Site iconSite icon Janayugom Online

ഏകദേശം ഒരു കിലോ തൂക്കമുള്ള വയറുമായാണ് ഞാൻ അക്കാലത്ത് ജീവിച്ചത്: ക്ലോണ്ടിക്കെയിലെ ഗര്‍ഭിണി സംസാരിക്കുന്നു.

27-ാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മത്സരവിഭാഗത്തിലുള്ള ക്ലോണ്ടികെ എന്ന ഉക്രൈന്‍ സിനിമ യുദ്ധത്തെക്കുറിച്ചാണ്. റഷ്യ അധിനിവേശം നടത്തിയ ഉക്രൈൻ മണ്ണില്‍ ജീവിക്കുന്ന ഇര്‍ക്കയുടെയും ഭര്‍ത്താവ് തോലികിന്റെയും ജീവിതത്തിലൂടെയാണ് ഈ സിനിമ യുദ്ധത്തിന്റെ കെടുതിയെക്കുറിച്ച് വ്യക്തമാക്കുന്നത്. ഒക്സാന ചെര്‍ക്കഷൈനയാണ് ചിത്രത്തില്‍ ഗര്‍ഭിണിയായ ഇര്‍ക്കയെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന് വേണ്ടി നടത്തിയ തയ്യാറെടുപ്പുകളെക്കുറിച്ച് ഒക്സാന സംസാരിക്കുന്നു.

പാൻഡമിക് കാലത്താണ് ഞങ്ങള്‍ ഈ സിനിമ ആരംഭിക്കുന്നത്. അതിര്‍ത്തിയിലെ മനുഷ്യത്വരഹിതമായ അവസ്ഥ പുറത്തുകൊണ്ടുവരേണ്ടതാണെന്നാണ് സംവിധായികയും എന്റെ സുഹൃത്തുമായ മരിന എര്‍ ഗോര്‍ബച്ച് ഈ കഥ പറഞ്ഞപ്പോള്‍ തന്നെ എനിക്ക് തോന്നിയത്. 

ഗര്‍ഭിണിയായ ഇര്‍ക്കയുടെ വേഷമാണ് ഇതില്‍ ഞാൻ ചെയ്തത്. ഒരു ഗര്‍ഭിണിയുടെ അവസ്ഥയെന്താണെന്ന് എനിക്ക് അറിയില്ല. അതിനാല്‍ തന്നെ ഈ വേഷം പ്രത്യേകിച്ചും ചിത്രത്തിലെ അവസാന രംഗങ്ങള്‍ എനിക്ക് വലിയ വെല്ലുവിളിയായിരുന്നു. ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മൂന്ന് മാസം മുമ്പ് ഞാൻ സിലിക്കണ്‍ സര്‍ജറി നടത്തി വയറ് ഗര്‍ഭിണികളുടേത് പോലെയാക്കി. ഏകദേശം ഒരു കിലോയോളം തൂക്കമുള്ള വയറുമായാണ് പിന്നീട് ഞാൻ ജീവിച്ചത്. അതിനാല്‍ തന്നെ ജീവിതം സാധാരണ അവസ്ഥയില്‍ നിന്നും മാറിയായിരുന്നു ആ നാളുകളില്‍ കടന്നുപോയത്. പലരും എന്നെ യഥാര്‍ത്ഥ ഗര്‍ഭിണിയെ പോലെയാണ് പരിഗണിച്ചത്. എനിക്ക് അതില്‍ വലിയ തമാശ തോന്നിയിരുന്നു. ഒരു ഗര്‍ഭിണിക്ക് കിട്ടേണ്ട എല്ലാ പരിഗണനകളും ഗര്‍ഭിണി അല്ലാതെ തന്നെ എനിക്ക് കിട്ടി. ഒരു ഗര്‍ഭിണി സൂക്ഷിക്കേണ്ട കാര്യങ്ങളൊക്കെ പുസ്തകങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും ഞാൻ മനസ്സിലാക്കി. കൂടാതെ സംവിധായിക രണ്ട് മക്കളുടെ അമ്മ കൂടിയാണ്. അവരും ഒരു ഗര്‍ഭിണിയുടെ ജീവിതരീതികള്‍ എനിക്ക് പറഞ്ഞു തന്നിരുന്നു. അവരെനിക്ക് സംവിധായിക മാത്രമല്ല, കണ്‍സള്‍ട്ടന്റ് കൂടിയാണ്. 

