സിനിമയിൽ അവസരം വാഗ്ദാനം ചെയ്തു വിവാഹം കഴിക്കാമെന്ന് പറഞ്ഞു പീഡിപ്പിച്ചെന്ന പരാതിയിൽ സംവിധായകൻ അറസ്റ്റിൽ. ജെയിംസ് കാമറൂൺ എന്ന ചിത്രം സംവിധാനം ചെയ്യുകയും ചില ചിത്രങ്ങളിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിക്കുകയും ചെയ്തിട്ടുള്ള മലപ്പുറം പൂച്ചാൽ കല്ലറമ്മൽ വീട്ടിൽ എ ഷാജഹാനാണ്(31) പാലാരിവട്ടം പൊലീസിന്റെ പിടിയിലായത്. കണ്ണൂർ സ്വദേശിയായ യുവതിക്കൊപ്പം വെണ്ണലയിലാണു ഷാജഹാൻ താമസിച്ചിരുന്നത്. ജെയിംസ് കാമറൂൺ എന്ന ചിത്രത്തിൽ യുവതി അഭിനയിച്ചെങ്കിലും സിനിമ പുറത്തിറങ്ങിയില്ല. യുവതിയെ വിവാഹം കഴിക്കുമെന്നായിരുന്നു ഷാജഹാൻ പറഞ്ഞിരുന്നതെങ്കിലും ഇയാൾ വിവാഹിതനാണെന്ന വിവരം പിന്നീടു യുവതി അറിഞ്ഞു. ഇതോടെയാണു പരാതി നൽകിയത്. തുടർച്ചയായി ബലാത്സംഗം ചെയ്യുക, ഭീഷണി, വഞ്ചന, ആയുധം ഉപയോഗിച്ചു മുറിവേൽപിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണു കേസെടുത്തിട്ടുള്ളത്.