Site iconSite icon Janayugom Online

ഓണക്കിറ്റ് വിതരണം 32 ലക്ഷം കവിഞ്ഞു

ഓണത്തോടനുബന്ധിച്ചു സംസ്ഥാനത്തെ റേഷൻ കാർഡുടമകൾക്ക് ഭക്ഷ്യ‑പൊതുവിതരണ വകുപ്പ് വഴി നൽകുന്ന ഓണക്കിറ്റിന്റെ വിതരണം 32 ലക്ഷം കവിഞ്ഞു. ഓഗസ്റ്റ് 23 മുതൽ 27 വരെ മഞ്ഞ, പിങ്ക് റേഷൻകാർഡുടമകൾക്കായിരുന്നു ഭക്ഷ്യക്കിറ്റ് വിതരണം. ഇന്നലെ മാത്രം 7,18,948 കിറ്റുകൾ വിതരണം ചെയ്തു. 29,30,31 തീയതികളിൽ നീല കാർഡുടമകൾക്കും സെപ്റ്റംബർ ഒന്ന്,രണ്ട്, മൂന്ന് തീയതികളിൽ വെള്ള കാർഡുടമകൾക്കും സൗജന്യ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യും. നിശ്ചയിക്കപ്പെട്ട തീയതികളിൽ കിറ്റ് വാങ്ങാൻ സാധിക്കാത്തവർക്ക് സെപ്റ്റംബർ നാല്, അഞ്ച്, ആറ്, ഏഴ് തീയതികളിൽ കിറ്റ് വാങ്ങാവുന്നതാണെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു.

ഓണത്തോടനുബന്ധിച്ചുള്ള സപ്ലൈകോ മെട്രോ ഫെയറുകൾക്കും തുടക്കമായിട്ടുണ്ട്. തിരുവനന്തപുരത്തെ മെട്രോ ഫെയർ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. എറണാകുളം, കോഴിക്കോട് ജില്ലകളിൽ മെട്രോ ഫെയറുകൾ മന്ത്രിമാരായ പി രാജീവ്, മുഹമ്മദ് റിയാസ് എന്നിവരും കോട്ടയം ജില്ലാ ഫെയർ ഭക്ഷ്യമന്ത്രി ജി ആർ അനിലും ഉദ്ഘാടനം നിർവഹിച്ചു. മറ്റ് ജില്ലാ ആസ്ഥാനങ്ങളിൽ അതത് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാര്‍ ഉദ്ഘാടനം ചെയ്തു. മിൽമ, മീറ്റ് പ്രൊഡക്ട്‌സ് ഓഫ് ഇന്ത്യ, കൈത്തറി ഉല്പന്നങ്ങൾ, ഗ്രാമപ്രദേശങ്ങളിലെ കർഷകർ ഉല്പാദിപ്പിക്കുന്ന നാടൻ പച്ചക്കറികൾ എന്നിവ ഈ ഫെയറുകളിലൂടെ വിതരണത്തിന് സജ്ജമാണ്.

Eng­lish Sum­ma­ry: Onakit dis­tri­b­u­tion crossed 32 lakhs
You may also like this video

Exit mobile version