ചിത്രത്തിന്റെ അവസാന രംഗമായ സൈനികര്‍ എന്റെ ഭര്‍ത്താവിനെയും സഹോദരനെയും വെടിവച്ച് കൊല്ലുമ്പോള്‍ ഞാൻ പ്രസവിക്കുന്ന രംഗം എത്രമാത്രം മനോഹരമായെന്ന് എനിക്ക് ഇവിടെ നിന്ന് തന്നെ മനസ്സിലായി. പുരുഷന്മാര്‍ പലരും കണ്ണുകള്‍ അടച്ചിരിക്കുന്നത് ഞാൻ കണ്ടിരുന്നു. ആ രംഗം ഏഴ് തവണയാണ് എടുത്തത്. എന്നിട്ട് ഒടുവില്‍ അതില്‍ ഏറ്റവും നല്ലതെന്ന് ഞങ്ങള്‍ക്ക് തോന്നിയ ഒരു ടേക്ക് മാത്രം ഉപയോഗിക്കുകയായിരുന്നു. അഞ്ചാമത്തെ ടേക്ക് ആയപ്പോഴേക്കും ഞാൻ കരഞ്ഞുപോയി. ഇനി ഒരു ടേക്കിന് കൂടി ആകില്ലെന്ന് ഞാൻ മരിനയോട് പറഞ്ഞു. എന്നാല്‍ അവര്‍ സമ്മതിച്ചില്ല. 

ഞാൻ നാടകത്തില്‍ നിന്നാണ് സിനിമയിലേക്ക് എത്തിയത്. ഞാനൊരിക്കലും അതിര്‍ത്തി കടന്നുള്ള യാത്ര നടത്തിയിട്ടില്ല. സത്യത്തില്‍ സുരക്ഷിതമായ ഇടത്തിലാണ് ഞാൻ ജീവിക്കുന്നത്. എന്നാല്‍ എന്റെ രാജ്യത്ത് നിരവധി പേര്‍ യുദ്ധത്തിന്റെയും അതിര്‍ത്തി പ്രശ്നത്തിന്റെയും ദുരിതങ്ങള്‍ അനുഭവിക്കുന്നുണ്ട്. യുദ്ധത്തില്‍ എല്ലായ്പ്പോഴും നഷ്ടം സംഭവിക്കുന്നത് സ്ത്രീകള്‍ക്കാണ്. ഈ സിനിമയിലും അതുതന്നെയാണ് പറയുന്നത്. അതിന്റേതായ ഇമോഷണല്‍ ബാലന്‍സ് കിട്ടാത്ത പ്രശ്നം എനിക്ക് ഇവിടെയുണ്ടായിരുന്നു. എന്നാല്‍ ഇത്തരം സാഹചര്യങ്ങള്‍ അനുഭവിക്കേണ്ടി വന്നാല്‍ എങ്ങനെ പെരുമാറുമോ അങ്ങനെ പെരുമാറാന്‍ മരിന എനിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. പല രംഗങ്ങളിലും വൈകാരികമായി ഞാൻ അടിയില്‍ പോകുകയും ചെയ്തു. 

സത്യത്തില്‍ എന്റെ ആ പെര്‍ഫോമൻസിന് നന്ദി പറയേണ്ടത് സംവിധായികയോടാണ്. കാരണം, അവരെന്നെ വളരെ വിദഗ്ധമായി ഒരു ഉപകരണമെന്ന നിലയില്‍ ഉപയോഗിച്ചു. അവരെന്നെ കണ്ടെത്തുകയും കൈകാര്യം ചെയ്യുകയും ചെയ്തതിന് നന്ദി.
Eng­lish Sum­mery: Oksana Cherkashy­na of the Movie Klondike in IFFK 2022 Speaks About Her Expe­ri­ence of the Preg­nant Lady Role
You May Also Like This Video

Exit mobile version