Site iconSite icon Janayugom Online

കേരളത്തിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു

omicronomicron

സംസ്ഥാനത്ത് ഒമിക്രോൺ സ്ഥിരീകരിച്ചു. യുകെയിൽ നിന്നെത്തിയ 39 വയസുള്ള എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യനില തൃപ്തികരമാണ്. കളമശേരി മെഡിക്കൽ കോളജിൽ പ്രത്യേകം തയാറാക്കിയ ഐസൊലേഷൻ വാർഡിലാണ് ഇയാൾ ചികിത്സയിലുള്ളത്. ഡിസംബർ ആറിനാണ് ഇയാൾ അബുദാബി വഴി കൊച്ചിയിലെത്തിയത്. തുടർന്ന് കോവിഡ് പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവായിരുന്നു. പിന്നീട് എട്ടാം തീയതി നടത്തിയ പരിശോധനയിൽ കോവിഡ് ബാധിതനെന്ന് തെളിഞ്ഞു. തുടർ പരിശോധനകൾക്ക് സാമ്പിൾ അയച്ചിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയാണ് ഒമിക്രോൺ പോസിറ്റീവാണെന്ന് തെളിഞ്ഞത്. ഒമിക്രോൺ സ്ഥിരീകരിച്ച വ്യക്തി രണ്ട് പേരുമായി മാത്രമാണ് നേരിട്ട് സമ്പർക്കം പുലർത്തിയത്. അത് ഭാര്യയും ഭാര്യാമാതാവുമാണ്. ഇരുവർക്കും കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. ഇവരും കളമശേരി മെഡിക്കൽ കോളജിൽ പ്രത്യേക നിരീക്ഷണത്തിലാണ്.

ഒമിക്രോൺ പരിശോധനകൾക്കായി ഇവരുടെ സ്രവ സാമ്പിളുകളും അയച്ചിട്ടുണ്ട്. ഇയാൾ എത്തിയ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം ഇവർ സ്വയം ക്വാറന്റൈനിലാണ് ഇപ്പോള്‍. ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ മേൽനോട്ടത്തിലായിരിക്കും ക്വാറന്റൈൻ അടക്കമുള്ള ഇവരുടെ തുടർനടപടികൾ. സമ്പർക്കത്തിലെത്തിയ എല്ലാവരെയും ആർടിപിസിആർ ടെസ്റ്റിന് വിധേയമാക്കും. ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസർക്കാരിന്റെ മാർഗനിർദ്ദേശപ്രകാരം യുകെയെ റിസ്ക് രാജ്യങ്ങളുടെ പട്ടികയിലാണ് പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ യുകെ അടക്കമുള്ള രാജ്യങ്ങളിൽ നിന്നെത്തിയവരെയെല്ലാം കർശന നിരീക്ഷണത്തിലാക്കുകയും ക്വാറന്റൈൻ ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. സംസ്ഥാനത്തും രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കനത്ത ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇക്കാര്യത്തിൽ കൂടുതൽ നിർദ്ദേശങ്ങൾ ഇന്നുണ്ടായേക്കും.

Eng­lish Sum­ma­ry: Omi­cron has also been con­firmed in Kerala

You may like this video also;

Exit mobile version