കാര്യവട്ടത്ത് നടക്കുന്ന ടി20 മത്സരത്തില്‍ ആധികാരിക ജയം നേടി ഇന്ത്യ. കെ എൽ രാഹുലും സൂര്യകുമാർ യാദവും അർധ സെഞ്ചുറി നേടിയ മത്സരത്തിൽ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. സ്കോർ: ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ എട്ടിന് 106. ഇന്ത്യ 16.4 ഓവറിൽ രണ്ടിന് 110. ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്കും തുടക്കം പിഴച്ചു. 17 റൺസിനിടെ രോഹിത്ത് ശർമ്മയെയും വിരാട് കോഹ്ലിയുടെയും വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി. രോഹിത്ത് ശർമ പൂജ്യത്തിനും കോഹ്ലി മൂന്ന് റൺസിനുമാണ് പുറത്തായത്. കെ.എൽ. രാഹുലിനോപ്പം സൂര്യകുമാർ യാദവു കൂടി ചേർന്നതോടെ മത്സരത്തിൻറെ നിയന്ത്രണം ഇന്ത്യ ഏറ്റെടുത്തു. രാഹുൽ 56 പന്തിൽ നാല് സിക്സും രണ്ട് ഫോറും ഉൾപ്പെടെ 51 റൺസെടുത്തു. സിക്സ് പറത്തിയാണ് രാഹുൽ അർധ സെഞ്ചുറി തികച്ചത്. 33 പന്തിൽ മൂന്ന് സിക്സും അഞ്ച് ഫോറും ഉൾപ്പെടെ 50 റൺസാണ് സൂര്യകുമാർ നേടിയത്. ദക്ഷിണാഫ്രിക്കയ്ക്കായി കാഗിസോ റബാഡയും ആൻറിച്ച് നോർട്ട്ജെയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഒൻപത് റൺസിനിടെ അഞ്ച് മുൻനിര വിക്കറ്റുകളാണ് നഷ്ടമായത്. അർഷ്ദീപ് സിംഗിൻറെയും ദീപക് ചഹാറിൻറെയും മിന്നുന്ന പ്രകടനമാണ് തുടക്കത്തിൽതന്നെ ദക്ഷിണാഫ്രിക്കയെ തകർത്തത്.
English Summary: Official victory for India in the first Twenty20
You may like this video also