മൂന്ന് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ നടന്ന ദിവസമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിയമനം സംബന്ധിച്ച് ചരിത്രപരവും നിര്‍ണായകവുമായ വിധിപ്രസ്താവം സുപ്രീം കോടതിയില്‍ നിന്നുണ്ടായിരിക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍, കമ്മിഷണര്‍മാര്‍ എന്നിവരെ നിയമിക്കുന്നതില്‍ നിലവിലുള്ള രീതി അവസാനിപ്പിക്കണമെന്നാണ് ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനും അജയ് റസ്തോഗി, അനിരുദ്ധ ബോസ്, ഹൃഷികേശ് റോയ്, സി ടി രവികുമാര്‍ എന്നിവര്‍ അംഗങ്ങളുമായ ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. എക്സിക്യൂട്ടീവ് മാത്രം നടത്തേണ്ട പ്രക്രിയ അല്ല ഇതെന്ന് വ്യക്തമാക്കിയ പരമോന്നത കോടതി, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് (അല്ലെങ്കില്‍ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയുടെ പ്രതിനിധി), ചീഫ് ജസ്റ്റിസ് എന്നിവരടങ്ങിയ സമിതിയുടെ ഉപദേശ പ്രകാരം രാഷ്ട്രപതി നിയമനം നടത്തണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. നിശിതമായ അഭിപ്രായങ്ങളാണ് സുപ്രീം കോടതി ഇതുസംബന്ധിച്ച് നടത്തിയത്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ സ്വതന്ത്രമായിരിക്കണം, സ്വതന്ത്രമെന്ന് അവകാശപ്പെടുകയും ശരിയല്ലാത്ത നടപടികള്‍ സ്വീകരിക്കുകയും ചെയ്യരുത്, ജനാധിപത്യം ജയിക്കണമെങ്കില്‍ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കണമെന്നും അതിന് ബന്ധപ്പെട്ട എല്ലാവരും ഒരുപോലെ പ്രവര്‍ത്തിക്കണമെന്നും അല്ലെങ്കില്‍ വലിയ ദുരന്തങ്ങളാണുണ്ടാകുക എന്നും ബെഞ്ച് അഭിപ്രായപ്പെട്ടിട്ടുണ്ട്.
നിയമവാഴ്ച ഉറപ്പുനൽകാത്ത തെരഞ്ഞെടുപ്പ് കമ്മിഷൻ ജനാധിപത്യത്തിന് എതിരാണ്. നിയമവിരുദ്ധമായോ ഭരണഘടനാ വിരുദ്ധമായോ അവ അധികാരം പ്രയോഗിച്ചാൽ, ഫലങ്ങളിൽ സ്വാധീനം ചെലുത്താനിടയാക്കും. ഭരണകൂടത്തോട് വിധേയത്വമുള്ള ഒരു വ്യക്തിക്ക് സ്വതന്ത്രമായ മാനസികാവസ്ഥ ഉണ്ടാകുവാനിടയില്ല. അതേസമയം സ്വതന്ത്രനായ ഒരു വ്യക്തി അധികാരത്തിലുള്ളവർക്ക് അടിമയാകുകയുമില്ല. അതുകൊണ്ട് എക്സിക്യൂട്ടീവിന്റെ നടപടിക്രമങ്ങളിലൂടെ തെരഞ്ഞെടുപ്പ് കമ്മിഷനെ നിയമിക്കുന്ന രീതി അവസാനിപ്പിക്കണം. എന്നിങ്ങനെയുള്ള സുപ്രധാനമായ നിരീക്ഷണങ്ങളും കോടതിയുടെ ഭാഗത്തുനിന്നുണ്ടായി. തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിലവിലുള്ള നിയമനരീതി അതാതു കാലത്തെ ഭരണസംവിധാനത്തോട് വിധേയത്വമുണ്ടാകുന്നതാണെന്നും പലപ്പോഴും കമ്മിഷണര്‍മാരില്‍ നിന്ന് പക്ഷപാതപരമായ സമീപനങ്ങളുണ്ടാകുന്നുവെന്നും നിരവധി ആക്ഷേപങ്ങള്‍ ഉണ്ടായിരുന്നു. അക്കാര്യത്തില്‍ കേന്ദ്ര ഭരണത്തില്‍ ആരാണ് എന്ന വ്യത്യാസമുണ്ടായിരുന്നില്ല. പക്ഷേ 2014ല്‍ ബിജെപി അധികാരത്തിലെത്തിയതോടെ കൂടുതല്‍ പക്ഷപാതപരമായി എന്നത് വസ്തുതയാണ്. എത്രയോ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടുവാനുണ്ട്.
