Site iconSite icon Janayugom Online

ഡല്‍ഹിയില്‍ ഒമിക്രോണ്‍ സമൂഹവ്യാപനം; ഭൂരിഭാഗം രോഗികള്‍ക്കും വിദേശയാത്രാ പശ്ചാത്തലമില്ല

ഡല്‍ഹിയില്‍ ഒമിക്രോണ്‍ വകഭേദത്തിന്റെ സമൂഹവ്യാപനം നടന്നതായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്റ് ബിലിയറി സര്‍വീസസിന്റെ പഠനം. ഒമിക്രോണ്‍ ബാധിച്ച ഭൂരിഭാഗം രോഗികള്‍ക്കും വിദേശയാത്രാ പശ്ചാത്തലമില്ലെന്നും പ്രധാന തെളിവായി പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. 264 കേസുകളില്‍ 73.1 ശതമാനം ഒമിക്രോണ്‍ വകഭേദമാണെന്ന് ഗവേഷണത്തില്‍ കണ്ടെത്തി. ഇതില്‍ 68.9 ശതമാനം ഡെല്‍റ്റയും 31.06 ശതമാനം ഡെല്‍റ്റയുടെ ഉപവകഭേദങ്ങളുമാണെന്നുമാണ് തിരിച്ചറിഞ്ഞി‍ട്ടുള്ളത്. ഒമിക്രോണ്‍ കേസുകളിലെ 50 ശതമാനവും രോഗലക്ഷണങ്ങളും ആശുപത്രി പരിചരണം ആവശ്യമില്ലാത്തതുമാണെന്നും പഠനത്തില്‍ പറയുന്നു.

നവംബര്‍ 25 മുതല്‍ ഡിസംബര്‍ 23 വരെയുള്ള ‍ഡല്‍ഹിയിലെ അഞ്ച് ജില്ലകളില്‍ നിന്നുള്ള പോസീറ്റിവ് കേസുകളുടെ സാമ്പിളുകളില്‍ ജനിതക ശ്രേണീകരണം നടത്തിയിരുന്നു. രോഗബാധിതരുടെ യാത്രാവിവരങ്ങളും ആരോഗ്യവിവരങ്ങളും ശേഖരിച്ച് വിശകലനം നടത്തിയതില്‍ നിന്നുമാണ് സമൂഹവ്യാപനം നടന്നതായി വ്യക്തമായതെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. 264 കേസുകളില്‍ 87.8 ശതമാനമാണ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചിട്ടുള്ളത്. 39.1 ശതമാനത്തിനു മാത്രമാണ് സമ്പര്‍ക്കമോ യാത്രാ പശ്ചാത്തലമോ ഉള്ളത്. ബാക്കിയുള്ള 60.9 ശതമാനത്തിനും സമൂഹവ്യാപനം വഴിയാണ് രോഗബാധയുണ്ടായത്. ഭൂരിഭാഗം ഒമിക്രോണ്‍ കേസുകളും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവയാണ്. ഇത് വ്യാപനത്തോത് വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.

സ്വാഭാവിക രോഗപ്രതിരോധ ശേഷിയേയും വാക്സിനില്‍ നിന്നുണ്ടാകുന്ന പ്രതിരോധശേഷിയേയും മറികടക്കാന്‍ ഒമിക്രോണിനാകും. രോഗബാധിതരില്‍ 56 ശതമാനം പേര്‍ കോവിഷീല്‍ഡും 12 ശതമാനം കോവാക്സിനും 11 ശതമാനം ഫെെസറും നാല് ശതമാനം മൊഡേണയും സ്ഫുട്നികും ഒരു ശതമാനം പേര്‍ ജെ ആന്റ് ജെ വാക്സിനും സ്വീകരിച്ചവരാണെന്നും പഠനത്തില്‍ പറയുന്നു. ഇന്ത്യയില്‍ ഒമിക്രോണിന്റെ സമൂഹവ്യാപനം നടന്നതിന് തെളിവുകള്‍ നല്‍കിയ ആദ്യ പഠനമാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്റ് ബിലിയറി സര്‍വീസസിന്റേത്.

eng­lish sum­ma­ry; Omi­cron com­mu­ni­ty expan­sion in Delhi

you may also like this video;

Exit mobile version