Site iconSite icon Janayugom Online

തിരുവല്ല അർബൻ ബാങ്കിനെതിരെ പരാതി നല്‍കാന്‍ കാരണം ബാങ്കിലെ ജീവനക്കാരിയെന്ന് അധികൃതര്‍

TUCBTUCB

തിരുവല്ല അർബൻ സഹകരണ ബാങ്കുമായി ബന്ധപ്പെട്ടുവരുന്ന വാർത്തകൾ വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവുമാണെന്ന് ബാങ്ക് ചെയർമാൻ അഡ്വ. ആർ സനൽകുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിജയലക്ഷ്മി മോഹൻ എന്ന നിക്ഷേപക ബാങ്കിൽ നിക്ഷേപിച്ചതുക തിരികെ ലഭിച്ചിട്ടില്ലെന്ന പരാതി ശ്രദ്ധയിൽപ്പെട്ടപ്പോൾ മുതൽ ഇതുവരെയും നിക്ഷേപകയ്ക്ക് പണം ലഭിക്കാനുള്ള നിലപാടാണ് ബാങ്ക് സ്വീകരിച്ചത്.
ഹൈക്കോടതിയിൽ നിലനിൽക്കുന്ന കേസിൽ ആവശ്യമായ നിർദ്ദേശം ലഭിച്ചാലുടൻ തന്നെ നിക്ഷേപകയ്ക്ക് പണം തിരികെനൽകും. അയൽക്കാരായിരുന്ന നിക്ഷേപകയും ബാങ്കിൽനിന്ന് പുറത്താക്കിയ ജീവനക്കാരിയും തമ്മിലുള്ള വ്യക്തിപരമായ സൗഹൃദം ദുരുപയോഗം ചെയ്താണ് നിക്ഷേപകയുടെ പണം ജീവനക്കാരി അപഹരിച്ചത്. 

വിജയലക്ഷ്മി ബാങ്കിനെ സമീപിച്ചപ്പോൾ ബാങ്ക് രേഖകളിൽ ഇവരുടെ നിക്ഷേപം ക്ലോസ്ചെയ്ത സാഹചര്യത്തിൽ നിയമനടപടികളിലൂടെ മാത്രമേ അപഹരിച്ച ആളിൽനിന്ന് പണം ഈടാക്കാൻ കഴിയുമായിരുന്നുള്ളൂ.
ഇക്കാര്യത്തിനായി നിക്ഷേപക പൊലീസിനെയും ഹൈക്കോടതിയെയും സമീപിച്ചപ്പോൾ നിക്ഷേപകർക്ക് എല്ലാപിന്തുണയും നൽകി. കുറ്റക്കാരിയായ ജീവനക്കാരി ബാങ്കിന് നൽകിയ വിശദീകരണത്തിൽ നിക്ഷേപകയുടെ അറിവോടെയാണ് പണം താൻ എടുത്തതെന്നും നിക്ഷേപകയ്ക്ക് പണം നൽകാമെന്ന് പറഞ്ഞ ഉറപ്പിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ രേഖകൾ നിക്ഷേപകയ്ക്ക് നൽകിയിട്ടുള്ളതായും ബാങ്കിനെ അറിയിച്ചു. ഇക്കാര്യം നിക്ഷേപകയും നിക്ഷേപകയുടെ അഭിഭാഷകയും ബാങ്കിനെ അറിയിച്ചിട്ടുണ്ട്. ആരോപണവിധേയായ മുൻജീവനക്കാരി നിക്ഷേപകയ്ക്ക് തിരികെനൽകാനായി 3,70, 000 രൂപ മുൻ ജീവനക്കാരിയുടെ അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുണ്ട്. ശേഷിക്കുന്ന പണംകൂടി ഇവരിൽനിന്ന് വാങ്ങി നിക്ഷേപകയ്ക്ക് എത്രയുംവേഗം തിരികെനൽകാനാണ് ബാങ്ക് ശ്രമിക്കുന്നത്. 

ആർബിഐ നിയന്ത്രണത്തിലുള്ള നൂറുവർഷം പിന്നിട്ട തിരുവല്ല അർബൻ ബാങ്ക് നാളിതുവരെ ഒരു നിക്ഷേപകരുടെയും പണം നൽകാതിരുന്നിട്ടില്ല. നിക്ഷേപകരുടെ പണം ബാങ്കിൽ സുരക്ഷിതമാണ്. എന്നാൽ ബോധപൂർവം സഹകരണ പ്രസ്ഥാനത്തിനെയും തിരുവല്ല അർബൻ ബാങ്കിനെയും അപകീർത്തിപ്പെടുത്തുന്ന ശ്രമങ്ങൾ രാഷ്ട്രീയപ്രേരിതമാണ്. ബാങ്കിന്റെ മാന്യഇടപാടുകാർ ഇത്തരം ശ്രമങ്ങളെ തള്ളിക്കളയണം. 

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദേശപ്രകാരം ബാങ്കിന്റെ നിഷ്ക്രിയ ആസ്തികൾ വീണ്ടെടുക്കുന്നതിന് സർഫേസി നിയമനടപടികൾ ബാങ്ക് സ്വീകരിച്ചുവരുന്നു. ബാങ്കിന്റെ നിഷ്ക്രിയ ആസ്തികൾ പൂർണ്ണമായി തിരിച്ചടപ്പിക്കുന്നതിന്റെ ഭാഗമായി പരമാവധി ഇളവുകൾ നൽകിവായ്പ അവസാനിപ്പിക്കാനുള്ള ക്രമീകരണങ്ങളും ബാങ്ക് ചെയ്തുവരുന്നു. ഈ അവസരം പ്രയോജനപ്പെടുത്തി വായ്പ്പക്കാർ സഹകരിക്കണമെന്നും ചെയർമാൻ അഭ്യർത്ഥിച്ചു. 

Eng­lish Sum­ma­ry: Offi­cials said that the rea­son for fil­ing a com­plaint against Tiru­val­la Urban Bank was the employ­ee of the bank

You may also like this video

Exit mobile version