Site iconSite icon Janayugom Online

ഒമിക്രോണ്‍ ഓര്‍മപ്പെടുത്തുന്നത് ജാഗ്രത തുടരണമെന്ന്

രണ്ടുവര്‍ഷമായി ലോകത്തെ പേടിപ്പെടുത്തിക്കൊണ്ട് നിലനില്ക്കുന്ന കോവിഡിന്റെ പുതിയ ഒമിക്രോണ്‍ വകഭേദത്തെ കുറിച്ച് ഇതുവരെ അന്തിമ നിഗമനങ്ങളിലെത്താനായിട്ടില്ല. എങ്കിലും മുമ്പ് കണ്ടെത്തപ്പെട്ട വകഭേദങ്ങളെക്കാള്‍ വ്യാപനതോത് ഉയര്‍ന്നതാണെന്ന ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) യുടെ മുന്നറിയിപ്പ് കഴിഞ്ഞ ദിവസം എത്തിയിട്ടുണ്ട്. ഡെല്‍റ്റ വകഭേദത്തേക്കാള്‍ വേഗത്തിൽ വ്യാപിക്കുമെന്നതുമാത്രമല്ല നിലവിലുള്ള വാക്സിനുകൾക്ക് പ്രതിരോധിക്കാൻ സാധിച്ചേക്കില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നുണ്ട്. ഈ വര്‍ഷം ആദ്യം തിരിച്ചറിഞ്ഞ കോവിഡിന്റെ ഡെല്‍റ്റ വകഭേദമായിരുന്നു രണ്ടാം തരംഗത്തിലേയ്ക്ക് നയിക്കാനിടയാക്കിയത്. ഇപ്പോള്‍ ലോകത്തെ മിക്ക രോഗബാധയ്ക്കും കാരണമായതും ഡെല്‍റ്റ വകഭേദമായിരുന്നു. 63 രാജ്യങ്ങളിലാണ് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുള്ളത്. വ്യാപനശേഷി കൂടുതലാണെങ്കിലും ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്കു കാരണമാകില്ലെന്ന വിശദീകരണം അല്പം ആശ്വാസത്തിന് വക നല്കുന്നുണ്ട്. എന്നാല്‍ ഒമിക്രോണ്‍ മൂലമുള്ള ആദ്യമരണ വാര്‍ത്ത ബ്രിട്ടനില്‍ നിന്ന് എത്തുകയും ചെയ്തിട്ടുണ്ട്. പല രാജ്യങ്ങളിലും ഒമിക്രോണ്‍ സംബന്ധിച്ച നിരീക്ഷണങ്ങളും പഠനങ്ങളും ആദ്യഘട്ടത്തിലാണ്. യൂറോപ്പില്‍ ആദ്യമായി സ്ഥിരീകരിച്ചുവെന്ന് പിന്നീട് വെളിപ്പെടുത്തലുകളുണ്ടായെങ്കിലും ദക്ഷിണാഫ്രിക്കയാണ് ഉറവിടമെന്നാണ് പൊതുനിഗമനം. ദക്ഷിണാഫ്രിക്കന്‍ ആരോഗ്യ വിദഗ്ധരും പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്തി ചില മുന്നറിയിപ്പുകള്‍ നല്കിയിട്ടുണ്ട്. മാരകമല്ലെങ്കിലും വ്യാപനതോത് തന്നെയാണ് വില്ലനാവുകയെന്നാണ് അവരുടെയും അഭിപ്രായം. വാക്സിന്റെ ശേഷിയെ പോലും ചിലപ്പോള്‍ മറികടന്നേക്കാമെന്ന പഠന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസവും പുറത്തുവന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ രണ്ട് ഡോസ് വാക്സിനെടുത്തവരിലും മുമ്പ് രോഗബാധയുണ്ടായവരിലും ഒമിക്രോണ്‍ പിടിപെടാന്‍ സാധ്യതയുണ്ടെന്നാണ് ഓക്സ്ഫഡ് സര്‍വകലാശാലയുടെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. സിങ്കപ്പൂരില്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ച രണ്ടുപേരില്‍ ഒമിക്രോണ്‍ ബാധയുണ്ടായെന്ന വാര്‍ത്തയും വന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ഒമിക്രോണിനെ ജാഗ്രതയോടെ സമീപിക്കേണ്ട രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഇന്നലെ വൈകിട്ടോടെ രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 49 ആയി ഉയര്‍ന്നിട്ടുണ്ട്. രണ്ടാഴ്ചകൊണ്ടാണ് ഇത്രയും രോഗികളുണ്ടായതെങ്കിലും വ്യാപനതോത് കൂടുതലാണെന്ന മുന്നറിയിപ്പ് ആശങ്കയോടെയും അതോടൊപ്പം ജാഗ്രതയോടെയും കാണേണ്ടതുണ്ട്.


