Site iconSite icon Janayugom Online

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഒമിക്രോൺ കാഷ്വാലിറ്റി തുറന്നു

ജനറൽ ആശുപത്രിയിൽ ഒമിക്രോൺ കാഷ്വാലിറ്റി തുറന്നു. രണ്ട്‌ നഴ്സുമാരെ ജോലിക്കായി ക്രമീകരിച്ചിട്ടുണ്ട്. മുമ്പ് കോവിഡിനായി ഒരുക്കിയ കോവിഡ് ട്രയാജിൽ തന്നെയാണ് ഒമിക്രോൺ കാഷ്വാലിറ്റിയും പ്രവർത്തിക്കുന്നത്. നിലവിൽ ജില്ലയിൽ വിദേശത്തുനിന്നും എത്തിയ ഒരാൾക്ക് മാത്രമാണ് പുതിയ വകഭേദം സ്ഥിരീകരിച്ചിരിക്കുന്നത്. നൈജീരിയയിൽനിന്നും എത്തിയ ഇരവിപേരൂർ സ്വദേശിക്കാണ് രോഗം. അദ്ദേഹത്തെ ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് നിരീക്ഷണത്തിലാക്കി. ഇയാളുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ വരുന്ന ഓട്ടോറിക്ഷാ ഡ്രൈവർ ഉൾപ്പെടെയുള്ളവർ വീടുകളിൽ ക്വാറന്റീനിലാണ്. ഇവിടെ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള നീക്കത്തിലാണ് പഞ്ചായത്ത് അധികൃതർ. ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾക്കനുസരിച്ചാവും തീരുമാനമെടുക്കുന്നത്.
ഒമിക്രോൺ കേസുകൾ വർധിച്ചാൽ വാർഡും ക്രമീകരിച്ചേക്കും. പുതുവത്സര ആഘോഷത്തിനും ശേഷം ജില്ലയിൽ കൊവിഡ്, ഒമിക്രോൺ കേസുകൾ വർധിക്കുമോയെന്ന് ആരോഗ്യവകുപ്പിന് ആശങ്കയുണ്ട്. വിദേശത്ത് നിന്നെത്തുന്നവർ സാമൂഹിക ഇടപെടലുകൾ, ആൾക്കൂട്ടങ്ങളുള്ള സ്ഥലങ്ങൾ, തിയേറ്ററുകൾ, ഷോപ്പിങ്‌ മാളുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ സന്ദർശനം നടത്തരുതെന്ന് ആരോഗ്യ വകുപ്പിന്റെ കർശന നിർദേശമുണ്ട്. വിവാഹം, മരണം, പൊതുചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കുന്നത് ഒഴിവാക്കണം.

Eng­lish Sum­ma­ry: Omi­cron Casu­al­ty opens at Pathanamthit­ta Gen­er­al Hospital
You may like this video also

Exit mobile version