Site iconSite icon Janayugom Online

ഇന്ത്യയിലെ ഒമിക്രോണ്‍ രോഗബാധിതന്‍ ഡോക്ടര്‍: സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ക്ക് കോവിഡ് പോസിറ്റീവ്

omicronomicron

കര്‍ണാടകയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച രണ്ടുപേരില്‍ ഒരാള്‍ ഡോക്ടറെന്ന് സ്ഥിരീകരണം. ഇദ്ദേഹത്തിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട അഞ്ചുപേര്‍ക്ക് കോവിഡ് പോസിറ്റീവാണ്. ഇവരെ ഐസൊലേറ്റ് ചെയ്യുകയും സാമ്പിളുകള്‍ പരിശോധനയ്ക്കായി അയക്കുകയും ചെയ്‌തതായി കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു. ഇദ്ദേഹം രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നവംബര്‍ 21ന് പനിയും ശരീരവേദനയും അനുഭവപ്പെട്ടതിനുപിന്നാലെ നടത്തിയ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ സാമ്പിളുകള്‍ അന്നു തന്നെ ജനിതക ശ്രേണീകരണത്തിന് അയച്ചു. തുടര്‍ന്ന് മൂന്നുദിവസത്തിനു ശേഷം ഇദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. ഇദ്ദേഹത്തിന്റെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ 13 പേരുണ്ടെന്നും ദ്വിതീയ സമ്പര്‍ക്കപ്പട്ടികയില്‍ 250‑ല്‍ അധികം പേരുമുണ്ടെന്നും കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു.

ഒമിക്രോണ്‍ സ്ഥിരീകരിച്ച രണ്ടാമന്‍ 66 വയസ്സുള്ള ദക്ഷിണാഫ്രിക്കന്‍ പൗരനാണ്. കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ടുമായാണ് ഇദ്ദേഹം ഇന്ത്യയിലെത്തിയത്. കോവിഡ് വാക്‌സിന്റെ രണ്ടു ഡോസും ഇദ്ദേഹം സ്വീകരിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യയിലെത്തിയതിനു പിന്നലെ നടത്തിയ പരിശോധനയില്‍ പോസിറ്റീവ് ആണെന്ന് കണ്ടെത്തി. ഇദ്ദേഹത്തിന് ലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുന്നു. തുടര്‍ന്ന് സെല്‍ഫ് ഐസൊലേഷന് നിര്‍ദേശിക്കുകയും ചെയ്തു. ഒരാഴ്ചയ്ക്കു ശേഷം ഇദ്ദേഹം ഒരു സ്വകാര്യ ലാബില്‍ പരിശോധന നടത്തിയപ്പോള്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. തുടര്‍ന്ന് ഇദ്ദേഹം ദുബായിലേക്ക് പോയി. ദക്ഷിണാഫ്രിക്കന്‍ പൗരന്റെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 24 പേരുടെയും ദ്വിതീയ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 240 പേരുടെയും പരിശോധനാഫലം നെഗറ്റീവ് ആണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

Eng­lish Sum­ma­ry: Omi­cron con­firmed in doc­tor in India: covid Pos­i­tive for Con­tact Lists

You may like this video also

Exit mobile version