രാജ്യത്തെ വന്‍ നഗരങ്ങളില്‍ കോവിഡ് ഒമിക്രോണ്‍ വകഭേദത്തിന്റെ സമൂഹവ്യാപനമെന്ന് ആശങ്ക. ഡെല്‍റ്റയെ മറികടന്ന് ഒമിക്രോണ്‍ ഇന്ത്യയില്‍ മേല്‍ക്കൈ നേടിയതായും പുതിയ പഠനം.
23 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 1270 ഒമിക്രോണ്‍ ബാധിതരാണുള്ളത്. മഹാരാഷ്ട്രയിൽ 450 പേര്‍ക്കും ഡല്‍ഹിയില്‍ 320 പേര്‍ക്കും ഒമിക്രോണ്‍ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ ആദ്യ ഒമിക്രോൺ മരണം കഴിഞ്ഞ ദിവസം ഉണ്ടായിരുന്നു. വ്യാപനം ശക്തമായതോടെ വിവിധ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. യാത്രാപശ്ചാത്തലമുള്ള പുതിയ കോവിഡ് ബാധിതരില്‍ 80 ശതമാനം പേര്‍ക്കും ഒമിക്രോണാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഒമിക്രോണിന് ഡെല്‍റ്റ വകഭേദത്തേക്കാള്‍ വ്യാപനം കൂടുമെന്നാണ് ഇതുവരെയുള്ള വിലയിരുത്തലുകള്‍. രോഗബാധിതരില്‍ മൂന്നിലൊരു ഭാഗത്തിന് മാത്രമാണ് ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ബാക്കിയുള്ളവരില്‍ രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല.
പ്രതിവാര കേസുകളുടെ എണ്ണവും പോസിറ്റിവിറ്റി നിരക്കും കണക്കിലെടുത്താല്‍ മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത്, പശ്ചിമ ബംഗാള്‍, കര്‍ണാടക, തമിഴ്‌നാട് എന്നീ ആറ് സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകള്‍ ഉയരുന്നത്. മുംബൈ, പൂനെ, താനെ, ബംഗളുരു, ചെന്നൈ, മുംബൈ, ഗുരുഗ്രാം, അഹമ്മദാബാദ്, നാസിക് എന്നീ ഒമ്പത് നഗരങ്ങളും കോവിഡ് വ്യാപനത്തിന്റെ പട്ടികയിലുണ്ട്.
ഇതുംകൂടി വായിക്കാം;രാജ്യത്ത് ആദ്യ ഒമിക്രോണ്‍ മരണം
മുംബൈയും ഡല്‍ഹിയുമാണ് സമൂഹവ്യാപനത്തിന്റെ സൂചന നല്‍കുന്നത്. ഡല്‍ഹിയില്‍ ഡിസംബര്‍ 12 ന് ശേഷം സ്ഥിരീകരിച്ച കേസുകളുടെ 50 ശതമാനവും ഒമിക്രോണ്‍ വകഭേദമാണ്. ഇതോടെ മെട്രോ നഗരങ്ങളില്‍ നിന്നുള്ള മുഴുവന്‍ സാമ്പിളുകളും ജനിതക ശ്രേണീകരണത്തിന് വിധേയമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മുംബൈയില്‍ 5,428 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 47 ശതമാനം വര്‍ധനവാണിത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയില്‍ 8,067 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ 50 ശതമാനം വര്‍ധനവാണിത്. ഒമിക്രോണ്‍ സ്ഥിരീകരിച്ച പ്രദേശവാസികളില്‍ 37 ശതമാനവും യാത്ര ചെയ്തവരോ സമ്പര്‍ക്കമുള്ളവരോ ആയിരുന്നില്ല.
കഴിഞ്ഞ 24 മണിക്കൂറിനിടെ 16,700 പേര്‍ക്കാണ് രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 27 ശതമാനം വര്‍ധന രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ 220 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 4,81,080 ആയി.ഡല്‍ഹിയില്‍ ഏഴ് മാസത്തിനിടെയുള്ള ഏറ്റവും കൂടിയ വ്യാപനമാണ് രേഖപ്പെടുത്തിയത്. 1313 കേസുകള്‍. മുംബൈയിലെ കേസുകളില്‍ ഒരുദിവസംകൊണ്ട് 47 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. ഇന്നലെ 5,428 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ മുംബൈയിലെ സജീവ രോഗികളുടെ എണ്ണം 16,441 ആയി ഉയര്‍ന്നു. മഹാരാഷ്ട്ര സംസ്ഥാനത്താകെ 50 ശതമാനം വര്‍ധനയില്‍ 8067 കേസുകളും രേഖപ്പെടുത്തി.
പരിശോധന കൂട്ടണം: കേന്ദ്രം
ഒമിക്രോണ്‍ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം.പനി, ജലദോഷം, തൊണ്ടവേദന, മണവും രുചിയും നഷ്ടപ്പെടുക, ക്ഷീണം, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ പരിശോധന നടത്തുകയും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുകയും വേണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശത്തില്‍ പറയുന്നു.
ലോകമെമ്പാടും പടര്‍ന്നു പിടിക്കുന്ന ഒമിക്രോണ്‍ വകഭേദത്തിന് വ്യാപനശേഷി കൂടുതലും രോഗലക്ഷണങ്ങള്‍ കുറവുമാണ് അനുഭവപ്പെടുന്നത്.രോഗലക്ഷണങ്ങള്‍ പ്രകടമാകുമ്പോള്‍ തന്നെ മറ്റുള്ളവരില്‍ നിന്ന് അകലം പാലിക്കുന്നത് കോവിഡ് വ്യാപനത്തെ പ്രതിരോധിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
english summary; omicron marks Community expansion in metro cities
you may also like this video;