Site icon Janayugom Online

വിലക്കുറവിൽ ഓണം ആഘോഷിക്കാം; വമ്പന്‍ ഓഫറുകളുമായി സപ്ലൈകോ

ഓണക്കാലത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് ആശ്വാസമായി സപ്ലൈകോ ഓണം ഫെയർ 2023 ന് കട്ടപ്പനയിൽ തുടക്കം. സപ്ലൈകോ ഓണം ഫെസ്റ്റിന്റെ ഭാഗമായി നടത്തുന്ന ജില്ലാതല ഓണം ഫെയർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഏഴ് വർഷക്കാലമായി ഒരു രൂപയുടെ പോലും വിലക്കയറ്റമില്ലാതെ സപ്ലൈകോ വഴി 13 സാധനങ്ങളാണ് സബ്സിഡി ഇനത്തിൽ ഇടതുപക്ഷ സർക്കാർ നൽകിവരുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ആഘോഷ വേളകളിൽ അവശ്യസാധനങ്ങൾക്ക് സപ്ലൈകോ നൽകുന്ന വിലക്കുറവ് ജനങ്ങൾക്ക് ഏറെ സഹായകരമാണെന്നും അദ്ദേഹം പറഞ്ഞു. കട്ടപ്പന മുനിസിപ്പൽ മൈതാനിയിൽ ഒരുക്കിയ ഓണം ഫെയർ ഉദ്ഘാടന പൊതുയോഗത്തിൽ നഗരസഭ ചെയർപേഴ്സൺ ഷൈനി സണ്ണി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ ആന്റണി മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ടി മനോജ് കിറ്റ് നൽകി ആദ്യവിൽപന ആരംഭിച്ചു.

നഗരസഭ വാർഡ് കൗൺസിലർ ജാൻസി ബേബി പച്ചക്കറി സ്റ്റാൾ ഉദ്ഘാടനം ചെയ്തു. ഓഗസ്റ്റ് 19 മുതൽ 28 വരെ രാവിലെ 9 മണി മുതൽ രാത്രി 9 വരെയാണ് ഓണം ഫെയർ സംഘടിപ്പിക്കുന്നത്. ഉത്സവകാല വിപണിയിലെ വിലക്കയറ്റത്തെ പിടിച്ചു നിർത്താനാണ് സപ്ലൈകോ ഓണം ഫെയർ സംഘടിപ്പിക്കുന്നത്. ജില്ലാ ഓണം ഫെയറിനു പുറമെ ആഗസ്റ്റ് 23 മുതൽ 28 വരെ താലൂക് തല ഫെയറുകളും നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള ഫെയറുകളും സംഘടിപ്പിക്കുന്നുണ്ട്. 13 ഇനം സബ്സിഡി സാധനങ്ങൾ ഉൾപ്പെടെ എല്ലാ നിത്യോപയോഗ സാധനങ്ങളും കുറഞ്ഞ വിലയിൽ ഫെയറുകളിൽ ലഭ്യമാകും. ശീതീകരിച്ച ജർമൻ ഹാങ്ങറിലാണ് സ്റ്റാളുകൾ ഒരുക്കിയിരിക്കുന്നത്. നഗരസഭ വാർഡ് കൗൺസിലർമാരായ ബീന ടോമി, ബിന്ദുലത, ഷാജി കുത്തോടിൽ സിഡിഎസ് ചെയർപേഴ്സന്മാരായ ഷൈനി ജിജി, രത്നമ്മ സുരേന്ദ്രൻ, ഇടുക്കി ജില്ലാ സപ്ലൈ ഓഫീസർ വി പി ലീലാകൃഷ്ണൻ, നെടുങ്കണ്ടം സപ്ലൈകോ ഡിപ്പോ മാനേജർ സുരേഷ്കുമാർ എം, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

വിലക്കുറവുമായി സപ്ലൈകോ വമ്പൻ ഓഫറുകളും വിലക്കുറവുമായാണ് ഇത്തവണ സപ്ലൈകോ ഓണം ഫെയർ സംഘടിപ്പിച്ചിരിക്കുന്നത്. നിലവിൽ സപ്ലൈകോ നൽകുന്ന വിലക്കുറവിനേക്കാൾ വിവിധ ഉത്പന്നങ്ങൾക്ക് അഞ്ച് മുതൽ 50 ശതമാനം വരെ വിലക്കുറവ് ലഭിക്കും.
ആന്ധ്ര ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയർ, കടല, തുവര, വൻപയർ, മുളക്, മല്ലി, വെളിച്ചെണ്ണ ഉൾപ്പെടെയുള്ള 13 ഇനം സാധങ്ങൾക്കാണ് സബ്സിഡി നൽകുന്നത്. റേഷൻ കാർഡുമായി എത്തി ഇവ വാങ്ങാം.
സബ്സിഡി സാധനങ്ങൾക്കു പുറമേ വിവിധ നിത്യോപയോഗ സാധനങ്ങൾക്ക് നൽകുന്ന കോംബോ ഓഫറുകളും ഉപഭോക്താക്കൾക്ക് ലഭ്യമാകും. ശബരി മട്ടയരി, ആന്ധ്ര ജയ അരി, പുട്ട് പൊടി, ആട്ട, അപ്പപ്പൊടി എന്നിങ്ങനെ പൊതു വിപണിയിൽ നിന്നും അഞ്ച് രൂപ വിലക്കുറവിൽ അഞ്ച് ഉത്പന്നങ്ങൾ പുതിയതായി സപ്ലൈകോ വിപണിയിൽ ഇറക്കിയിട്ടുണ്ട്. 1000ൽ അധികം ഉൽപന്നങ്ങളാണ് ഫെയറിലുള്ളത്. ഹോർടികോർപ്പിന്റെ പച്ചക്കറി ചന്ത, മിൽമ സ്റ്റാൾ എന്നിവയും ഫെയറിന്റെ ഭാഗമാണ്. 

Eng­lish Summary:Onam can be cel­e­brat­ed cheap­ly; Sup­ply­co with great offers

You may also like this video

Exit mobile version