ഇതുകൂടി വായിക്കൂ: റായ്‌പൂര്‍ നല്കിയിട്ടില്ലാത്ത ഉത്തരങ്ങള്‍
ഏറ്റവും ഒടുവില്‍ കഴിഞ്ഞയാഴ്ചയാണ് മഹാരാഷ്ട്രയിലെ ശിവസേനയുടെ അംഗീകാരം സംബന്ധിച്ച തര്‍ക്കത്തില്‍ ബിജെപിക്കൊപ്പം നില്ക്കുന്ന ഏകനാഥ് ഷിന്‍ഡെയുടെ വിഭാഗത്തിന് അനുകൂലമായ തീരുമാനം കമ്മിഷന്‍ കൈക്കൊണ്ടത്. നിയമവിരുദ്ധവും പക്ഷപാതപരവുമെന്ന് വ്യക്തമാകുന്ന തീരുമാനമായിരുന്നു കമ്മിഷന്റെ ഭാഗത്തുനിന്നുണ്ടായത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി അധ്യക്ഷനായിരുന്ന അമിത് ഷായും പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന പരാതിയില്‍ ഏകപക്ഷീയമായ തീരുമാനമുണ്ടായതും വിവാദമായതാണ്. ഭൂരിപക്ഷ തീരുമാനത്തോട് യോജിക്കാതിരുന്ന കമ്മിഷണര്‍ അശോക് ലവാസയുടെ കുടുംബാംഗങ്ങള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികളുടെ നടപടിയാരംഭിക്കുകയുമുണ്ടായി. കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് ലവാസ സ്ഥാനമൊഴിയുകയായിരുന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ സ്വതന്ത്രമായ പ്രവര്‍ത്തനം ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലെത്തിയത്. നേരത്തെ വാദത്തിനിടയില്‍ തന്നെ നിലവിലുള്ള രീതികള്‍ സുപ്രീം കോടതി നിശിതമായി വിമര്‍ശിച്ചിരുന്നതാണ്. കഴിഞ്ഞ നവംബര്‍ 23ന് ഹര്‍ജി പരിഗണിച്ച ബെഞ്ച് രൂക്ഷമായ ഭാഷയിലാണ് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചത്.
സെക്രട്ടറിതല ഉദ്യോഗസ്ഥനായിരുന്ന അരുണ്‍ ഗോയലിനെ, സ്വയം വിരമിക്കല്‍ പദ്ധതിക്ക് അനുമതി നല്‍കിയതിന്റെ തൊട്ടടുത്ത ദിവസം തെരഞ്ഞെടുപ്പ് കമ്മിഷണറാക്കിയ നടപടിക്ക് പിന്നില്‍ കപടതന്ത്രങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അറിയണമെന്ന് അന്ന് ചോദ്യമുന്നയിച്ച ഭരണഘടനാ ബെഞ്ച് ഗോയലിന്റെ നിയമനം ഒഴിവാക്കാമായിരുന്നുവെന്നും നിരീക്ഷിച്ചിരുന്നു. സര്‍ക്കാര്‍ നിയമിക്കുന്ന തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍ ആവശ്യമായി വന്നാല്‍ പ്രധാനമന്ത്രിക്കുനേരെ നടപടിയെടുക്കാന്‍ തയാറാകുമോ എന്നും കോടതി അന്ന് ആരാഞ്ഞിരുന്നതാണ്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിയമത്തിന് കീഴില്‍ നിര്‍ദേശിച്ചിട്ടുള്ള കമ്മിഷണര്‍മാരുടെ ആറ് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കാന്‍ 2004ന് ശേഷം മാറിമാറി വന്ന സര്‍ക്കാരുകള്‍ അനുവദിച്ചില്ലെന്ന് ബെഞ്ച് നേരത്തെ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. യഥാര്‍ത്ഥത്തില്‍ ഭരണഘടനാ സ്ഥാപനവും സ്വതന്ത്ര സംവിധാനവുമായ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ അതിന്റെ പവിത്രത നഷ്ടപ്പെടുത്തിയ എത്രയോ ഉദാഹരണങ്ങള്‍ മുന്നിലുള്ളതുകൊണ്ടാണ് പരമോന്നത കോടതിയില്‍ നിന്ന്, നിയമനത്തിനായി പ്രത്യേക സമിതിയുടെ ശുപാര്‍ശയുണ്ടാവണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചിരിക്കുന്നത്. തീര്‍ച്ചയായും രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ സംബന്ധിച്ച് പ്രതീക്ഷയുണ്ടാക്കുന്ന സുപ്രധാന വിധിയാണ് ഇന്നലെ ഭരണഘടനാ ബെഞ്ചില്‍ നിന്നുണ്ടായിരിക്കുന്നത്.