രണ്ട് മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നും ആവശ്യപ്പെടുന്നു. അതിനിടെ അപകടത്തെക്കുറിച്ച് സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചു. റെയില്‍വേ മന്ത്രിയുടെ രാജിക്കായി പ്രതിപക്ഷം മുറവിളി ഉയര്‍ത്തിയതിനിടയിലാണ് സിബിഐ അന്വേഷണമുണ്ടാകുമെന്ന് അശ്വിനി വൈഷ്ണവ് തന്നെ അറിയിച്ചത്. ആഭ്യന്തര അന്വേഷണത്തിന് പുറമേ മറ്റ് ഏജൻസികളെ പരിഗണിക്കുമെന്ന് മന്ത്രാലയം നേരത്തെ സൂചന നല്കിയിരുന്നു.
മരിച്ചവരുടെ എണ്ണത്തെ ചൊല്ലിയും വിവാദങ്ങളുണ്ട്. 275 എന്ന റെയില്‍വേയുടെ കണക്ക് ശരിയല്ലെന്നും സംസ്ഥാനത്തെ നൂറിലധികം പേരെ കണ്ടെത്താനുണ്ടെന്നും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറ‍ഞ്ഞു.

Eng­lish Summary:Odisha tragedy: Employ­ees will be made scapegoats
You may also like this video

Exit mobile version