Site iconSite icon Janayugom Online

കപ്പലിൽ നിന്നുള്ള എണ്ണ ചോർച്ച; ഒന്നിലധികം കപ്പലുകൾ ഉപയോഗിച്ച് പ്രവർത്തനം ഊർജ്ജിതമാക്കി കോസ്റ്റ് ഗാർഡ്(video)

കൊച്ചിയിൽ മുങ്ങിയ ലൈബീരിയൻ കണ്ടെയ്‌നർ കപ്പലിൽ നിന്ന് എണ്ണ ചോർച്ചയുണ്ടായതിനെത്തുടർന്ന്, സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ഇന്ത്യൻ കോസ്റ്റ് ഗാർഡ് ദൗത്യം ഊർജ്ജിതമാക്കി. എണ്ണ ചോർച്ച ഇതുവരെ തീരത്തേക്ക് എത്തിയിട്ടില്ലെന്ന് ഡിഫൻസ് കൊച്ചി പിആര്‍ഒ എക്സ് പേജിലൂടെ അറിയിച്ചു. മലിനീകരണം നിയന്ത്രിക്കുന്നതിനും ലഘൂകരിക്കുന്നതിനുമുള്ള ശ്രമങ്ങളിൽ കോസ്റ്റ് ഗാർഡ് കപ്പലുകളും വിമാനങ്ങളും തുടർച്ചയായി നടത്തുന്നുണ്ട് . ഐസിജി കപ്പലുകളായ വിക്രം, സാക്ഷം, സമർത്ഥ് എന്നിവയെ മലിനീകരണ പ്രതിരോധ സംവിധാനങ്ങളോടെ ഈ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ഈ കപ്പലുകൾ എണ്ണ ചോർച്ച കണ്ടെത്തുന്നതിനായി ഇൻഫ്രാറെഡ് ക്യാമറകൾ ഉപയോഗിക്കുകയും എണ്ണയുടെ വ്യാപനം തടയാൻ ഓയിൽ സ്പിൽ ഡിസ്പർസന്റ് ഉപയോഗിക്കുകയും ചെയ്തതായും ‘പിആര്‍ഒ ഡിഫൻസ് കൊച്ചി’ സമൂഹമാധ്യമ പേജിലൂടെ വ്യക്തമാക്കി.

എണ്ണ ചോർച്ച പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ഒരു പ്രത്യേക മലിനീകരണ നിയന്ത്രണ കപ്പലായ സമുദ്ര പ്രഹരിയെ മുംബൈയിൽ നിന്നും ഉടൻ എത്തിക്കും. എണ്ണ ചോർച്ച നിയന്ത്രിക്കുന്നതിനും പരിസ്ഥിതിക്ക് ഉണ്ടാകാവുന്ന ആഘാതം കുറയ്ക്കുന്നതിനുമുള്ള എല്ലാ നടപടികളും തുടരുമെന്ന് അധികൃതർ അറിയിച്ചു.

Exit mobile version