ഇതുകൂടി വായിക്കാം; പുതിയ കോവിഡ് വ്യാപനം: ജാഗ്രത പാലിക്കണമെന്ന് ഐഎംഎ


ഒന്നും രണ്ടും കോവിഡ് തരംഗത്തിനു ശേഷവും നിഷ്കര്‍ഷിക്കപ്പെടുന്ന മാനദണ്ഡങ്ങള്‍ പിന്തുടരുന്നതിലുള്ള ഉദാസീനതയും ഗൗരവമുള്ളതാണ്. പൊതുസ്ഥലങ്ങളില്‍ മുഖാവരണം, സാമൂഹ്യ അകലം, ശുചിത്വം എന്നിവ ജീവിതത്തിന്റെ നിഷ്ഠകളില്‍ നിന്ന് അകന്നുപോയോ എന്ന് സംശയിക്കാവുന്നതാണ്. ഒമിക്രോണ്‍ ബാധ ഉണ്ടായപ്പോള്‍ ബൂസ്റ്റര്‍ ഡോസിന്റെ ശേഷിയെ കുറിച്ച് വിദഗ്ധര്‍ സംശയം ഉന്നയിച്ച സാഹചര്യത്തില്‍ രണ്ടു ഡോസ് വാക്സിനേഷന്‍ പോലും അനിശ്ചിതമായി തുടരുന്നതും ഇന്ത്യയുടെ ആശങ്കയുടെ കാരണങ്ങളില്‍ ഒന്നാണ്. ബൂസ്റ്റര്‍ ഡോസല്ല സമ്പൂര്‍ണ വാക്സിനേഷനാണ് ആദ്യം വേണ്ടതെന്ന് കഴിഞ്ഞ ദിവസം ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) വ്യക്തമാക്കിയിട്ടുണ്ട്. ജനസംഖ്യയിലെ 80 ശതമാനത്തിനെങ്കിലും സമ്പൂര്‍ണ വാക്സിനേഷന്‍ ഉറപ്പുവരുത്തുകയാണ് ആദ്യം ചെയ്യേണ്ടതെന്നാണ് ഐസിഎംആര്‍ ഗവേഷണ വിഭാഗം മേധാവി ഡോ. സമീരന്‍ പാണ്ഡെ പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ജനുവരിയില്‍ ആരംഭിച്ചുവെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ അവ്യക്തവും മാറിമറിഞ്ഞതുമായ നയം കാരണം ഒരു വര്‍ഷമാകാറായിട്ടും അര്‍ഹരായ പകുതി പേര്‍ക്കുപോലും സമ്പൂര്‍ണ വാക്സിനേഷന്‍ ലഭ്യമാക്കാനായിട്ടില്ല. നൂറുകോടി ഡോസ്, 140 കോടി ഡോസ് എന്നൊക്കെയുള്ള പ്രചരണ കോലാഹലങ്ങള്‍ നടത്തുന്നുവെങ്കിലും 37.5 ശതമാനത്തോളം പേര്‍ക്കു മാത്രമാണ് ഇതുവരെ രണ്ട് ഡോസ് വാക്സിനും ലഭ്യമായിട്ടുള്ളത്. കേരളം പോലുള്ള അപൂര്‍വം സംസ്ഥാനങ്ങളില്‍ മാത്രമാണ് വാക്സിനേഷന്‍ 70 ശതമാനത്തിനടുത്തെത്തിയിരിക്കുന്നത്. പല സംസ്ഥാനങ്ങളിലും ദേശീയ ശരാശരിയെക്കാള്‍ കുറവാണ് വാക്സിനേഷന്‍ നിരക്ക്. രണ്ടാം തരംഗത്തില്‍ വന്‍ തോതില്‍ രോഗബാധയുണ്ടായതും വാക്സിനേഷന്റെ കാര്യത്തില്‍ ആദ്യഘട്ടത്തില്‍ കൊട്ടിഘോഷിക്കപ്പെട്ടതുമായ ഉത്തര്‍പ്രദേശ്, ബീഹാര്‍, ചത്തീസ്‍ഗഢ്, ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇപ്പോള്‍ വളരെ പിറകിലാണെന്നാണ് കണക്കുകള്‍. ഈ നിലയില്‍ പോയാല്‍ പ്രായപൂര്‍ത്തിയായ മുഴുവന്‍ പേര്‍ക്കും രണ്ടു ഡോസ് വാക്സിന്‍ എന്ന ലക്ഷ്യം കൈവരിക്കണമെങ്കില്‍ ഇനിയും മാസങ്ങള്‍ പലതു വേണ്ടിവരുമെന്നതാണ് രാജ്യത്തെ സ്ഥിതി. അതുകൊണ്ടുകൂടിയാണ് അടുത്ത ഫെബ്രുവരിയില്‍ മൂന്നാംതരംഗം സംഭവിച്ചേക്കാമെന്ന മുന്നറിയിപ്പ് ചില കോണുകളില്‍ നിന്നെങ്കിലും ഉണ്ടായിരിക്കുന്നത്. അങ്ങനെയൊരു സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ വാക്സിനേഷന്‍ കാര്യത്തില്‍ കുറ്റകരമായ അനാസ്ഥ കാട്ടിയ കേന്ദ്ര സര്‍ക്കാരിനെ തന്നെ പ്രതിസ്ഥാനത്തു നിര്‍ത്തേണ്ടിവരുമെന്നതില്‍ സംശയമില്ല.

You may also like this video;

Exit mobile version